സ്പാനിഷ് സൂപ്പർ കപ്പിൽ റയലിനു ക്ലാസിക്കോ സെഞ്ചുറി; ബാർസയെ വീഴ്ത്തി ഫൈനലിൽ

SOCCER-SPAIN-FCB-MAD/REPORT
വിജയഗോൾ നേടിയ റയൽ താരം വാൽവെർദെയുടെ ആഹ്ലാദം.
SHARE

റിയാദ് ∙ റയൽ മഡ്രിഡ് ആരാധകർക്ക് ആഹ്ലാദിക്കാം; എൽ ക്ലാസിക്കോ മത്സരങ്ങളിൽ 100–ാം ജയം കുറിച്ച് ടീം സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലെത്തിയിരിക്കുന്നു. ബാർസിലോന ആരാധകർക്ക് ആശ്വസിക്കാം; തോറ്റു പോയെങ്കിലും ഈ ടീമിൽ പ്രതീക്ഷയ്ക്കു വകയുണ്ട്! സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ നടന്ന സെമിയിൽ 3–2നാണു റയലിന്റെ ജയം. അധികസമയത്തേക്കു നീണ്ട കളിയിൽ ഫെഡെറിക്കോ വാൽവെർദെയാണു റയലിന്റെ വിജയഗോൾ നേടിയത്. നിശ്ചിത സമയത്തു 2 വട്ടം തിരിച്ചടിച്ചാണു ബാർസ റയലിന് ഒപ്പമെത്തിയത്. അത്‌ലറ്റിക്കോ മഡ്രിഡ്–ബിൽബാവോ സെമി വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റയൽ നേരിടും.

പുതിയ പരിശീലകൻ ചാവിക്കു കീഴിലുള്ള ആദ്യ എൽ ക്ലാസിക്കോയിൽ ബാർസ ആത്മവിശ്വാസത്തോടെ കളിച്ചെങ്കിലും അതിവേഗത്തിലുള്ള പ്രത്യാക്രമണങ്ങൾ റയലിനു തുണയായി. വിനീസ്യൂസ് ജൂനിയർ (25), കരിം ബെൻസേമ (72) എന്നിവരാണ് റയലിന്റെ ആദ്യ 2 ഗോളുകൾ നേടിയത്. ലൂക്ക് ഡി യോങ് (41), അൻസു ഫാറ്റി (83) എന്നിവർ ബാർസയ്ക്കായി ലക്ഷ്യം കണ്ടു. ബാർസിലോനയ്ക്കെതിരെയുള്ള 248 എൽ ക്ലാസിക്കോ മത്സരങ്ങളിൽ റയലിന്റെ 100–ാം ജയമാണിത്.

∙ യുവെ വീണു; ഇന്ററിന് സൂപ്പർ കപ്പ്

മിലാൻ ∙ അധികസമയത്തേക്കു നീണ്ട കളിയിൽ അവസാന നിമിഷം നേടിയ ഗോളിൽ യുവെന്റസിനെ 2–1നു തോൽപിച്ച് ഇന്റർ മിലാൻ ഇറ്റാലിയൻ കപ്പ് ഫുട്ബോളിൽ ജേതാക്കളായി. അലക്സിസ് സാഞ്ചസാണ് എക്സ്ട്രാ ടൈമിന്റെ ഇൻജറി ടൈമിൽ (120+1) ഇന്ററിന്റെ വിജയഗോൾ നേടിയത്. 25–ാം മിനിറ്റിൽ വെസ്റ്റൺ മക്കെനിയുടെ ഗോളിൽ യുവെ ലീഡ് നേടി. 35–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ലൗറ്റാരോ മാർട്ടിനസ് ഇന്ററിനെ ഒപ്പമെത്തിച്ചു.

SOCCER-ITALY-INT-JUV/REPORT
ഇന്റർ താരങ്ങൾ കിരീടവുമായി.

∙ ലീഗ് കപ്പ്: ചെൽസി ഫൈനലിൽ

ലണ്ടൻ ∙ ടോട്ടനം ഹോട്സ്പറിനെ മറികടന്ന് ചെൽസി ഇംഗ്ലിഷ് ലീഗ് കപ്പ് ഫൈനലിൽ. ഇരുപാദങ്ങളിലുമായി 3–0നാണു നീലപ്പടയുടെ ജയം. ഇന്നലെ ടോട്ടനമിന്റെ മൈതാനത്തെ 2–ാം പാദത്തിൽ ചെൽസി 1–0നു ജയിച്ചു. 18–ാം മിനിറ്റിൽ അന്റോണിയോ റുഡിഗറാണ് വിജയഗോൾ നേടിയത്. ഫെബ്രുവരി 27നു നടക്കുന്ന ഫൈനലിൽ ആർസനൽ–ലിവർപൂൾ സെമി വിജയികളെ ചെൽസി നേരിടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS