കേരളത്തിന്റെ കില്ലാടി, ഗിൽ എന്ന കാവൽ പോരാളി; പകരക്കാരനായി വന്ന് ഇന്ന് ഒന്നാമൻ!

prabhsukhan-singh-gill
ഒഡീഷയ്‌ക്കെതിരെ പ്രഭ്‌സുഖൻ സിങ് ഗില്ലിന്റെ സേവ് (ട്വിറ്റർ ചിത്രം)
SHARE

വാസ്കോ തിലക് മൈതാനിയിൽ ഒഡീഷ എഫ്സിക്ക് എതിരായ ഐഎസ്എൽ പോരാട്ടം. 25–ാം മിനിറ്റിൽ ബോക്സിലേക്ക് നീട്ടിക്കിട്ടിയ പന്തിനെ ഒന്ന് വെട്ടിത്തിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്തേക്ക് തീയുണ്ട പോലെ  പായിക്കുന്ന ഒഡീഷയുടെ സ്പാനിഷ് താരം ഹാവി ഹെർണാണ്ടസ്. ഗോൾ എന്നുറപ്പിച്ച നിമിഷം. പക്ഷേ ഒഡീഷയ്ക്കു തെറ്റി. ഗോൾ മുഖത്ത് അചഞ്ചലനായി ഒരു കില്ലാടി കാത്ത് നിൽപ്പുണ്ടെന്ന് അവർ മറന്നു. പ്രഭ്സുഖൻ ഗിൽ എന്ന 21 കാരൻ. ബോൾ തട്ടിയകറ്റിയ ഗിൽ ഇതൊക്കെയെന്ത് എന്ന ഭാവത്തിൽ ബാറിനു താഴെ അടുത്ത ഷോട്ട് പ്രതീക്ഷിച്ചു കാത്തുനിന്നു.

ഒഡീഷ നിരാശയോടെ തലയിൽ കൈവച്ച നിമിഷം. കേരളം അഭിമാനത്തോടെ ഇടനെഞ്ചിൽ കൈ ചേർത്ത നിമിഷം. ഇത് പക്ഷേ, ഒരു ‘ഒറ്റപ്പെട്ട സംഭവം അല്ല’. കേരളത്തിന്റെ കഴിഞ്ഞ എട്ട്  മത്സരങ്ങളിൽ ബാറിനു താഴെ അക്ഷോഭ്യനായി ഈ 182 സെന്റീമീറ്റർ ഉയരക്കാരനുണ്ട്. 

∙ ഗോൾഡൻ ഗിൽ

ഐഎസ്എലിലെ ഗോൾഡൻ ഗ്ലൗ പുരസ്കാരത്തിനു വേണ്ടിയുള്ള റേറ്റിങ്ങിൽ ഒന്നാമനാണ് ഗിൽ. ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു അടക്കമുള്ള വമ്പന്മാരെ പിന്നിലാക്കിയാണ് ഗിൽ ഈ സ്ഥാനത്ത് തുടരുന്നത്. 128.8 മിനിറ്റാണ് ഗോൾ വഴങ്ങാൻ ഗിൽ എടുക്കുന്ന ശരാശരി സമയം. രണ്ടാം സ്ഥാനത്തുള്ള ജംഷഡ്പുർ എഫ്സിയുടെ മലയാളി ഗോൾകീപ്പർ ടി.പി. രഹ്നേഷിന് ഈ സമയം 81.5 മിനിറ്റാണ്.

4 മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കി ഗിൽ. വഴങ്ങിയത് 5 ഗോളുകൾ. 22 തവണ വലകുലുങ്ങേണ്ട അവസരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ തല പോകാതെ കാത്തു. ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ഗോൾകീപ്പറും ഗിൽ തന്നെ. 

∙ അണ്ടർ 17 ലോകകപ്പ് താരം

പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച പ്രഭ്സുഖൻ ഗിൽ ചഢീഗഡ് ഫുട്ബോൾ അക്കാദമി വഴിയാണു ഫുട്ബോൾ മൈതാനത്തേക്ക് എത്തുന്നത്. സഹോദരൻ ഗുർസിമ്രത് സിങ് ഗില്ലിനെ കണ്ടാണു പ്രഭുസുഖനും കാൽപ്പന്തിന്റെ വഴിയിലേക്ക് എത്തിയത്. സഹോദരൻ ഗോൾവലയ്ക്കു മുൻപിൽ പ്രതിരോധക്കോട്ട കെട്ടാൻ തീരുമാനിച്ചപ്പോൾ പ്രഭുസുഖൻ കുറച്ചു കൂടി അകത്തേക്ക് വലിഞ്ഞ് ഗോൾവല കാക്കുന്ന ജോലി ഏറ്റെടുത്തു. സെന്റർബാക്കായ ഗുർസിമ്രത് ഇപ്പോൾ എടികെ മോഹൻ ബഗാൻ താരമാണ്. സഹോദരങ്ങൾ രണ്ട് ടീമുകളിലായി ഐഎസ്എലിൽ കളിക്കുന്നതും ഒരു അപൂർവത.

prabhsukhan-singh-gill-1

ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിനുള്ള ടീമിൽ എഐഎഫ്എഫ് എലൈറ്റ് അക്കാദമി വഴി പ്രഭ്സുഖനും ഇടംപിടിച്ചു. തുടർന്ന് എഐഎഫ്എഫിന്റെ ഇന്ത്യൻ ആരോസ് ടീമിന്റെ താരമായി. ധീരജ് സിങ് ആരോസ് വിട്ടപ്പോൾ പകരക്കാരനായി 2018ൽ തന്റെ 17–ാം വയസ്സ് തികയുന്ന ജനുവരി 2ന് ആദ്യമായി ഗിൽ ഐ ലീഗിൽ കളിച്ചു. തുടർന്നു ബെംഗളൂരു എഫ്സിയിലേക്ക് എത്തിയ പ്രഭ്സുഖന് അവിടെ കാര്യമായി ജോലി ഉണ്ടായില്ല.

prabhsukhan-singh-gill-3

കഴിഞ്ഞ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലേക്ക് രണ്ടു വർഷത്തെ കരാറുമായി ഗിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലും ഈ കൗമാരക്കാരനു വലിയ പണിയില്ലായിരുന്നു. ഈ സീസണിൽ ആണ് മറ്റുള്ളവർക്കുള്ള ‘പണി’യായി ഗിൽ ഉയർന്നു വന്നത്. ആദ്യ മൂന്നു മത്സരങ്ങൾക്കു ശേഷം ഒഡീഷ എഫ്സിക്ക് എതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഗോൾ കീപ്പർ ആൽബിനോ ഗോമസിന് പരുക്കേറ്റപ്പോഴാണ് ഗിൽ ഗോൾ ബാറിന് താഴെ എത്തുന്നത്.

prabhsukhan-singh-gill-4
കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർമാരായ സച്ചിൻ സുരേഷ്, ആൽബിനോ ഗോമസ് എന്നിവർക്കൊപ്പം പ്രഭ്‌സുഖൻ സിങ് ഗിൽ (കെബിഎഫ്‍സി ട്വീറ്റ് ചെയ്ത ചിത്രം)

പകരക്കാരനായി എത്തിയ ഗിൽ പിന്നീട് കേരളത്തിന്റെ പ്രധാന ഗോൾകീപ്പറായി. ഇന്‍സ്റ്റാ റീൽസുകളിലെ ബാക്ഗ്രൗണ്ട് സ്കോർ ഇവിടെ ചേരും – ‘വാരിയർ പറയും പോലെ ഇത് അയാളുടെ കാലമല്ലേ.... ’

∙ വണ്‍ഡേ വണ്ടറിൽ വിശ്വസിക്കാനില്ലെന്ന് വുക്കോമനോവിച്

ഒരോ പടികൾ കയറിയാണ് ഞങ്ങൾ വരുന്നതെന്നും വൺഡേ വണ്ടറിൽ വിശ്വസിക്കുന്നില്ലെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്. ഒഡീഷ എഫ്സിക്ക് എതിരായ മത്സരം ശേഷം പ്രതികരിക്കുകയായിരുന്നു പരിശീലകൻ. പ്രധാന താരങ്ങളെ മാത്രമല്ല ശ്രദ്ധിക്കുന്നത്. ടീം വൈവിധ്യവൽക്കരിക്കാനാണു ശ്രമം. ലീഗ് മത്സരം മുറുകുമ്പോൾ നമ്മുടെ കീ പ്ലെയഴ്സിനെ എതിരാളികൾ നോട്ടമിടും. അപ്പോൾ രണ്ടാം ലെയർ അവരെ ആക്രമിക്കും. നിഷു ഇറങ്ങി. മനോഹരമായി കളിച്ചു. ഗോളും സ്വന്തമാക്കി. സമ്മർദങ്ങൾ വരാതെയാണു ടീമിന്റെ കളി. സമ്മർദമല്ല  ഫുട്ബോൾ. അത് വളരെ സന്തോഷത്തോടെ കളിക്കേണ്ട ഒന്നാണ്. പരമാവധി പോസിറ്റീവായി നിൽക്കാനാണു ശ്രമമെന്നും വുക്കൊമനോവിച് പറഞ്ഞു. 

English Summary: Prabhsukhan Singh Gill, The Saviour of Kerala Blasters FC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA