പ്രതിരോധം ജോലി; ആക്രമണം ഹരം: ബ്ലാസ്റ്റേഴ്സിന്റെ ‘രഹസ്യായുധ’ങ്ങൾ മനസ്സു തുറക്കുന്നു!

Puitea-Jeakson-Singh
പ്യൂട്ടിയയും ജീക്സൺ സിങും ഗോവയിൽ പരിശീലനത്തിനിടെ.
SHARE

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ രഹസ്യായുധങ്ങളായിരുന്നു ജീക്സൺ സിങ്ങും ലാൽത്താത്താംഗ ഖോൽറിങ് എന്ന പ്യൂട്ടിയയും. ഇപ്പോൾ കോച്ച് ഇവാൻ വുക്കൊമനോവിച്ചിന്റെ ശേഖരത്തിലെ ഏറ്റവും വിലപിടിപ്പുള്ള, പലമുനയുള്ള ആയുധങ്ങളാണിവർ. എതിർ പരിശീലകർ പേടിക്കുന്നവർ. പ്രതിരോധച്ചുമതലയുള്ള മധ്യനിരക്കാർ എന്ന വിശേഷണത്തിൽനിന്ന് ആക്രമണത്തിന്റെ കൂടി രസംപിടിച്ച പോരാളികളായി മാറിയിരിക്കുന്നു ഇരുവരും. ജീക്സണും പ്യൂട്ടിയയും ‘മനോരമ’യോടു സംസാരിക്കുന്നു...

സീസൺ ഇതുവരെ?

പ്യൂട്ടിയ: കൊച്ചിയിലെ ക്യാംപിൽ ആദ്യദിനം തുടങ്ങിയ അധ്വാനമാണ്. ഡ്യൂറൻഡ് കപ്പും മികച്ച അനുഭവങ്ങൾ തന്നു. ഞങ്ങൾ രണ്ടും പരസ്പരം മനസ്സിലാക്കാൻ തുടങ്ങി. ഫിറ്റ്നസ് മെച്ചപ്പെടുത്താനും പ്രീ സീസൺ സഹായിച്ചു. സീസൺ മോശമില്ലെന്നു തുടക്കത്തിലേ മനസ്സിലായി. ഇനിയുമേറെ പോകാനുണ്ട്.

ജീക്സൺ: ഡ്യൂറൻഡ് കപ്പ് ഉൾപ്പെടെ പ്രീ സീസൺ പല കാരണങ്ങളാലും ഉപകാരമായി. കളിപരിചയവും കിട്ടി.

കളത്തിനകത്തും പുറത്തും പരസ്പരം എങ്ങനെ?

പ്യൂട്ടിയ: ജീക്സണെ വർഷങ്ങളായി അറിയാം. പരിശീലനത്തിൽ പരസ്പരം പരമാവധി സഹായിക്കാറുണ്ട്. കളിക്കു മുൻപും ശേഷവും അവനോട് ഒത്തിരി സംസാരിക്കാറുണ്ട്. എങ്ങനെ കളി മെച്ചപ്പെടുത്താമെന്നാണു സംസാരിക്കുന്നത്. പക്ഷേ അതു ഞങ്ങളുടെ മാത്രം കളിയെക്കുറിച്ചല്ല, ടീമിനെയാകെക്കുറിച്ചാണ്.

ജീക്സൺ: പ്യൂട്ടിയ അരികിലുണ്ടെങ്കിൽ എല്ലാം ഈസിയായി തോന്നും. പരിശീലനത്തി‍ലെ സഹായത്തേക്കാൾ പ്രധാനമാണു കളിക്കളത്തിൽ അവൻ എനിക്കു തരുന്ന പിന്തുണ. അവൻ നല്ല കളിക്കാരനാണ്, അതിലും നല്ല വ്യക്തിയുമാണ്.

നിങ്ങളെ കോച്ച് എങ്ങനെയെല്ലാം മാറ്റിയെടുത്തു?

പ്യൂട്ടിയ: ഞങ്ങളെ മാത്രമല്ല, ടീമിനെ ആകെയാണു മാറ്റിയെടുത്തത്. മുൻനിരയിലുള്ള 4 പേർ സത്യത്തിൽ ഞങ്ങളുടെ കളി ഈസിയാക്കുകയാണു ചെയ്തത്. കോച്ച് ഞങ്ങൾക്കുമേൽ സമ്മർദം ചെലുത്തുന്നില്ല.

ജീക്സൺ: പ്രശ്നങ്ങളെ സിംപിളായി കാണാൻ കോച്ച് ശീലിപ്പിച്ചു. സിംപിളായി കാണുമ്പോൾ പ്രശ്നം എന്താണെന്നു മനസ്സിലാക്കാൻ എളുപ്പമുണ്ട്. മുന്നേറാനുള്ളൊരു പ്രേരണയാണു കോച്ച്.

സഹൽ, ലൂണ എന്നിവരുമായുള്ള ബന്ധം?

പ്യൂട്ടിയ: അതു ടീം വർക്കിന്റെ ഭാഗമാണ്. നല്ല കളിക്കാരുമായി ഇടപെടാൻ എളുപ്പമാണ്. അവരുടെ കഠിനാധ്വാനം ഞങ്ങളുടെ ജോലി എളുപ്പമാക്കുന്നു.

ജീക്സൺ: അവരുടെ കളി നമ്മൾ ആസ്വദിക്കും. അപ്പോൾ നമ്മളും നന്നായി കളിക്കും.

കളിനിലവാരം മെച്ചപ്പെട്ടതിനെക്കുറിച്ച്?

പ്യൂട്ടിയ: പാസിങ് ഡ്രിൽ, പൊസഷൻ ഗെയിം പരിശീലനങ്ങൾ ഏറെ സഹായിച്ചു. കളി നിയന്ത്രിക്കുമ്പോൾ അതിന്റെ ആത്മവിശ്വാസമുണ്ട്.

ജീക്സൺ: പരിശീലനത്തിലെ കഠിനാധ്വാനം മാത്രമാണു കാരണം. അതു തരുന്ന ആത്മവിശ്വാസം ചെറുതല്ല. ഇനിയും പഠിക്കാനേറെയുണ്ട്.

90 മിനിറ്റും തളരാത്ത കളി, അതിന്റെ രഹസ്യം?

പ്യൂട്ടിയ: കഠിനമായ പരിശീലനം, നല്ല ഉറക്കം, പിന്നെ ഭക്ഷണം. കളിക്കളത്തിലെ അച്ചടക്കം കൂടി ഇവയോടു ചേർക്കാം.

ജീക്സൺ: നീണ്ട പ്രീ സീസൺ. മറ്റൊരു രഹസ്യവുമില്ല.

English Summary: Jeakson Singh and Lalthathanga Khawlhring (Puitea) Speaks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS