ADVERTISEMENT

വാസ്കോ ∙ ആദ്യ മിനിറ്റിൽ തുടങ്ങി ഇൻജറി ടൈം വരെ ഒറ്റച്ചരടിൽ കോർത്ത ആവേശക്കുതിപ്പു നടത്തിയ കേരള ബ്ലാസ്റ്റേഴ്സ്, മലയാളികൾ നാളിത്രയും സ്വപ്നം കണ്ടാഗ്രഹിച്ച മനോഹര ഫുട്ബോളുമായി വീണ്ടും ഐഎസ്എൽ പോയിന്റ് പട്ടികയുടെ തലപ്പത്ത്. തിലക് മൈതാനിൽ, ഒഡീഷ എഫ്സിയെ 2–0നു തോൽപിച്ച കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരികെപ്പിടിച്ചു. സീസണിലെ ആദ്യപാദക്കളിയിലും ഒഡീഷയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം. സീസണിൽ തോൽവിയറിയാതെ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ 10–ാം മത്സരമാണിത്.

28–ാം മിനിറ്റിൽ നിഷുകുമാറും 40–ാം മിനിറ്റിൽ ഹർമൻജോത് ഖബ്രയും നേടിയ ഗോളുകളിൽ ആദ്യ പകുതിയിൽത്തന്നെ ഒഡീഷയുടെ വഴിയടച്ച ബ്ലാസ്റ്റേഴ്സ് 2–ാം പകുതിയിൽ ജേതാക്കൾക്കു ചേർന്ന ആർജവത്തോടെ മൈതാനത്തു ചങ്കുവിരിച്ചുനിന്നു. ബ്ലാസ്റ്റേഴ്സിന് 11 കളിയിൽ 20 പോയിന്റ്. മുംബൈ സിറ്റിയുമായി 16നാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

KBFC-OFC-2
ഒഡിഷയ്ക്കെതിരായ ഗോൾ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങള്‍

ബാക് ലൈനിൽനിന്നു ഗോൾമുഖത്തേക്ക് ഓടിക്കയറി വരാനും അതേ വേഗത്തിൽ പ്രതിരോധത്തിലേക്കു തിരിച്ചിറങ്ങിപ്പോകാനും ആവേശം കാട്ടിയ നിഷുകുമാറും ഖബ്രയും ഉൾപ്പെടെയുള്ളവർ തുടക്കം മുതൽ ഒഡീഷ താരങ്ങളിൽ ആശങ്ക പടർത്തി. ബ്ലാസ്റ്റേഴ്സിന്റെ ഓൾഔട്ട് ആക്രമണത്തിൽ ആരെ പ്രതിരോധിക്കണമെന്നറിയാതെ ഒഡീഷക്കാർ പകച്ചു. അത്തരമൊരു നിമിഷത്തിലാണ്, 28–ാം മിനിറ്റിൽ നിഷു കുമാറിന്റെ ബ്രില്യന്റ് ഗോൾ പിറന്നതും.

ലൂണ ഒരുക്കി നൽകിയ പന്ത് ഡിഫൻഡറായ നിഷുകുമാർ ഗോളിലേക്കു വളഞ്ഞിറങ്ങുന്നൊരു ഷോട്ടായി വിരിയിച്ചെടുക്കുമെന്ന് ആരും വിചാരിച്ചില്ല. സെക്കൻഡിന്റെ നെല്ലിട നിമിഷത്തിൽ നിഷുവിന്റെ ഷോട്ട് ഒഡീഷ ഗോളി ‍അർഷ്ദീപിനു തടുക്കാൻ പറ്റാത്തൊരു മഴവില്ലായി ഗോളിലേക്കു ചാഞ്ഞിറങ്ങി (1–0). അഡ്രിയൻ ലൂണയുടെ കോർണറിൽ നിന്നായിരുന്നു ഖബ്രയുടെ ഹെഡർ ഗോൾ. ഗോൾപോസ്റ്റിനു മുന്നിൽനിന്ന ഖബ്ര തലകൊണ്ടു പിന്നിലേക്കു തഴുകിവിട്ട പന്ത് നേരേ ഗോളിലേക്ക് (2–0).

2–ാം പകുതിയിൽ ബ്ലാസ്റ്റേഴ്സിനെ തളയ്ക്കാൻ ഒഡീഷ പരമാവധി ശ്രമിച്ചു. ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ സിങ് ഗിൽ ഇന്നലെ തകർപ്പൻ ഫോമിലായിരുന്നു; ജാവി ഹെർണാണ്ടസും ജൊനാഥസ് ക്രിസ്റ്റ്യനും പലവട്ടം കുതിച്ചെത്തിയെങ്കിലും സിങ് കിങ്ങായപ്പോൾ പന്തിന്റെ നിഴൽ പോലും ബ്ലാസ്റ്റേഴ്സിന്റെ ഗോൾവര കടന്നില്ല.

∙ ഒഡീഷ ഗോളി പോസിറ്റീവ്

ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിനു മിനിറ്റുകൾക്കു മുൻപ് ഒഡീഷയുടെ ഒന്നാം ഗോളി കമൽജിത് സിങ് കോവിഡ് പോസിറ്റീവായി. മറ്റു കളിക്കാരെല്ലാം നെഗറ്റീവായിരുന്നതിനാൽ റിസർവ് ഗോൾകീപ്പർ അർഷ്ദീപ് സിങ്ങിനെ ഉൾപ്പെടുത്തി ടീമിനെ പ്രഖ്യാപിച്ച് ഒഡീഷ മത്സരത്തിനിറങ്ങി. ഐഎസ്എലിൽ കോവിഡ് പടരുന്നത് ആശങ്ക പരത്തിയിട്ടുണ്ട്.

English Summary: Kerala Blasters vs Odisha FC Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com