‘ചാംപ്യൻഷിപ്പ് സമാപിച്ചു, കാലിക്കറ്റ് കിരീടവും ചൂടി; എങ്കിലും ചിലതു പറയാതെ വയ്യ’

calicut-university
കാലിക്കറ്റ് താരങ്ങൾ കിരീടവുമായി
SHARE

എംജി സർവകലാശാല ആതിഥേയത്വം വഹിച്ച കോതമംഗലം എംഎ കോളേജിന്റെ വേദികളിലായി അരങ്ങേറിയ അഖിലേന്ത്യാ അന്തർ സർവകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കിരീടം കാലിക്കറ്റിന്. റെക്കോർഡ് നേട്ടത്തോടെ പതിനൊന്നാം തവണയാണ് ‌സർ അശുതോഷ് മുഖർജി ഷീൽഡിൽ കാലിക്കറ്റ് സർവകലാശാല മുത്തമിടുന്നത്. അഭിനന്ദനങ്ങൾ ടീമിനും കോച്ചിനും.

കോവിഡിന്റെ പുതിയ രൂപമായ ഒമിക്രോൺ ഭീതിയിൽ ആയിരുന്നു മത്സരങ്ങൾ അരങ്ങേറിയതെങ്കിലും‌ം സമയപരിധിക്കുള്ളിൽ അവസാനിച്ചു എന്നു സംഘാടകർ അവകാശപ്പെടുമ്പോഴും ചില വേദനിപ്പിക്കുന്ന സത്യങ്ങൾ, സംഭവങ്ങൾ, അനുഭവങ്ങൾ കണ്ടതും കേട്ടതും അറിഞ്ഞതും പറയാതിരിക്കാൻ കഴിയില്ല.

ഭാരതത്തിലെ യുവതലമുറയുടെ കായികമികവിനോടൊപ്പം അക്കാദമിക് മികവും കരുപ്പിടിപ്പിക്കുന്ന വേദികളാണ് ഓരോ സർവകലാശാലകളും. ദക്ഷിണ മേഖല അന്തർസർവകലാശാല മത്സരങ്ങളിൽ പങ്കെടുത്തത് ഏകദേശം 88 ഓളം ടീമുകൾ. ഗ്രൂപ്പ് ഘട്ടത്തിൽ മാത്രം ഏഴോളം കളികൾ. സെമിയിൽ എത്തിയ ടീമുകൾക്ക് വീണ്ടും മൂന്നു കളികൾ ഉൾപ്പെടെ 10 ഓളം മത്സരങ്ങൾ. അതും  ആറേഴു ദിവസത്തിനുള്ളിൽ. ചില ദിവസങ്ങളിൽ രണ്ടു കളികൾ (രാവിലെയും വൈകിട്ടും). നാലോ, അഞ്ചോ മണിക്കൂറുകളുടെ ഇടവേളയിൽ. ആർക്കുവേണ്ടിയാണ് ഇത്? ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കാനാണോ?

പൊരിവെയിലത്ത് തുറസ്സായ മൈതാനത്തിന്റെ ഓരത്തിരുന്ന് ബൂട്ടും ഷോർട്സും ജഴ്സിയും അണിയുന്ന കളിക്കാരെ കണ്ട് ആരോ ‘എന്താ മുറിയൊന്നും ഇല്ലേ?’ എന്ന് ചോദിച്ചപ്പോൾ, സഹൃദയനായ ഒരു കായികപ്രേമി തന്റെ രോഷം  തീർത്തത് ഒരു മറുചോദ്യം ചോദിച്ചുകൊണ്ടിരുന്നു.

‘പൊരിവെയിലത്ത് കളിക്കുന്നവന് മേൽക്കൂരയും എസി റൂമൂം എന്തിനാണ്?

ശരിയാണ്.  ഈ പ്രതിഭകൾ വാടാതിരിക്കട്ടെ, തളരാതിരിക്കട്ടെ!

മേഖലാ മത്സരങ്ങൾ വിവിധ സോണുകളിൽ നടത്തി ഫൈനൽ റൗണ്ടിലേക്ക് ടീമുകളുടെ എണ്ണം കുറച്ചിരുന്നെങ്കിൽ കളിക്കാരും ടീമുകളും അവരുടെ ഏറ്റവും മികവുറ്റ പ്രകടനങ്ങൾ പുറത്തെടുത്തെടുക്കുമായിരുന്നു. പരുക്കുകളും അപകടസാധ്യതകളും കുറയുമായിരുന്നു. പഠനത്തോടൊപ്പം ഉല്ലാസപ്രദമായ കളികളും കാഴ്ച വയ്ക്കുന്നതിനു പകരം ഒരു തരം പീഡനം പോലെയായി ഈ ടൂർണമെന്റ്.

ഫൈനൽ റൗണ്ട് കളിച്ച ടീമുകൾ മേഖല, അന്തർ മേഖല മത്സരങ്ങൾ ഉൾപ്പെടെ 15 ഓളം കളികൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കളിച്ചു. മിനിമം 24 മണിക്കൂറിന്റെ എങ്കിലും ഇടവേളകൾ നിർബന്ധമായും ഉണ്ടാകണമായിരുന്നു. നിർഭാഗ്യവശാൽ അത് ഉണ്ടായില്ല.

ഐഎസ്എലിലൂടെ ഇന്ത്യൻ ഫുട്ബോളിന്റെ മുഖഛായ മാറിയെന്നും സുവർണകാലം തിരിച്ചുവന്നു എന്നും നമ്മൾ ഊറ്റം കൊള്ളുമ്പോൾ, പ്രാഥമിക സൗകര്യങ്ങൾ പോലും നിഷേധിച്ചു കൊണ്ടുളള ഈ സമീപനം ഒരിക്കലും ഫുട്ബോൾ എന്ന ജനകീയ കായിക വിനോദത്തിന് നല്ലതല്ല. അധികാരികൾ വരും കാലങ്ങളിൽ എങ്കിലും ഫുട്ബോളിന്റെ ഭാവി വാഗ്ദാനങ്ങളെ തളർത്താത്ത ക്രിയാത്മകമായ ഇടപെടലുകളും തീരുമാനങ്ങളും നടപടികളും എടുക്കും എന്ന് പ്രത്യാശിക്കുന്നു.

∙ ഒരു ദുരിത യാത്ര – അനുഭവ കഥ

ദക്ഷിണ മേഖലാ മത്സരങ്ങൾ കഴിഞ്ഞ് ടീമുകൾ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നു. ആന്ധ്രാ, തെലങ്കാനയിൽ നിന്നും വന്ന ഒരു ടീം ട്രെയിനിൽ യാത്ര തിരിക്കുന്നു. ഒരു മുൻ കായികതാരവും സുഹൃത്തുക്കളും അതേ കംപാ൪ട്ടുമെന്റിലുണ്ടായിരുന്നു. സംസാരമധ്യേ അവ൪ കളിക്കാ൪ ആണെന്നും മതിയായ രേഖകളോ ടിക്കറ്റോ ഇല്ലാതെയാണ് യാത്ര ചെയ്യുന്നതെന്നും ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ അദ്ദേഹം വളരെ ഗൗരവമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകൾ പറഞ്ഞു മനസ്സിലാക്കി. അവരുടെ ടീമിന്റെ പരിശീലകനേയും മനേജരേയും അന്വേഷിച്ചപ്പോളാണ് അറിയുന്നത്, അവരാരും ടീമിനൊപ്പം യാത്ര ചെയ്യുന്നില്ല. മാത്രമല്ല, മത്സരവേദിയിൽ പോലും വന്നിട്ടില്ല!

ഇവിടെ ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉണ്ട്. സംഘാടകർ എങ്ങനെ ഈ ഒരു ടീമിനെ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിച്ചു? ചോദ്യങ്ങൾ തുടരുന്നു. അതിനേക്കാൾ രസകരമായ ഒരു കാര്യമുണ്ട്. ടീമിന്റെ ചെലവുകൾ കളിക്കാർ സ്വയം വഹിക്കണം (യാത്ര, താമസം, ഭക്ഷണം). പക്ഷേ, തിരിച്ചുചെല്ലുമ്പോൾ ബില്ലുകൾ കൃത്യമായി അവിടുത്തെ മേലാളന്മാരെ ഏൽപ്പിക്കണം. എങ്കിൽ മാത്രമേ സർവകലാശാല മത്സരങ്ങളിൽ പങ്കെടുത്തു എന്ന വിലയേറിയ സർട്ടിഫിക്കറ്റ് അവർക്ക് ലഭ്യമാകൂ.

ഈ കദനകഥ കേട്ട് അധികാരികൾക്ക് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയ എന്റെ സുഹൃത്തും കൂട്ടുകാരും അതു മാറ്റിവച്ച് അവർക്കുവേണ്ട സഹായങ്ങൾ മുഴുവൻ സ്വന്തം കയ്യിൽനിന്നും ചെലവാക്കി അവരെ സന്തോഷത്തോടെ യാത്രയാക്കി (റിയൽ സ്പോർട്സ്മാൻ സ്പിരിറ്റ്).

ട്രെയിൻ യാത്രയാകുമ്പോൾ നിറകണ്ണുകളോടെ, കൈകൂപ്പി യാത്ര ചോദിക്കുമ്പോഴും ആ പാവം കളിക്കാരുടെ ചുണ്ടുകൾ ഇങ്ങനെ മന്ത്രിക്കുന്നുണ്ടായിരുന്നു: നന്ദി സ൪. റൊമ്പ നന്ദി സർ. ദയവായി  ഇത് ആരോടും പറയരുത് സർ.

∙ ഒരിക്കൽ വളരെ മുതിർന്ന ഒരു കായികമേധാവി സൗഹൃദ സംഭാഷണത്തിൽ പറഞ്ഞത് എത്ര സത്യം! ചിലപ്പോൾ തോന്നും അക്കാദമി മികവിന്റെ തലപ്പാവ് കെട്ടിയ ചില കായിക അധ്യാപകരാണ് കായിക രംഗത്തിന്റെ ശാപം എന്ന്. മത്സരങ്ങൾ സമയബന്ധിതമായി തീർക്കുമായിരിക്കും. സംഘാടക മികവും കളിക്കളത്തിലെ റഫറിയിങ് മികവും വഴി ടീമുകളുടെ പരാതികളും പരിഹരിച്ചേക്കും. അവസാനം ഏതു മത്സരത്തിലുമെന്നപോലെ ഒരു വിജയി ഉണ്ടാവണം എന്ന പ്രപഞ്ച സത്യം ഉൾക്കൊണ്ട് പരാതികളും പോരായ്മകളും വിസ്മൃതിയിൽ ആണ്ടുപോകുകയും ചെയ്യും. പക്ഷേ, മുകളിൽ കുറിച്ച സത്യങ്ങൾ സത്യങ്ങൾ ആയിത്തന്നെ നിലനിൽക്കും. അതിന് ഉചിതമായ പരിഹാരങ്ങൾ വരും കാലങ്ങളിലെ മത്സരങ്ങളിൽ പ്രതിഫലിക്കും എന്ന ഉറച്ച വിശ്വാസത്തോടെ ഇവിടെ നിർത്തുന്നു.

∙ ലേഖകനായ ഡി. വേണുഗോപാൽ ചങ്ങനാശേരി എസ്ബി കോളജിലെ ഫുട്ബോൾ സ്പോർട്സ് ഹോസ്റ്റലിലെ ആദ്യകാല കളിക്കാരിലൊരാളാണ്. കസ്റ്റംസിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കേരളത്തിനായും മഹാരാഷ്ട്രയ്ക്കായും കളിച്ചു. ആലപ്പുഴ സ്വദേശിയാണ്.

English Summary: All-India Inter-University Men's Football Championship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA