മുന്നിൽനിന്നും പിന്നിൽനിന്നും ‘ബ്ലാസ്റ്റ്’; ആരെ തടയുമെന്നറിയാതെ പരക്കം പാഞ്ഞ് ഒഡീഷ!

khabra-vs-odisha-fc
ഒഡീഷ എഫ്‍സിക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയ ഹർമൻജ്യോത് ഖബ്ര മത്സരത്തിനിടെ നടത്തിയ മുന്നേറ്റം (ഐഎസ്എൽ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ‘മിഡ് ടേമിലെ’ ഒന്നാം റാങ്കിന്റെ തിളക്കവുമായി കേരള ബ്ലാസ്റ്റേഴ്സ് ‘വാർഷിക’ പരീക്ഷയ്ക്കുള്ള ഒരുക്കം തുടങ്ങി. ലീഗിലെ 10 എതിരാളികളെയും ഒരുവട്ടം നേരിട്ടു ‘റിവിഷന്റെ’ നാളുകളിലേക്കു കടന്ന കേരളത്തിന്റെ ചുണക്കുട്ടൻമാർ ആദ്യം തീർത്തതു ഒഡീഷ എഫ്സിയുടെ കഥയാണ്. ഈ സീസണിൽ തങ്ങൾക്ക് ആദ്യജയം സമ്മാനിച്ച അതേ ടീമിനെതിരെ രണ്ടാമൂഴത്തിലും മൂന്നു പോയിന്റ് വാരിയെങ്കിലും ബ്ലാസ്റ്റേഴ്സ് വിജയം തുറന്നെടുത്ത വഴി എതിരാളികൾക്കു നൽകുന്നതൊരു സൂചനയാണ്. എട്ടാമൂഴത്തിലെ പ്ലേഓഫ് ഇടം തേടുന്നവരിൽ ഇനി മൂന്നു ടീമുകളെ തീരുമാനിച്ചാൽ മതിയെന്ന വലിയൊരു സൂചന !

∙ ബ്ലാസ്റ്റേഴ്സ് പഴയ ബ്ലാസ്റ്റേഴ്സ് അല്ല  

ഒരു മാസം മുൻപ് ഇതേ തിലക് മൈതാനിൽ ബെംഗളൂരു എഫ്സിക്കെതിരായ വലിയ ജയത്തിന്റെ ആത്മവിശ്വാസത്തിൽ വന്ന ഒഡീഷയ്ക്കെതിരെ ചെറുടീമെന്ന വിലാസത്തിലാണു വിദഗ്ധർ പോലും ബ്ലാസ്റ്റേഴ്സിന് ഇടംനൽകിയത്. ബെംഗളൂരുവിനെതിരെ കളിച്ചതിനെക്കാൾ പലമടങ്ങു വീര്യത്തിലായിരുന്നു കേരളത്തിനെതിരെ ഒഡീഷയുടെ നീക്കങ്ങൾ. ബോൾ പൊസഷനിലും പാസ്സിങ്ങിലും ഷോട്ടുകളുടെ എണ്ണത്തിലുമെല്ലാം പലമടങ്ങു മുന്നേറ്റം കൈവരിച്ചിട്ടും ഒഡീഷയെ കാത്തിരുന്നതു തോൽവിയായിരുന്നു. എതിരാളിയുടെ തന്ത്രങ്ങൾ മുൻപേ അളന്നു മറുതന്ത്രമൊരുക്കിയ ബ്ലാസ്റ്റേഴ്സിന്റെ ഗെയിം പ്ലാനിനു മുന്നിലാണ് അന്നവർ കീഴടങ്ങിയത്.

ഇനി രണ്ടാമൂഴത്തിൽ കളി മാറിയതു കാണുക. വിദേശ സെന്റർ ബാക്ക് ജോടികളായ ലെസ്കോവിച്ചും സിപോവിച്ചും ഒരുമിച്ചു ചേർന്നു കെട്ടിയ പ്രതിരോധക്കോട്ടയുടെ കരുതൽ ഇല്ലാതെയാണ് ഇക്കുറി ബ്ലാസ്റ്റേഴ്സ് കളത്തിലെത്തിയത്. എന്നിട്ടും ബ്ലാസ്റ്റേഴ്സിന്റെ ‘ഒരു രോമത്തെപ്പോലും’ വിറപ്പിക്കാൻ മുൻ മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ നാലു ഗോളടിച്ചെത്തിയ കിക്കോ റാമിറെസിന്റെ ടീമിനു സാധിച്ചില്ല. ഒഡീഷയ്ക്കെതിരെ അന്നു പിച്ചവച്ചു തുടങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ പൊസിഷനൽ പ്രസിങ് ഗെയിമിന്റെ സംഹാര വകഭേദമാണു തിലക് മൈതാനിൽ ഇന്നലെ കണ്ടത്.  

∙ ആക്രമണത്തിലെ പ്രസ്സിങ് കൊടുങ്കാറ്റ്

സീസണിലെ ആദ്യ ഏറ്റുമുട്ടലിൽ ഒരു ഗോളുമടിച്ച് ബ്ലാസ്റ്റേഴ്സിനൊപ്പം നടക്കാൻ ശ്രമിച്ച ഒഡീഷ ഇത്തവണ എതിരാളികളുടെ പിന്നാലെ പോലുമെത്താനാവാതെ നിറംമങ്ങിപ്പോയി. ബ്ലാസ്റ്റേഴ്സ് ആക്രമണത്തിൽ ആരെ മാർക്ക് ചെയ്യുമെന്നറിയാതെ ഛിന്നഭിന്നമായി ഒഡീഷയുടെ പ്രതിരോധം. അൽവാരോ വാസ്കെസും ഹോർഹെ പെരേര ഡയസും മുന്നിലും അഡ്രിയൻ ലൂണയും സഹൽ അബ്ദുൽ സമദും തൊട്ടുപിന്നിലുമായി ഗോളിനെ ലക്ഷ്യം വച്ചപ്പോൾ തടയാൻ പോന്ന കരുത്തിന്റെ നിഴൽ പോലുമുണ്ടെന്നു തോന്നിപ്പിച്ചില്ല എതിരാളികൾ.

kbfc-goal-celebration-2

ഫൈനൽ തേഡിലും മധ്യത്തിലും ആവശ്യമെങ്കിൽ സ്വന്തം ബോക്സിലും ഓടിയെത്തുന്ന ഈ നാൽവർ സംഘത്തിന്റെ വശങ്ങളിലൂടെ നിഷുകുമാറും ഹർമൻജ്യോത് ഖബ്രയും പോലെ കരുത്തും വേഗവും ചേർന്ന താരങ്ങളും നുഴഞ്ഞുകയറിയതോടെ ബ്ലാസ്റ്റേഴ്സിന്റെ ഹൈപ്രസിങ്ങിൽ ഒഡീഷയുടെ അടിവേര് ഇളകുകയായിരുന്നു.  

മുന്നേറ്റത്തിലെ ടാർഗറ്റ് സാന്നിധ്യങ്ങളായ ലൂണയുടെയും വാസ്കെസിന്റെയും പെരേരയുടെയും കാലുകളിൽ പന്ത് എത്തുമ്പോഴെല്ലാം രണ്ടോ മൂന്നോ സപ്ലൈ ലൈനുകളൊരുക്കി സഹതാരങ്ങൾ ആക്രമണത്തിന്റെ സിംഫണി തീർത്തു. കറതീർന്ന ഈ പൊസിഷനൽ പ്ലാനിങ്ങിന്റെ ഫലമായിട്ടാണു മുൻ ബെംഗളൂരു എഫ്സി താരം നിഷുവിന്റെ ബൂട്ടിൽ നിന്നുള്ള ആദ്യ ഗോളിന്റെ വരവ്. ബെംഗളൂരുവിൽനിന്നു തന്നെയെത്തിയ ഖബ്രയുടെ തലയിൽ നിന്നാണ് ഒഡീഷയുടെ വഴിയടച്ച രണ്ടാം ഗോൾ. ഇരുവർക്കും മഞ്ഞക്കുപ്പായത്തിലെ ആദ്യ ഗോൾ നേട്ടമാണിത്.

kbfc-goal-celebration-1

സ്കോർ ബോർഡിൽ തോൽവി രണ്ടു ഗോളിന്റെ കനത്തിൽ ഒതുങ്ങിയതിന് ഒഡീഷ ബ്ലാസ്റ്റേഴ്സിനോടു മനസ്സിൽ നന്ദി പറയുന്നുണ്ടാകും. ആദ്യപകുതിയിൽ രണ്ടു ഗോൾ ലീഡെടുത്തതിന്റെ ആലസ്യം ബ്ലാസ്റ്റേഴ്സിന്റെ കളിയിൽ കണ്ടില്ലെങ്കിലും മൂന്നും നാലും ഗോളുകൾ നഷ്ടമാക്കിയതിന്റെ ദു:ഖം ടീം ക്യാംപിലും ഫാൻ ക്യാംപിലും വന്നിരിക്കുമെന്നു തീർച്ച.  

∙ പ്രതിരോധക്കോട്ടയിലെ ആക്രമണം  

ആക്രമണത്തിലെ തന്ത്രവിന്യാസത്തിനൊപ്പം നിൽക്കുന്നതാണു ഇവാൻ വുക്കൊമനോവിച്ചിന്റെ പ്രതിരോധം. തൊണ്ണൂറു മിനിറ്റിലും മിന്നുന്ന അറ്റാക്കിങ് ഗെയിമാണ് ഈ ബ്ലാസ്റ്റേഴ്സിന്റെ മുഖമുദ്രയെങ്കിലും പ്രതിരോധാത്മക ഫുട്ബോളിന്റെ വക്താവായി വിശേഷിപ്പിക്കപ്പെടുന്ന പരിശീലകനാണ് നെമാന്യ വിഡിച്ചിന്റെയും ബ്രാനിസ്ലാവ് ഇവാനോവിച്ചിന്റെയും നാട്ടിൽ നിന്നെത്തുന്ന വുക്കൊമനോവിച്ച്. ‍ഡിഫൻസീവ് മിഡ്ഫീൽഡർക്കു നിർണായക റോളുള്ള ‘4–4–2 ഡബിൾ 6’ ഫോർമേഷൻ ഏറെ ഇഷ്ടപ്പെടുന്ന, മുൻ ഡിഫൻസീവ് മിഡ്ഫീൽഡർ കൂടിയായ വുക്കൊമനോവിച്ച് ബ്ലാസ്റ്റേഴ്സിൽ പരീക്ഷിച്ചു വിജയിപ്പിക്കുന്നതും മറ്റൊന്നല്ല.

kbfc-players

ഡിഫൻസിലും ഒഫൻസിലുമായി ഇരട്ട റോൾ ദൗത്യം നൽകി, യുവ മിഡ്ഫീൽഡർമാരായ പ്യൂട്ടിയയിലൂടെയും ജീക്സൺ സിങ്ങിലൂടെയുമാണു കോച്ച് തന്റെ ഇഷ്ടതന്ത്രം വിജയക്കുതിപ്പിന്റെ ഇന്ധനമാക്കുന്നത്. എതിരാളികളുടെ മുന്നേറ്റങ്ങൾ മധ്യത്തിലെ നുള്ളുക എന്ന യൂർഗൻ ക്ലോപ്പിന്റെ ലിവർപൂൾ മാജിക്കിനു സമാനമായ പദ്ധതിയാണു ബ്ലാസ്റ്റേഴ്സിലൂടെ വുക്കൊമനോവിച്ചും നടപ്പാക്കുന്നത്.  

ജീക്സണും പ്യൂട്ടിയയും ചേർന്നൊരുക്കുന്ന ഹൈപ്രസിങ് കെണിയിൽ എതിരാളികളുടെ മധ്യത്തിന്റെ താളം തെറ്റുന്നതിൽ തുടങ്ങുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പ്രവർത്തനം. വിങ് ബാക്കുകൾ അറ്റാക്കിങ് മിഡ്ഫീൽഡിലേക്കു കുതിക്കുമ്പോഴെല്ലാം ജീക്സൺ സിങ്ങും പ്യൂട്ടിയയും ചേരുന്ന ഡിഫൻസീവ് മിഡ്ഫീൽഡ് ദ്വയം പിന്നോട്ടിറങ്ങി കാവലിൽ രണ്ടു കണ്ണും വയ്ക്കുന്നതിലാണു ടീമിന്റെ സുരക്ഷയുടെ താക്കോൽ.

KBFC-OFC-1

ജീക്സണും പ്യൂട്ടിയയും ബോക്സ് ടു ബോക്സ് സാന്നിധ്യമറിയിച്ചു റോന്ത് ചുറ്റുമ്പോഴും വിങ് ബാക്കുകൾ ഫൈനൽ തേഡിലേക്കു പറക്കുമ്പോഴും പാറപോലെ ഉറച്ചുനിൽക്കാൻ ശീലിച്ചവരാണ് ഈ സീസണിൽ ടീമിന്റെ സെന്റർ ബാക്കുകൾ. ലെസ്കോവിച്ചും സിപോവിച്ചും മുതൽ ഹോർമിപാമും ബിജോയിയും വരെയുള്ള സെന്റർ ബാക്കുകളുടെ ഈ ‘ഉറച്ച’ തീരുമാനം എതിരാളികളുടെ കൗണ്ടർ അറ്റാക്കിങ് ഭീഷണികളിൽ കുറച്ചൊന്നുമല്ല ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചിട്ടുള്ളത്.  

∙ ഒരുപടി കൂടെ കടന്ന വുക്കൊമനോവിച്ച്  

പ്രതിരോധത്തിൽ നിന്നു മുന്നേറ്റങ്ങൾ തുടങ്ങുന്നത് ഏതാണ്ടെല്ലാ ടീമുകളിലും കണ്ടുശീലിച്ച ഒന്നാണെങ്കിൽ സെർബിയൻ പരിശീലകൻ ഒരുപടി കൂടി കടന്നു മുന്നേറ്റത്തിൽ നിന്നും ‘പ്രതിരോധം’ ആവശ്യപ്പെടുന്ന കൗശലക്കാരനാണ്. ഫോർവേ‍ഡുകളായ വാസ്കെസിലും പെരേരയിലും അറ്റാക്കിങ് മിഡ്ഫീൽഡിലെ സഹലിലുമായി തുടങ്ങുന്നതാണു വുക്കുമാനോവിച്ച് ബ്ലാസ്റ്റേഴ്സിനെ പഠിപ്പിച്ച പ്രതിരോധശൈലി. പ്രതിരോധ താരങ്ങൾ പയറ്റുന്ന ടാക്ലിങ്ങും ഇന്റർസെപ്ഷനും ഏരിയൽ ഏറ്റുമുട്ടലുമെല്ലാം അതേ സ്പിരിറ്റോടെ ഫൈനൽ തേഡിൽ പോലും പ്രയോഗിച്ചു തുടങ്ങിയിടത്താണ് ബ്ലാസ്റ്റേഴ്സ് ഇക്കുറി വ്യത്യസ്തമായ സംഘമായത്.

KBFC-OFC-3

കിറുകൃത്യം പാസിങ്ങിലും മിസ് പാസ് ആയാൽ പോലും ഏതു വിധത്തിലും പന്ത് തിരിച്ചടുക്കാനുള്ള കനത്ത പ്രസിങ്ങിലും എതിർ പ്രതിരോധത്തിലും മധ്യത്തിലും വീഴ്ത്തുന്ന വിള്ളൽ ചെറുതൊന്നുമല്ല. കടുത്ത മാർക്കിങ്ങിന്റെ കെട്ടുപൊട്ടിക്കാതെ ഒരു എതിർതാരത്തിനും ബ്ലാസ്റ്റേഴ്സിന്റെ ബോക്സിലേക്ക് ഇരച്ചുകയറാനാവില്ല. ഇനി അത്തരമൊരു അവസരം ലഭിച്ചാൽതന്നെ ആ താരത്തിന്റെ സപ്ലൈ ലൈൻ മുറിച്ചാകും ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മറുപടി.

ഫ്രണ്ട്‌ലൈൻ എന്നോ ബാക്ക്‌ലൈൻ എന്നോ ഉള്ള ഭേദഭാവങ്ങളില്ലാതെ തൊണ്ണൂറു മിനിറ്റും പ്രസ് ചെയ്യാൻ ഒരു മടിയും കാട്ടാത്ത താരക്കൂട്ടം, ഒരാൾ വീണാൽ അടുത്തയാൾ ഇരമ്പിക്കയറിയെത്തുന്ന ഇന്റർസെപ്ഷൻ ദൗത്യങ്ങൾ, കളത്തിലെ മൾട്ടി റോൾ ഒരു കൂസലുമില്ലാതെ കൈകാര്യം ചെയ്യുന്ന യൂട്ടിലിറ്റി താരങ്ങൾ, മുഖത്തും ഭയാശങ്കകൾ നിഴലിച്ചാലും പ്രവൃത്തിയിൽ സുരക്ഷയുടെ വൻമതിലാകുന്ന യുവ ഗോൾകീപ്പർ, സമർപ്പണത്തിന്റെയും പ്രയത്നത്തിന്റെയും കാര്യത്തിൽ തദ്ദേശതാരങ്ങളോടു മത്സരിക്കുന്ന വിദേശതാരനിര... വുക്കൊമനോവിച്ചിന്റെ ബ്ലാസ്റ്റ് വേറെ ലെവൽ ആകുന്നതിന്റെ കാരണങ്ങൾക്ക് ഇത്തിരി നീളമേറും.

English Summary: Kerala Blasters FC Vs Odisha FC ISL 2021-22 Match - Analysis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA