ADVERTISEMENT

മഹാത്മാ ഗാന്ധി സർവകലാശാല നീണ്ട 27 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ദക്ഷിണമേഖല അന്തർ സർവകലാശാല ഫുട്ബോൾ കിരീടം കരസ്ഥമാക്കിയിരുന്നു. ഈ നേട്ടത്തിന്റെ വെളിച്ചത്തിൽ ചങ്ങനാശേരി എസ്ബി കോളജിലെ ഫുട്ബോൾ സ്പോർട്സ് ഹോസ്റ്റലിലെ ആദ്യകാല താരവും മുൻ സംസ്ഥാന താരവുമായ ഡി. വേണുഗോപാൽ എഴുതുന്നു...

എംജി സർവകലാശാലയുടെ ഈ നേട്ടം ഫുട്ബോൾ പ്രേമികളെ സംബന്ധിച്ച് ആഹ്ലാദത്തിന്റെ നിമിഷങ്ങളാണ്. ഒപ്പം, ടീമിലെ ഓരോ കളിക്കാരനും പരിശീലകർക്കും അഭിനന്ദനങ്ങളും ആശംസകളും. ഈ അവസരത്തിൽ മഹാത്മ ഗാന്ധി സർവകലാശാലയുടെ ഫുട്ബോൾ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാം.

1984-85 കാലഘട്ടത്തിൽ കേരള സർവകലാശാല വിഭജിച്ചാണ് എംജി സർവകലാശാല രൂപം കൊള്ളുന്നത്. അതിന്റെ വടക്ക് – കിഴക്ക് പ്രദേശങ്ങളായ തിരുവല്ല, കോഴഞ്ചേരി, ചങ്ങനാശേരി, കോട്ടയം, ഇടുക്കി എറണാകുളം, ആലുവ (അതായത് കേരളാ സർവകലാശാലയുടെ ഫുട്ബോളിന്റെ മലബാർ എന്നറിയപ്പെടുന്ന ഈ പ്രദേശങ്ങളിലെ പ്രമുഖ കോളജുകളായ മാർത്തോമാ കോളജ്, തിരുവല്ല, സെന്റ് തോമസ് കോളജ്, കോഴഞ്ചേരി, എസ്ബി കോളജ്, ചങ്ങനാശേരി (സ്പോർട്സ് ഹോസ്റ്റൽ ഫുട്ബോൾ), ബസേലിയോസ് കോളജ്, സിഎംഎസ് കോളജ്, കോട്ടയം, മഹാരാജാസ് കോളജ്, സെന്റ് ആൽബർട്ട്സ് കോളജ്, എറണാകുളം തുടങ്ങിയ) കേന്ദ്രീകരിച്ചായിരുന്നു പുതിയ സർവകലാശാലയുടെ പിറവി.

mg-university-team-1
എംജി സർവകലാശാലയുടെ പഴയകാല ടീം (ഫയൽ ചിത്രം)

ആദ്യ വർഷം തന്നെ ദക്ഷിണ മേഖല അന്തർ സർവകലാശാല കിരീടം ചൂടിയ ചരിത്രം ആണ് എംജി സർവകലാശാലയ്ക്ക് പറയുവാനുള്ളത്. അന്ന് ഫൈനലിൽ പരാജയപ്പെടുത്തിയത് മുൻവർഷത്തെ അഖിലേന്ത്യാ വിജയികളായ, സർവകലാശാല മത്സരങ്ങളിൽ എന്നും മുൻപന്തിയിൽ ഉള്ള സ്വന്തം അയൽക്കാരായ കാലിക്കറ്റ് സർവകലാശാലയെയാണ് എന്നത് നേട്ടം കൂടുതൽ മാധുര്യമുള്ളതാക്കി.

അന്ന് ടീമിനെ നയിച്ച സെയ്താലി ഉൾപ്പെടെ അരഡസനോളം താരങ്ങൾ എസ്ബി കോളജിന്റെ സംഭാവനയായിരുന്നു. പരിശീലകനായി തിളങ്ങിയത് എസ്ബി കോളജ് കോച്ചും കേരളത്തിലെ സ്കൂൾ, കോളജ്, യൂണിവേഴ്സിറ്റി, സംസ്ഥാന, രാജ്യാന്തര തലത്തിൽ ഒരുപാട് താരങ്ങളെ വാർത്തെടുത്ത പരിശീലകനുമായ ഇരവിപേരൂരുകാരൻ രഞ്ജി കെ.ജേക്കബ്. താരങ്ങൾ ഏറെ സ്നേഹത്തോടെ രഞ്ജി സർ എന്നു വിളിക്കുന്ന അദ്ദേഹം ഇപ്പോൾ കെഎഫ്എ വൈസ് പ്രസിഡന്റാണ്.

mg-university-team-4
എംജി സർവകലാശാലയുടെ പഴയകാല ടീം (ഫയൽ ചിത്രം)

1985-86 കാലഘട്ടത്തിൽ ടീമിനെ നയിച്ച ടൈറ്റസും (കോഴഞ്ചേരി സെന്റ് തോമസ് കോളജ്) അന്ന് ടീമിൽ ഉണ്ടായിരുന്ന പത്തോളംകളിക്കാരും എസ്ബി കോളജിന്റെ താരങ്ങൾ ആയിരുന്നു. അന്ന് ടീമിൽ ഉണ്ടായിരുന്ന ഗോൾകീപ്പർ ചാക്കോ പിൽക്കാലത്ത് കേരളത്തിന്റെയും കേരളാ പോലീസിന്റേയും ഇന്ത്യയുടെയും ഗോൾവല കാത്തു. 

1986-87 കാലഘട്ടത്തിൽ ദക്ഷിണ മേഖല അന്തർസർവകലാശാല ഫുട്ബോളിൽ റണ്ണേഴ്സ് അപ്പ്, തൊട്ടടുത്ത സീസണിൽ ഓൾ ഇന്ത്യ റണ്ണേഴ്സ് അപ്പ് എന്നിങ്ങനെ നേട്ടങ്ങൾ കൂടിക്കൂടി വന്നു. ഓൾ ഇന്ത്യ റണ്ണേഴ്സ് അപ്പായ സമയത്ത് ടീമിനെ നയിച്ചിരുന്ന ക്യാപ്റ്റൻ രഞ്ജു മാത്യു എസ്‍ബി കോളജിന്റെ പ്രതിനിധിയായിരുന്നു. 1989–90ൽ വീണ്ടും എംജി സർവകലാശാല ദക്ഷിണ മേഖലയിൽ വിജയികളായി.

mg-university-team-3
എംജി സർവകലാശാലയുടെ പഴയകാല ടീം (ഫയൽ ചിത്രം)

ഇതിനു മുൻപ് ഏറ്റവുമൊടുവിൽ, 1994-95ൽ എംജി ദക്ഷിണ മേഖലയിൽ വിജയികളായപ്പോൾ എസ്ബി കോളജിൽനിന്നുള്ള മാമൻ ആയിരുന്നു നായകൻ. അദ്ദേഹം പിന്നീട് സന്തോഷ് ട്രോഫി ടീം അംഗവും കെഎസ്ഇബി താരവുമായി. 

മുൻ സന്തോഷ് ട്രോഫി താരങ്ങളായ അജിത് കുമാർ, പൊലീസ് ടീമിനും ദേശീയ ടീമിലും കളിച്ച കെ.ടി. ചാക്കോ, ജൂനിയർ ഇന്ത്യൻ താരങ്ങളായ രാജേഷ്, അക്ബർ, സന്തോഷ് ട്രോഫി താരവും ടൈറ്റാനിയം കളിക്കാരനുമായ ഹമീദ്, ഏഷ്യൻ അണ്ടർ 19 ചാംപ്യൻഷിപ്പിലും കേരള, എംജി സർവകലാശാലകൾക്കായും കളിച്ച് ഏറ്റവും മികച്ച യുവതാരത്തിനുള്ള ജി.വി. രാജ ഗോൾഡ് മെഡൽ നേടിയ സിയാദ് ലത്തീഫ് തുടങ്ങിയവരും എസ്ബി കോളജിൽനിന്നെത്തി എംജിയെ പ്രതിനിധീകരിച്ചവർ തന്നെ. ഈ കൂട്ടത്തിൽ പെടാത്ത ഒരുപാടു പേർ വേറെയുമുണ്ട്. 

mg-university-team-2
എംജി സർവകലാശാലയുടെ പഴയകാല ടീം (ഫയൽ ചിത്രം)

ഏകദേശം നൂറോളം പ്രമുഖരായ താരങ്ങൾ എസ്ബിയുടെ കളരിയിൽ രഞ്ജി സാറിന്റെ പരിശീലനത്തിൽ താരപരിവേഷം നേടി വിദേശത്തും മറുനാട്ടിലും

സ്വദേശത്തുമായി ഒട്ടേറെ ടീമുകൾക്കായി കളിച്ചു. അങ്ങനെ വളരെ സമ്പുഷ്ടമായ ഒരു ഫുട്ബോൾ പാരമ്പര്യമാണ് കുറഞ്ഞ സമയത്തിനുള്ളിൽ എംജി സർവകലാശാല നേടിയെടുത്തത്

എംജി സർവകലാശാലയുടെ ഫുട്ബോൾ പാരമ്പര്യത്തിന്, അതിന്റെ വളർച്ചയുടെ കാലങ്ങളിൽ ചങ്ങനാശേരി എസ്ബി കോളജും അവിടെനിന്നുള്ള കളിക്കാരും പരിശീലകരും നൽകിയ സംഭാവനകൾ വലുതാണ്. സർവ്വോപരി, കോളജ് മനേജ്മെന്റിന്റെ അകമഴിഞ്ഞ വിശ്വാസവും സ്നേഹവും പൂർണമനസ്സോടെയുള്ള പിന്തുണയും ഓർമിക്കേണ്ടതുതന്നെ.

∙ ലേഖകനായ ഡി. വേണുഗോപാൽ ചങ്ങനാശേരി എസ്ബി കോളജിലെ ഫുട്ബോൾ സ്പോർട്സ് ഹോസ്റ്റലിലെ ആദ്യകാല കളിക്കാരിലൊരാളാണ്. കസ്റ്റംസിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കേരളത്തിനായും മഹാരാഷ്ട്രയ്ക്കായും കളിച്ചു. ആലപ്പുഴ സ്വദേശിയാണ്.

Content Highlights: MG University Football Team, South Zone Inter-university football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com