ADVERTISEMENT

മഡ്രിഡ്∙ സ്പാനിഷ് ലാലിഗയിൽ കൂടുതൽ താരങ്ങളിലേക്ക് കോവിഡ് വ്യാപിക്കുന്നു. ബാർസിലോന, റയൽ മഡ്രിഡ് ടീമുകളിലെ താരങ്ങൾക്കു പിന്നാലെ അത്‍ലറ്റിക്കോ മഡ്രിഡ് നിരയിൽ പരിശീലകൻ ഡിയേഗോ സിമിയോണി ഉൾപ്പെടെ അഞ്ചു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബാർസിലോനയുടെ മൂന്നു താരങ്ങൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അത്‍ലറ്റിക്കോ പരിശീലകൻ ഡിയേഗോ സിമിയോണിക്കു പുറമേ ക്യാപ്റ്റൻ കോക്കെ, മിഡ്ഫീൽഡർ ഹെക്ടർ ഹെരേര, സ്ട്രൈക്കർ അന്റോയ്ൻ ഗ്രീസ്മൻ, ജാവോ ഫെലിക്സ് എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇവരിലാർക്കും കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് ക്ലബ് അറിയിച്ചു. സ്പെയ്നിലെ ആരോഗ്യ വകുപ്പിന്റെ ചട്ടപ്രകാരം എല്ലാവരും ഐസലേഷനിൽ പ്രവേശിച്ചു. ഞായറാഴ്ച റയോ വയ്യേക്കാനോയുമായി ലീഗ് മത്സത്തിന് ഇറങ്ങാനിരിക്കെയാണ് അത്‍ലറ്റിക്കോ പരിശീലകനും ക്യാപ്റ്റനും ഉൾപ്പെടെ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 18 കളികളിൽനിന്ന് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള അത്‍ലറ്റിക്കോയ്ക്ക് കനത്ത തിരിച്ചടിയാണ് ടീമിലെ കോവിഡ് വ്യാപനം.

ബാർസിലോന നിരയിൽ ഫിലിപ്പെ കുടീഞ്ഞോ, പ്രതിരോധനിരയിലെ സെർജിനോ ഡെസ്റ്റ്, വിങ്ങർ എസ് അബ്ഡേ എന്നിവർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ബാർസ നിരയിൽ ഒട്ടേറെ താരങ്ങൾ ഇതിനകം കോവിഡിന്റെ പിടിയിലായി. ഞായറാഴ്ച നടക്കുന്ന റയൽ മയ്യോർക്കയ്‌ക്കെതിരായ മത്സരത്തിൽ ഒസ്മാനെ ഡെംബെലെ, സാമുവൽ ഉംറ്റിറ്റി, ഗാവി തുടങ്ങിയവർക്ക് കളിക്കാനാകില്ലെന്ന് ഉറപ്പായിരിക്കെയാണ് കൂടുതൽ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ക്ലെമന്റ് ലാംഗ‌ലെറ്റ്, ഡാനി ആൽവ്സ്, ജോർഡി ആൽബ, അലെജാൻദ്രോ ബാൽഡെ തുടങ്ങിയവർക്കും ഈ ആഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഡിസംബർ 21ന് സെവിയ്യയ്‌ക്കെതിരെ സമനില വഴങ്ങിയ ശേഷം കളത്തിലിറങ്ങിയിട്ടില്ലാത്ത ബാർസ, 18 കളികളിൽനിന്ന് 28 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ്. 

റയൽ മഡ്രിഡ് നിരയിലും ഒട്ടേറെ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സെർബിയ താരം ലൂക്കാ ജോവിച്ചിനാണ് ഏറ്റവുമൊടുവിൽ റയൽ നിരയിൽ കോവിഡ് സ്ഥിരീകരിച്ചത്. തിബോ കുർട്ടോ, ഫെഡെറിക്കോ വാൽവെർദെ, എഡ്വാർഡോ കാമവിംഗ, വിനിസ്യൂസ് ജൂനിയർ തുടങ്ങിയവർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. ഇവർക്കു പുറമേ ലൂക്കാ മോഡ്രിച്ച്, റോഡ്രിഗോ, മാർക്കോ അസെൻസിയോ, ഗാരെത് ബെയ്‍ൽ, മാർസലോ, ആൻഡ്രി ലുനിൻ, ഇസ്കോ, ഡേവിഡ് അലാബ തുടങ്ങിയവർക്കും ഈ മാസം തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

English Summary: Atletico's Diego Simeone tests Covid positive, Barca have more cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com