ഒന്നും പറയാനില്ലെന്ന് അന്ന് നെഞ്ചുപൊട്ടി പറഞ്ഞു, ഇന്ന് ഉള്ളുനിറഞ്ഞും: ഐ.എം. വിജയൻ

kbfc-im-vijayan
ഒഡീഷ എഫ്‍സിക്കെതിരായ ഗോൾനേട്ടം ആഘോഷിക്കുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങൾ (ഐഎസ്എൽ ട്വീറ്റ് ചെയ്ത ചിത്രം), ഐ.എം. വിജയൻ
SHARE

ഒന്നും പറയാനില്ല! മുൻ സീസണുകളിൽ നിരാശയോടെ എത്രയോ വട്ടം ഇങ്ങനെ കുറിച്ചിരിക്കുന്നു. പറഞ്ഞിട്ടൊരു കാര്യവുമില്ലായെന്ന മട്ടിലായിരുന്നു അതെല്ലാം. ഇപ്പോൾ ആ വാക്കുകൾ വന്നത് ചങ്കു നിറഞ്ഞ സന്തോഷം കൊണ്ടും. എന്തു പറഞ്ഞാലാണു ബ്ലാസ്റ്റേഴ്സിന്റെ ഈ കളിക്കൊപ്പം വരിക? വാക്കുകൾക്ക് അതീതമാണീ പ്രകടനങ്ങൾ.

പതിനൊന്നു ടീം മാത്രമുള്ള ലീഗിൽ പരാജയം എന്തെന്നറിയാതെ തുടരെ 10 മത്സരം കളിക്കുകയെന്നതു എഴുന്നേറ്റുനിന്നു കയ്യടിക്കേണ്ട നേട്ടമാണ്. സൂപ്പർ ലീഗിലെ ഏതു ടീമിനെയും തൂത്തെറിയാൻ പോന്ന ഫോമിലും താളത്തിലുമായിക്കഴിഞ്ഞു ബ്ലാസ്റ്റേഴ്സ്. ഓരോ മത്സരം കഴിയുന്തോറും ഇരമ്പിക്കയറുകയാണു നമ്മുടെ താരങ്ങളുടെ ആത്മവിശ്വാസം.

കിക്കോഫിനു മുൻപു ദേശീയ ഗാനത്തിനായി നിരക്കുന്ന അവരുടെ ശരീരഭാഷയിൽ പോലും തെളിയുന്നുണ്ട് മാനസികാധിപത്യത്തിന്റെ അടയാളങ്ങൾ. ഈ കളി തുടർന്നാൽ കേരളത്തിന്റെ മഞ്ഞപ്പടയെ അടുത്ത ഏഷ്യൻ ചാംപ്യൻസ് ലീഗിൽ കാണാനാകും. അവിടെയും ഒരു വെടിക്കുള്ള മരുന്നുണ്ട് ഇവാൻ വുക്കൊമനോവിച്ചിന്റെ സംഘത്തിന്.

കോച്ചിന്റെയും താരങ്ങളുടെയും മികവ് മാത്രമല്ല, കേരളത്തിന്റെ ഫുട്ബോൾ ആരാധകരുടെ പ്രാർഥനയുടെ ഫലം കൂടിയാണീ മാറ്റങ്ങളെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. തിരിച്ചടികളിൽ മനസ്സു തകർന്ന ആയിരക്കണക്കിന് ആരാധകർക്കുള്ള സമ്മാനമാണു ഒന്നര മണിക്കൂറും ത്രില്ലടിപ്പിക്കുന്ന അറ്റാക്കിങ് ഗെയിം. ‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’ എന്ന രജനിയണ്ണന്റെ പഞ്ച് ലൈനിലാണു ബ്ലാസ്റ്റേഴ്സിന്റെ മാസ് പ്രകടനങ്ങൾ.

English Summary: I.M. Vijayan Analysis Odisha FC vs Kerala Blasters Match

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS