ADVERTISEMENT

ഇതാണു കളി. തീക്കളി. ആദ്യം ബ്ലാസ്റ്റേഴ്സും പിന്നെ ഗോവയും ഒരുപോലെ മിന്നിച്ചു. ആദ്യപകുതിയിൽ നാലു ഗോൾ വീണ പോരാട്ടത്തിൽ ഫുട്ബോളിന്റെ എല്ലാ ത്രില്ലും ചേർന്നിട്ടുണ്ടായിരുന്നു. ‘ഫ്രീകിക്ക്’ രൂപത്തിൽ വന്നൊരു സുന്ദരൻ ഫീൽഡ് ഗോളും കോർണറിൽ നിന്നു പറന്നിറങ്ങിയ ഒളിംപിക് ഗോളുമെല്ലാമായി ടീമുകൾ കട്ടയ്ക്കു നിന്ന മത്സരം. ടിവിക്കു മുന്നിലിരുന്ന, ചങ്കിൽ കാൽപന്തിന്റെ സ്പന്ദനം സൂക്ഷിക്കുന്നവരുടെയെല്ലാം കാലുകൾ ഇന്നലെ പലവട്ടം അറിയാതെ ‘പന്തിനു നേർക്ക്’ ഉയർന്നിട്ടുണ്ടാകും!

ഗോവയ്ക്കായിരുന്നു കളത്തിൽ ആധിപത്യമെങ്കിലും ബ്ലാസ്റ്റേഴ്സിനു ജയിച്ചു കയറാമായിരുന്ന ഒന്നായിരുന്നു ഈ മത്സരം. സഹലും ചെഞ്ചോയും പാഴാക്കിയ ആ അവസരങ്ങൾക്കു ന്യായീകരണമില്ല. പോരാട്ടവീര്യത്തിനു കുറവുണ്ടായില്ലെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ കളി അത്ര സുഖമായില്ല. മുൻ മത്സരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏതാനും പടി താഴോട്ടു പോയി പ്രകടനം. ഫോമിൽ അല്ലാത്ത, പ്രതിരോധം പാളി നിൽക്കുന്ന ഗോവയെ ബ്ലാസ്റ്റേഴ്സ് ലാഘവത്തോടെ കണ്ടിരുന്നോ?

ഒഡീഷയും മുംബൈയും ചെന്നൈയും പോലെ കത്തിനിൽക്കുന്ന ടീമുകൾക്കെതിരെ കണ്ട ഒരുക്കവും പദ്ധതിയും കരുതലുമൊന്നും പോയിന്റ് നിലയിൽ പിൻനിരയിലുള്ള ടീമുകൾക്കെതിരെ കളിക്കുമ്പോൾ ബ്ലാസ്റ്റേഴ്സിൽ നിന്നുണ്ടാകില്ലെന്നു തോന്നുന്നു. നോർത്ത് ഈസ്റ്റ് മുതൽ ഗോവ വരെയുള്ള മത്സരങ്ങൾ അതിന് ഉദാഹരണമായുണ്ട്.

തുടക്കത്തിലെ രണ്ടു ഗോളിന്റെ ലീഡെടുത്തെങ്കിലും കളത്തിൽ അതിന്റെ ആധിപത്യമോ ശക്തമെന്നു തോന്നിച്ച ബിൽഡ് അപ് നീക്കങ്ങളോ ബ്ലാസ്റ്റേഴ്സിൽ കണ്ടില്ല. എതിരാളികളുടെ പൊസഷൻ ഗെയിമിനു മുന്നിൽ മിസ് പാസുകൾ കൂടിയായതോടെ ബ്ലാസ്റ്റേഴ്സ് മുങ്ങിപ്പോയി. ലൂണയുടെ അഭാവം പ്രകടമായ രണ്ടാം പകുതിയിൽ ഗോവയുടെ കൈകളിലായി കളിയുടെ കടിഞ്ഞാൺ.

റഫറിമാരുടെ പ്രകടനത്തെക്കുറിച്ചു വീണ്ടും പറയാതെ വയ്യാ. ഇരുടീമുകളും ഇന്നലെ ആ പിഴവുകളുടെ കയ്പുനീർ കുടിച്ചു. ഗോവയ്ക്ക് ആയിരുന്നു കൂടുതൽ നഷ്ടം. സങ്കടം തന്നെ ഈ നിലവാരമില്ലായ്മ. പെനൽറ്റിയും കോർണറും ഫൗളും ഹാൻഡുമെല്ലാം കൂട്ടത്തോടെ കാണാതെ പോകുന്നതു ബാലിശമായ റഫറിയിങ്ങാണ്. കളിക്കാരുടെ അധ്വാനത്തെ കൊന്നുകളയുന്നതിനൊപ്പം ലീഗിന്റെ നിലവാരത്തെയും ഇതു ബാധിക്കും. ഈ വീഴ്ചകൾ തടയാൻ ഐഎസ്എൽ അധികൃതർ ‌ഇനിയും വൈകരുത്. റഫറിമാരുടെ കണ്ണ് പരിശോധിക്കണമെന്നു വീണ്ടും ഞാൻ ഊന്നിയൂന്നി പറഞ്ഞുപോകുകയാണു സുഹൃത്തുക്കളേ !

English Summary: Kerala Blasters vs FC Goa: IM Vijayan Analysis
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com