ADVERTISEMENT

പനജി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) മോശം പ്രകടനം തുടരുന്ന ഒഡീഷ എഫ്സിയുടെ മുഖ്യ പരിശീലകൻ കികോ റാമിറസിനെ ക്ലബ് പുറത്താക്കി. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോറ്റതിനു പിന്നാലെയാണ് റാമിറസിന് മുഖ്യ പരിശീലകസ്ഥാനം നഷ്ടമായത്. കിനോ ഗാർഷ്യെ താൽക്കാലിക പരിശീലകനായി ക്ലബ് പ്രഖ്യാപിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ഒഡീഷയുടെ അടുത്ത മത്സരത്തിൽ കിനോ ചുമതലയേറ്റെടുക്കും.

ഏറ്റവും ഒടുവിൽ കളിച്ച ഏഴു മത്സരങ്ങളിൽനിന്ന് ഒഡീഷ എഫ്‍സിക്ക് നേടാനായത് രണ്ടു ജയം മാത്രമാണ്. 11 ടീമുകൾ പങ്കെടുക്കുന്ന ലീഗിൽ നിലവിൽ ഒൻപതാം സ്ഥാനത്താണ് ഒഡീഷ. ഇതുവരെ 10 കളികളിൽനിന്ന് നാലു ജയവും ഒരു സമനിലയും സഹിതം 13 പോയിന്റാണ് ഒഡീഷയുടെ സമ്പാദ്യം.

അതേസമയം, നിലവിൽ ഒന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സുമായുള്ള പോയിന്റ് വ്യത്യാസം ഏഴു മാത്രമായതിനാൽ, മികച്ച തിരിച്ചുവരവിലൂടെ പ്ലേഓഫിലെത്താമെന്ന് ഒഡീഷ കണക്കുകൂട്ടുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (9), ഈസ്റ്റ് ബംഗാൾ (6) എന്നീ ടീമുകൾ മാത്രമാണ് പോയിന്റ് പട്ടികയിൽ ഒഡീഷയ്ക്കു പിന്നിലുള്ളത്.

‘മുഖ്യ പരിശീലകൻ കികോ റാമിറസുമായുള്ള കരാർ ഒഡീഷ എഫ്‍സി റദ്ദാക്കുന്നു. ഏറെ ബുദ്ധിമുട്ടിയാണ് ക്ലബ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ക്ലബ്ബിന്റെ ടെക്നിക്കിൽ കമ്മിറ്റിയുമായി നടത്തിയ ചർച്ചയിൽ മാറ്റം അനിവാര്യമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ സീസണിൽത്തന്നെ കൂടുതൽ മികച്ച ഫലമുണ്ടാക്കുന്നതിനായി പരിശീലകനെ മാറ്റുന്നത്’ – ഒഡീഷ എഫ്‍സി പ്രസ്താവനയിൽ വ്യക്തമാക്കി.

English Summary: Odisha FC sack head coach at midway stage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com