3 ദിവസം ഹോട്ടലിൽ ‘ലോക്കായ’ ബ്ലാസ്റ്റേഴ്സ് ഇന്ന് ഒരുങ്ങിയെത്തുന്ന മുംബൈയ്‌ക്കെതിരെ!

kbfc-players
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ (കെബിഎഫ്‍സി ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ഗോവ∙ മൂന്നു ദിവസമായി പരിശീലനമില്ലാതെ, ഹോട്ടൽ മുറിയിൽ അടച്ചുപൂട്ടിക്കഴിയുന്ന കേരള ബ്ലാസ്റ്റേഴ്സ്. കഴി​ഞ്ഞ ദിവസങ്ങളിലെല്ലാം പരിശീലനം നടത്തിയ മുംബൈ സിറ്റി എഫ്സി. ഇവർ തമ്മിൽ ഗോവ വാസ്കോയിൽ ഇന്ന് ഏറ്റുമുട്ടുമെന്നാണ് ഐഎസ്എൽ മത്സരക്രമം വിളിച്ചുപറയുന്നത്. ഈ മത്സരം ആർക്കുവേണ്ടി?

ബ്ലാസ്റ്റേഴ്സ് താമസിക്കുന്ന ഹോട്ടലിൽ ഏതാനും ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു ടീം അപ്പാടെ ‘ലോക്ഡൗണിൽ’ ആണ്. കഴിഞ്ഞ ബുധൻ രാത്രി ഒഡീഷയ്ക്കെതിരെ ജയിച്ചതിനുശേഷം കളിക്കാർ പുറത്തിറങ്ങിയിട്ടില്ല. പന്തു തട്ടിയിട്ടില്ല. ജിം ഉപയോഗിച്ചിട്ടില്ല. എല്ലാവരും മുറികൾക്കുള്ളിലാണ്. ബോറടി മാറ്റാൻപോലും ഒരു മുറിയിൽനിന്നു മറ്റൊന്നിലേക്കു പോകാൻ പാടില്ല. ഈ സാഹചര്യത്തിൽ മത്സരം എന്തിനുവേണ്ടി?

ഓരോ കളിക്കാരും അവരവരുടെ മുറിയിൽ അടച്ചിരിക്കേണ്ട സാഹചര്യം കോച്ചിനും അദ്ദേഹത്തിന്റെ സപ്പോർട്ട് ടീമിനും ബാധകമാണ്. 3 ദിവസമായി ടീം മീറ്റിങ് ചേർന്നിട്ടില്ല. എതിരാളിയുടെ വിഡിയോ ദൃശ്യങ്ങൾ കണ്ടുള്ള വിശകലനം സാധ്യമായിട്ടില്ല. കോച്ചിനും സഹപ്രവർത്തകർക്കും സീനിയർ കളിക്കാരുമായി ചർച്ചകളും നടത്താനായില്ല. ഈ മത്സരത്തിൽ വിജയം ആർക്കാവും?

ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ 9 ടീം പരിശീലനമില്ലാതെ ‘ക്യാംപ് ലോക്ഡൗൺ’ അനുഭവിക്കുകയാണ്. പരിശീലനം സാധ്യമായ ടീമും പൂട്ടിയിടപ്പെട്ട ടീമും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യം കളിക്കളത്തിലെ അനീതിയാകും. ആശങ്കയിലാണ് ആരാധകർ.

∙ ആശങ്ക തുറന്നുപറഞ്ഞ് പരിശീലകൻ

ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുക്കൊമനോവിച് പറയുന്നു: ‘ഇവിടെ ആരും ഫുട്ബോളിനെക്കുറിച്ചു സംസാരിക്കുന്നില്ല. കോവിഡിനെക്കുറിച്ചും ടീം ക്യാംപിൽ അതു പരത്തുന്ന ഭീഷണിയെക്കുറിച്ചുമാണു ചർച്ച. ഇവിടെ കളിക്കാരുടെ ജീവിതപങ്കാളികളും കുട്ടികളുമുണ്ട്. ഒരാൾ ഗർഭിണിയുമാണ് (ഡിഫൻഡർ എനെസ് സിപോവിച്ചിന്റെ ഭാര്യ). മുറിക്കുള്ളിൽ പൂട്ടിയിടപ്പെട്ട കളിക്കാർ പരിശീലനമില്ലാതെ കളത്തിലിറങ്ങിയാൽ അതു നല്ല ഫുട്ബോളാവില്ല. പരുക്കുകൾ മാത്രമാവും ഫലം. അതു കളിക്കാരുടെ പ്രഫഷനൽ ജീവിതത്തെ ബാധിക്കും. സംഘാടകർ ഉചിതമായതു ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. കളിക്കാർ മത്സരത്തിനുള്ള മാനസികാവസ്ഥയിലല്ല.’

English Summary: Mumbai City FC vs Kerala Blasters, ISL 2021-22 Match, Live Updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA