ADVERTISEMENT

കോതമംഗലം ∙ അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബോൾ കിരീടം കാലിക്കറ്റിന്. ജലന്തർ സന്ത് ബാബാ ഭാഗ് സിങ് സർവകലാശാലയെ 2–0നു കീഴടക്കിയാണു കാലിക്കറ്റ് സർവകലാശാലാ ടീം ജേതാക്കളായത്. കാലിക്കറ്റ് സർവകലാശാലയുടെ 11–ാം അഖിലേന്ത്യ അന്തർ സർവകലാശാലാ പുരുഷ ഫുട്ബോൾ കിരീടമാണിത്. ഇതോടെ ഏറ്റവുമധികം തവണ അശുതോഷ് മുഖർജി ഷീൽഡിൽ മുത്തമിടുന്ന ടീമായി കാലിക്കറ്റ്. പ്രഥമ കിരീടം നേടിയതിന്റെ 50–ാം വാർഷികത്തിലാണ് ഇത്തവണ കാലിക്കറ്റ് സർവകലാശാല അഖിലേന്ത്യ കിരീടം വീണ്ടെടുക്കുന്നത്. 

യു.കെ.നിസാമുദ്ദീൻ (18’), മുഹമ്മദ് ഷഫ്നീദ് (22’) എന്നിവർ കാലിക്കറ്റിനായി വിജയ ഗോളുകൾ നേടി. മികച്ച ആസൂത്രണത്തോടെ ചിട്ടയായ കളിയായിരുന്നു കാലിക്കറ്റിന്റേത്. 

പ്രതിരോധം മുതൽ ആക്രമണം വരെ ആസൂത്രണ മികവും കളിമിടുക്കും പ്രകടമായി. ഫൈനലിന്റെ മുഴുവൻ സമയവും ആധിപത്യം പുലർത്തിയാണു കാലിക്കറ്റിന്റെ കിരീടധാരണം. ദക്ഷിണ മേഖലാ ജേതാക്കളായ കോട്ടയം എംജി സർവകലാശാലയെ സെമിയിൽ 1–0നു തോൽപിച്ചാണു കാലിക്കറ്റ് ഫൈനലിൽ എത്തിയത്. 2–ാം സെമിയിൽ പട്യാല പഞ്ചാബി സർവകലാശാലയെ (1–0) സന്ത് ബാബാ കീഴടക്കി. 

മികച്ച താരങ്ങൾ

ഗോളി: പി.കെ.ശുഹൈബ് (കാലിക്കറ്റ്), ഡിഫൻഡർ: അജയ് അലക്സ് (എംജി), മിഡ്ഫീൽഡർ: നിതിൻ വിൽസൺ (എംജി), സ്ട്രൈക്കർ: പി.കെ. മിഷാൽ (കാലിക്കറ്റ്).

∙ കാലിക്കറ്റ് ടീമിന്റെ പരിശീലകൻ സതീവൻ ബാലന് ഇതു നാലാമത്തെ അഖിലേന്ത്യ അന്തർ സർവകലാശാല കിരീട നേട്ടമാണ്.

ഇവർ താരങ്ങൾ

കാലിക്കറ്റ് ടീമംഗങ്ങൾ: പി.പി.മുഹമ്മദ് ഷഫ്നീദ് (ക്യാപ്റ്റൻ, ഗുരുവായൂർ ശ്രീകൃഷ്ണ കോളജ്), പി.കെ.ശുഹൈബ് (ഗോളി – മമ്പാട് എംഇഎസ്), ഭാവൈൻ നാരായണൻ (ഗോളി – കോഴിക്കോട് ഇസെഡ്ജിസി), ബി.ആർ.ഇസ്മായിൽ, പി.നജീബ്, മുഹമ്മദ് നിഷാം (വളാഞ്ചേരി എംഇഎസ് കെവിഎം), കെ.അമീൻ, മുഹമ്മദ് റമീഫ് (മമ്പാട് എംഇഎസ്), പി.ഫാഹിസ്, സി.മുഹമ്മദ് ഇഹ്സാൽ, കെ.പി.അബ്ദുൽ സമീഹ്, എം.എ.ശുഹൈൽ (കോഴിക്കോട് ഫാറൂഖ് കോളജ്), ഷഹീഫ് (തൃശൂർ സെന്റ് തോമസ്), തേജസ് കൃഷ്ണ (പാലക്കാട് വിക്ടോറിയ), അബ്ദുൽ റഷീദ്, യു.കെ.നിസാമുദ്ദീൻ ( കൊണ്ടോട്ടി ഇഎംഇഎ), വി.പി.അബ്ദുൽ ഡാനിഷ് (സെന്റ് ജോസഫ്സ് ദേവഗിരി), ആദിൽ ഷിബു (ഇരിങ്ങാലക്കുട ക്രൈസ്റ്റ്), കെ.പി.ഷംനാദ് (തൃശൂർ സെന്റ് തോമസ്), പി.കെ.മിഷാൽ (മുക്കം എംഎഎംഒ). പരിശീലകൻ: സതീവൻ ബാലൻ, സഹപരിശീലകൻ: മുഹമ്മദ് ഷഫീഖ് (ഡിപിഇ, യൂണിവേഴ്സിറ്റി), മാനേജർ: ഇർഷാദ് ഹസൻ ( ഫാറൂഖ് കോളജ് ), ഫിസിയോ: ഡെന്നി ഡേവിസ്. 

English Summary: Inter-university football: Calicut emerge champions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com