മിന്നൽ വുക്കൊമനോവിച്ച്; ഭീമന്റെ വഴിയേ ബ്ലാസ്റ്റേഴ്സ്, അജഗജാന്തരം ഈ മാറ്റം !

vasquez-vukomanovic
അൽവാരോ വാസ്‌ക്വസ്, ഇവാൻ വുക്കൊമനോവിച്ച് (ഐഎസ്എൽ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

‘ഫസ്റ്റ് ഇംപ്രഷൻ ഈസ് ദ് ബെസ്റ്റ് ഇംപ്രഷൻ’ എന്നൊക്കെ പറയുന്നതു വെറുതെയാണെന്നു പറയുന്നുണ്ടാകും ബ്ലാസ്റ്റേഴ്സ് ആരാധകർ. ഒന്നിനു പുറകെ ഒന്നായി ഒന്നൊന്നര പ്രകടനങ്ങളുടെ ‘ബ്ലാസ്റ്റു’കൾ തീർത്ത് കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട ഐഎസ്എൽ ടേബിളിലെ ഒന്നാമന്റെ നെറ്റിപ്പട്ടം അണിയുമ്പോൾ ആരാധകർ അങ്ങനെ പറഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ. ആറു മാസം മുൻപു ബ്ലാസ്റ്റേഴ്സിന്റെ പരിശീലകദൗത്യത്തിൽ സെർബിയയിൽ നിന്നൊരു മുൻതാരത്തിന്റെ പേരു പതിയുമ്പോൾ ആശങ്കകളായിരുന്നു ആരാധകരിൽ പലരുടെയും ‘ഫസ്റ്റ് റിയാക്ഷൻ’. ബ്രസീലിന്റെ മഞ്ഞപ്പടയെ വിശ്വകിരീടമണിയിച്ച സാക്ഷാൽ ലൂയി ഫിലിപ് സ്കൊളാരി ഉൾപ്പെടെയുള്ള പേരെടുത്ത പരിശീലകരെ പ്രതീക്ഷിച്ചിടത്തേയ്ക്കു താരതമ്യേന അ‍‍ജ്ഞാതനായൊരാൾ വന്നിറങ്ങിയതിന്റെ നിരാശയായിരുന്നു ആശങ്കകളായി പരിണമിച്ചത്.

ഇന്നിതാ, ചിത്രം മാറിയിരിക്കുന്നു. ബ്ലാസ്റ്റേഴ്സ് അതിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച നാളുകളിലൂടെ കടന്നുപോകുകയാണ്. പരിശീലകൻ അധികം വാഴാത്ത ടീമിൽ ഇവാൻ വുക്കൊമനോവിച്ച് ഒരു ഇതിഹാസമായും മാറുകയാണ്. കൃത്യം പാതിവഴി പിന്നിടുന്ന ഐഎസ്എലിന്റെ എട്ടാം പതിപ്പിൽ വുക്കൊമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തിന്റെ അവകാശികളാണ്. പത്തു മത്സരങ്ങൾ ബാക്കിനിൽക്കേ കിരീടസാധ്യതകളിൽ മുൻപന്തിയിലുമുണ്ട് ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) കിരീടം കൊച്ചിയുടെ മണ്ണിൽ വന്നിറങ്ങിയാലും ഇല്ലെങ്കിലും വുക്കൊമനോവിച്ച് മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയാകും സീസൺ അവസാനിപ്പിക്കുക.

kbfc-goal-celebration-1

എടികെ മോഹൻ ബഗാൻ എന്ന വൻമരത്തിൽ തുടങ്ങി ഹൈദരാബാദ് എഫ്സി എന്ന സെൻസേഷനൽ സംഘം വരെ നീണ്ട 10 മത്സരങ്ങൾ. തുടക്കം തോൽവിയുടെ കയ്പുനീർ കുടിച്ച്. ആ തോൽവിയിലും വുക്കൊമനോവിച്ച് തന്റെ ലക്ഷ്യം എന്തെന്നു കാട്ടിത്തന്നാണു മടങ്ങിയത്. ഏതു പ്രതിരോധമടയും കീഴടക്കി ഗോളടിക്കും എന്ന പ്രഖ്യാപനം കൂടിയായിരുന്നു റഫറിയിങ്ങിന്റെ വെല്ലുവിളികൾ താണ്ടിയ ആ അരങ്ങേറ്റപ്പോരാട്ടം. പിന്നീടങ്ങോട്ടു തോൽവി എന്തെന്നറിയാത്ത ഒൻപതു മത്സരങ്ങൾ.  

വുക്കൊമനോവിച്ചിന്റെ ടീമിന്റെ യഥാർഥ കരുത്ത് അറിയണമെങ്കിൽ ലീഗിൽ ഇതുവരെയുള്ള യാത്രയെ രണ്ടായി പകുത്തുനോക്കണം. 20 മത്സരം നീളുന്ന ലീഗിൽ കാര്യമായ പ്രീസീസൺ ഇല്ലാതെയെത്തുന്ന ടീമുകൾക്കു ആദ്യ നാലോ അഞ്ചോ മത്സരങ്ങൾ പരീക്ഷണങ്ങളുടേതാകും. നല്ലൊരു ഇലവനെ കണ്ടെത്താൻ, കൃത്യമായ ഫോർമേഷൻ കണ്ടെത്താൻ, കളത്തിൽ താരങ്ങൾ തമ്മിൽ പരസ്പരധാരണ കൈവരാൻ... ഇതിനെല്ലാം ഏതാനും മത്സരങ്ങളെടുക്കും ഏതു ഫുട്ബോൾ സംഘവും. ഇവാന്റെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ 5 മത്സരങ്ങൾ ഇങ്ങനെ ചുരുക്കാം – ഒരു ജയം, ഒരു തോൽവി, മൂന്നു സമനില. അഞ്ചു മത്സരങ്ങളിൽ നിന്നു 6 പോയിന്റ്.

kbfc-goal-celebration

നല്ല കളി കണ്ടു കയ്യടിച്ചെങ്കിലും ആരാധകരും വിമർശകരും മനസ്സിൽ ബ്ലാസ്റ്റേഴ്സിന്റെ വഞ്ചി വീണ്ടും പഴയ വഴിക്കോ എന്നു പേടിച്ചുതുടങ്ങിയ വേളയായിരുന്നുവത്. റഫറിമാരുടെ ഇടപെടലുകൾ സമ്മാനിച്ച തിരിച്ചടികൾ ആ പേടികളുടെ ആഴവുമേറ്റി. പക്ഷേ, ബ്ലാസ്റ്റേഴ്സും വുക്കൊമനോവിച്ചും കളി തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. ഇലവനിൽ മാറ്റങ്ങളുടെ വേലിയേറ്റം കണ്ടിരുന്ന ബ്ലാസ്റ്റേഴ്സ് ആ അഞ്ചു മത്സരങ്ങൾക്കുള്ളിൽ പാറപോലെ ഉറപ്പുള്ള ടീമുകളിലൊന്നായി. ആരെ ആർക്കൊപ്പം എവിടെ കളിപ്പിക്കണമെന്ന മട്ടിലുള്ള അന്വേഷണങ്ങൾ മുൻസീസണുകളിൽ ലീഗ് അവസാനിച്ചാലും തീരുമായിരുന്നില്ല. ഏതുറക്കത്തിൽ വന്നു വിളിച്ചാലും ഫുട്ബോൾ ആരാധകർ കളത്തിലെ 11 പേരെയും അവരുടെ ദൗത്യവും വിളിച്ചുപറയുന്ന ലെവലിലേക്കു ബ്ലാസ്റ്റേഴ്സ് അഞ്ചു മത്സരങ്ങൾ കൊണ്ട് ഉറച്ചു സെറ്റായി. 

ഇനി ബ്ലാസ്റ്റേഴ്സിന്റെ അവസാന അഞ്ചു മത്സരങ്ങൾ കാണുക. മൂന്നു ജയം, രണ്ടു സമനില. ഒരു തോൽവി പോലുമില്ല. അഞ്ചു മത്സരങ്ങളിൽ നിന്ന് 11 പോയിന്റ്. ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയവരുടെ പേരുകൾ കൂടി കാണുമ്പോൾ മാത്രമേ ആ സ്വപ്നാടനത്തിന്റെ വർണപ്പകിട്ടു മനസ്സിലാകൂ. മാഞ്ചസ്റ്റർ സിറ്റിയുടെ വലയത്തിൽ ഉൾപ്പെട്ട മുംബൈ സിറ്റിയാണ് അതിലാദ്യത്തേത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ പെപ് ഗ്വാർഡിയോളയുടെ സിറ്റി പുറത്തെടുക്കുന്ന അപ്രമാദിത്തത്തിന്റെ ഇന്ത്യൻ വകഭേദമായിരുന്നു ബ്ലാസറ്റേഴ്സിനെ നേരിടും വരെ മുംബൈ സിറ്റി. വുക്കൊമനോവിച്ചിന്റെ ടീമിൽ നിന്ന് 3 ഗോളുകൾ ഏറ്റുവാങ്ങി സിറ്റിയുടെ വിഖ്യാത മുന്നേറ്റനിര ‘ക്ലീൻ ഷീറ്റോടെ’ മടങ്ങുമ്പോൾ അതിനെ ലക്ഷണമൊത്തൊരു അട്ടിമറിയുടെ കണക്കിൽപ്പെടുത്താനായിരുന്നു പലരുടെയും ശ്രമം.

kbfc-goal-celebration

ആക്രമണവീര്യം കൊണ്ടു ലീഗിൽ വിഹരിച്ചിരുന്ന മുംബൈയ്ക്കു പിന്നാലെ ചെന്നൈയിൻ എഫ്സിയുടേതായി അടുത്ത ഊഴം. ഗോൾ അടിപ്പിക്കാനും അടിപ്പിക്കാതിരിക്കാനും ഒരുപോലെ മികവുള്ള ചെന്നൈയിനു മുന്നിൽ ബ്ലാസ്റ്റേഴ്സ് എന്തുചെയ്യുമെന്നായിരുന്നു ചോദ്യങ്ങൾ. ഉത്തരത്തിനു പക്ഷേ, ഒരു മാറ്റവുമില്ലായിരുന്നു. എതിരാളികളുടെ ആത്മവിശ്വാസത്തിന്റെ മുഖമടച്ചുള്ള മൂന്നു ഗോളുകൾ. മുംബൈയും ചെന്നൈയും മൂന്നു ഗോളിന്റെ കനപ്പെട്ട തോൽവിയുമായി മടങ്ങുമ്പോൾ ഐഎസ്എലിലെ എതിരാളികളുടെ പാളയത്തിൽ നിന്നു ബ്ലാസ്റ്റേഴ്സിനു നേർക്കുള്ള വീക്ഷണവും മാറിത്തുടങ്ങുകയായിരുന്നു.

വല്യേട്ടൻമാരായ എതിരാളികളെ ‘സ്കെച്ച്’ ചെയ്യുന്ന കറുത്ത ‍കുതിരകളെന്ന പരിവേഷത്തിൽ നിന്നു പ്രതിയോഗികൾ ബഹുമാനത്തോടെയും ഭയപ്പാടോടെയും കാണുന്ന ലീഗിലെ ‘ബിഗ് ഫിഷ്’ എന്ന മട്ടിലേയ്ക്കുള്ള മെയ്ക്ക് ഓവറിന്റേതായിരുന്നു ഈ മത്സരങ്ങൾ. ഐഎസ്എൽ എട്ടാമൂഴത്തിൽ ഒഴുക്കും അഴകുമുള്ള ഫുട്ബോൾ പുറത്തെടുക്കുന്നൊരു ടീമാണ് ഇരട്ടജയത്തിനു പിന്നാലെ ബ്ലാസ്റ്റേഴ്സിനു മുന്നിലേക്കെത്തിയത്. ജംഷദ്പുർ എഫ്സിക്കെതിരായ മത്സരം ഈ സീസണിലെ തെല്ലും വിരസതയില്ലാത്ത ത്രില്ലറുകളിലൊന്നായി മാറി. വിജയം പക്ഷേ, വുക്കൊമനോവിച്ചിന്റെ ടീമിൽ നിന്നകന്നു നിന്നു. അകറ്റിനിർത്തി എന്നു പറയുന്നതാകും കൂടിതൽ ശരി. ഐഎസ്എൽ റഫറിമാരുടെ കണ്ണ് പരിശോധിക്കണമെന്ന് ഇന്ത്യയുടെ ഇതിഹാസതാരം ഐ.എം.വിജയൻ തുറന്നടിച്ച മത്സരമായിരുന്നുവത്. അത്രത്തോളം ഭീകരമായിരുന്നു റഫറിമാരുടെ പിഴവുകൾ. ഹാട്രിക് വിജയത്തിൽ നിന്നു ബ്ലാസ്റ്റേഴ്സിന്റെ സമനില തെറ്റിച്ചത് ആ ചെയ്തികളാണ്. എന്നിട്ടും ജംഷദ്പുരിനെതിരെ വെറുംകയ്യോടെ മടങ്ങേണ്ടിവന്നില്ല എന്നതിൽ ബ്ലാസ്റ്റേഴ്സ് വിജയലഹരി നുണഞ്ഞു.

kbfc-celebration

തോൽവിയറിയാതെ കുതിച്ച കേരള ടീമിനു പക്ഷേ, എഫ്സി ഗോവയ്ക്കെതിരെ കണക്കുതെറ്റി. പതിവു നിലവാരത്തിൽ നിന്ന് അകന്നു സഞ്ചരിക്കുന്ന ഗോവയെ രണ്ടു മിന്നൽ ഗോളുകൾ കൊണ്ടു ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയതാണ്. പ്രതിരോധത്തിൽ വേണ്ടിവന്ന മാറ്റങ്ങളും അതോടൊപ്പം പിറന്ന പിഴവുകളുമാണു ഗോവയെ ഗോളിലെത്തിച്ചത്. വുക്കുമാനോവിച്ച് എന്ന മുൻ ഡിഫൻസീവ് മിഡ്ഫീൽഡർക്കു തിരുത്തലുകൾ വരുത്താനും മിന്നൽ വേഗമെന്നു ലീഗിന്റെ തുടക്കത്തിലേ തെളിഞ്ഞിരുന്നതാണ്. അത് ഒരിക്കൽക്കൂടി തെളിയിക്കുന്നതായി ഹൈദരാബാദ് എഫ്സിക്കെതിരായ കഴിഞ്ഞ പോരാട്ടം. ബ്ലാസ്റ്റേഴ്സിനെക്കാൾ കെട്ടുറപ്പും ഒഴുക്കും ചേർന്ന കളിയും കാഴ്ചവച്ചെത്തിയ ടീമാണു ഹൈദരാബാദ്. ഗോളടിക്കുന്നതിൽ ഒരു പിശുക്കും കാണിക്കാത്ത ടീം. പക്ഷേ, ഹൈദരാബാദിന്റെ തന്ത്രങ്ങൾ ബ്ലാസ്റ്റേഴ്സിനു മുന്നിൽ വിജയം കണ്ടു മടങ്ങിയില്ല.

കീഴടങ്ങാൻ തയാറല്ലാത്ത രണ്ടു ടീമുകളുടെ ഏറ്റുമുട്ടലായിരുന്നു വാസ്കോയിലെ തിലക് മൈതാനിൽ ഐഎസ്എൽ സാക്ഷിയായത്. ക്ലിനിക്കൽ എന്നു വിശേഷിപ്പിക്കേണ്ട പോരാട്ടം. ഓഗ്ബെച്ചെയും ഗാർഷ്യയും പലവട്ടം ശ്രമിച്ചിട്ടും ലയണൽ മെസ്സിയുടെ അർജന്റീനയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച ലെസ്കോവിച്ച് നായകനായ പ്രതിരോധത്തെ മറികടക്കാനായില്ല. മറുവശത്ത് അഡ്രിയൻ ലൂണയും അൽവാരോ വാസ്കെസും ഹോർഹെ പെരേരയും ഹൈദരാബാദിന്റെ ജുവാനനും സംഘവും തീർത്ത പ്രതിരോധം തകർക്കാനും പാടുപെട്ടു. ലീഗിലെ എൽക്ലാസിക്കോ ആയി മാറിയ പോരാട്ടത്തിൽ വിജയദേവത ബ്ലാസ്റ്റേഴ്സിനായൊരു നിമിഷം കരുതിയിരുന്നു. സ്പാനിഷ് താരം അൽവാരോ വാസ്കെസ് ആ നിമിഷത്തെ തകർപ്പനൊരു വോളിയിലൂടെ, ഒരുപക്ഷേ ഈ ടീമിൽ അയാൾക്കു മാത്രം കഴിയുന്നൊരു വോളിയിലൂടെ, ഗോളിലാക്കി. ബ്ലാസ്റ്റേഴ്സിനെ ഒന്നാമതാക്കി.

ഒന്നാം സ്ഥാനത്തിന്റെ അവകാശികൾ ഓരോ മത്സരം കഴിയുമ്പോളും മാറിക്കൊണ്ടിരിക്കും. പക്ഷേ, എതിരാളികൾക്കു തട്ടിപ്പറിക്കാൻ കഴിയാത്തൊരു സ്ഥാനം സ്വന്തമാക്കിയാണു ലീഗിന്റെ ഒത്ത മധ്യത്തിൽ ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനക്കയറ്റവും വിജയക്കുതിപ്പും. എട്ടാമൂഴത്തിൽ ഏറ്റവും കുറച്ചു മത്സരങ്ങളിൽ മാത്രം കീഴടങ്ങിയ ടീമാണു ബ്ലാസ്റ്റേഴ്സ്. ആദ്യമത്സരത്തിലേറ്റ ഒരേയൊരു തോൽവി മാത്രം.  

English Summary: Keala Blasters FC Vs Hyderabad FC ISL 2021-22 Match, Analysis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA