ADVERTISEMENT

ഗോളടിക്കാൻ പ്രോഗ്രാം ചെയ്തു വച്ച ഒരു റോബട്ടിനെപ്പോലെയാണ് കളിക്കളത്തിൽ റോബർട്ട് ലെവൻഡോവ്സ്കി. കഴിഞ്ഞ വർഷം ബലോൻ ദ് ഓർ പുരസ്കാര സംഘാടകർ അതു കണ്ടില്ലെന്നു നടിച്ചെങ്കിലും ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫ അതു കണ്ടു- തുടർച്ചയായ 2-ാം വർഷവും മികച്ച പുരുഷ ഫുട്ബോളർക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം. ബലോൻ ദ് ഓർ പുരസ്കാരത്തിൽ മെസ്സിക്കു പിന്നിൽ രണ്ടാമനായ മുപ്പത്തിനാലുകാരൻ താരത്തിന്റെ മധുര പ്രതികാരം.

∙ ലെവൻഡോവ്സ്കി @ ദ് ബെസ്റ്റ്

മത്സരം: 44

ഗോളുകൾ: 51

അസിസ്റ്റുകൾ: 8

ഗോൾ ശരാശരി: 1.16

സൃഷ്ടിച്ച അവസരങ്ങൾ: 49

ഡ്രിബിളുകൾ: 41

ട്രോഫികൾ: ജർമൻ ബുന്ദസ്‌ലിഗ, ക്ലബ് ലോകകപ്പ്

വ്യക്തിഗത നേട്ടങ്ങൾ: ബുന്ദസ്‌ലിഗ ടോപ് സ്കോറർ, യൂറോപ്യൻ ഗോൾഡൻ ഷൂ, ക്ലബ് ലോകകപ്പ് ഗോൾഡൻ ബോൾ. (**പുരസ്കാരനിർണയത്തിന് പരിഗണിച്ച 2020 ഒക്ടോബർ 8-2021 ഓഗസ്റ്റ് 7 കാലയളവിലെ കണക്ക്)

∙ 9 മിനിറ്റ് 5 ഗോളുകൾ!

ബുന്ദസ്‌ലിഗയിലെ ഒരു മത്സരത്തിൽ പകരക്കാരനായി ഇറങ്ങി 9 മിനിറ്റിനകം 5 ഗോളുകൾ നേടിയ ചരിത്രമുണ്ട് ലെവൻഡോവ്സ്കിക്ക്. 2015 സെപ്റ്റംബറിൽ വോൾഫ്സ്ബർഗിനെതിരെ ബയൺ 5-1നു ജയിച്ച മത്സരത്തിലായിരുന്നു അത്. ബുന്ദസ്‌ലിഗയിലെ വേഗമേറിയ ഹാട്രിക്, ഒരു മത്സരത്തിൽ കൂടുതൽ ഗോൾ നേടിയ സബ്സ്റ്റിറ്റ്യൂട്ട് എന്നീ റെക്കോർഡുകളും ലെവൻഡോവ്സ്കി അന്നു സ്വന്തമാക്കി.

∙ പരുക്കു മൂലം കളിക്കളത്തിനു പുറത്തിരിക്കുമ്പോൾ പ്രിയപ്പെട്ട വളർത്തു നായയ്ക്കൊപ്പം പരിശീലിച്ചാണു ശാരീരികക്ഷമത വീണ്ടെടുക്കാറുള്ളതെന്ന് യുവേഫ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ ലെവൻഡോവ്സ്കി പറഞ്ഞിരുന്നു.

∙ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിൽ കളിക്കുമ്പോൾ ‘ദ് ബോഡി’ എന്നായിരുന്നു ലെവൻഡോവ്സ്കിയുടെ വിളിപ്പേര്. ലെവൻഡോവ്സ്കിയുടെ ഉറച്ച ശരീരം കണ്ട് കൂട്ടുകാരിട്ട പേരാണത്.

∙ലെവൻഡോവ്സ്കിയുടെ പിതാവ് ക്രിസ്റ്റോഫ് ജൂഡോ താരമായിരുന്നു. മാതാവ് ഇവോനയും സഹോദരി മിലേനയും വോളിബോൾ താരങ്ങളും.

∙ ലെവൻഡോവ്സ്കി @ 2021

∙ 2021ൽ ക്ലബ്ബിനും രാജ്യത്തിനുമായി കളിച്ച 76 ശതമാനം മത്സരങ്ങളിലും ലെവൻഡോവ്സ്കി ഗോളടിച്ചു.

∙ കഴിഞ്ഞ വർഷം മൈതാനത്തുണ്ടായിരുന്ന ഓരോ 71 മിനിറ്റിലും ലെവൻഡോവ്സ്കി ഒരു ഗോൾ നേടി.

∙ 2021ൽ 5 ഹാട്രിക്കുകളാണ് ലെവൻഡോവ്സ്കി നേടിയത്. മറ്റേതൊരു താരത്തെക്കാളും കൂടുതൽ.

∙ഒരു ബുന്ദസ്‌ലിഗ സീസണിൽ കൂടുതൽ ഗോളുകളെന്ന മുൻ ബയൺ താരം ഗെർഡ് മുള്ളറുടെ റെക്കോർഡ് മറികടന്ന ലെവൻഡോവ്സ്കി. (2020-21 സീസണിൽ 41 ഗോളുകൾ) ഒരു കലണ്ടർ വർഷം കൂടുതൽ ഗോളുകളെന്ന കാര്യത്തിലും മുള്ളറെ പിന്നിലാക്കി- 2021ൽ 43 ഗോളുകൾ)

∙ മികച്ച പുരുഷ താരത്തിനായുള്ള വോട്ടിങ്ങിലെ ഫൈനൽ സ്കോർ

റോബർട്ട് ലെവൻഡോവ്സ്കി – 48

ലയണൽ മെസ്സി – 44

മുഹമ്മദ് സലാ– 39

∙ സ്പെഷൽ ക്രിസ്റ്റ്യാനോ, സിൻക്ലെയർ

മികച്ച പുരുഷ താരത്തിനുള്ള അന്തിമ പട്ടികയിൽ പോലും ഇടം പിടിക്കാനായില്ലെങ്കിലും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെത്തേടി ഒരു സ്പെഷൽ പുരസ്കാരമെത്തി. രാജ്യാന്തര പുരുഷ ഫുട്ബോളിലെ ടോപ് സ്കോറർ (115 ഗോളുകൾ‌) ആയതിനുള്ള പ്രത്യേക പുരസ്കാരമാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായ ക്രിസ്റ്റ്യാനോയ്ക്കു സമ്മാനിച്ചത്. രാജ്യാന്തര ഗോളുകളുടെ എണ്ണത്തിൽ ക്രിസ്റ്റ്യാനോയ്ക്കും മുന്നിൽ നിൽക്കുന്ന കനേഡിയൻ വനിതാതാരം ക്രിസ്റ്റീൻ സിൻക്ലെയറിനും (188 ഗോളുകൾ) പുരസ്കാരം ലഭിച്ചു.

ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോ

∙ അലക്സിയ, അല്ലാതാര് ?

മികച്ച പുരുഷ ഫുട്ബോൾ താരം ആരായിരിക്കുമെന്ന കാര്യത്തിൽ ആകാംക്ഷയുണ്ടായിരുന്നെങ്കിലും മികച്ച വനിതാ താരത്തിന്റെ കാര്യത്തിൽ സംശയമേതുമുണ്ടായില്ല. സ്പാനിഷ് ക്ലബ് ബാർസിലോനയുടെ മധ്യനിര താരം അലക്സിയ പ്യൂട്ടയാസ് തന്നെ. നവംബറിൽ ബലോൻ ദ് ഓർ പുരസ്കാരവും നേടിയ ഇരുപത്തിയേഴുകാരി പ്യൂട്ടയാസ് ബാർസയിലേക്ക് ഫിഫ ദ് ബെസ്റ്റ് പുരസ്കാരവുമെത്തിച്ചു. 48 ശതമാനം വോട്ടുകൾ നേടിയാണ് ഒന്നാമതെത്തിയത്. ചെൽസി താരം സാം കെർ, ബാർസയിലെ സഹതാരം ജെന്നിഫർ ഹെർമോസോ എന്നിവരെയാണ് പിന്നിലാക്കിയത്.

ലയണൽ മെസ്സി പോയതോടെ ബാർസ പുരുഷ ടീം വിജയങ്ങൾ കൈവിട്ടെങ്കിലും പ്യൂട്ടയാസിന്റെ നേതൃത്വത്തിലുള്ള വനിതാ ടീം ചരിത്രനേട്ടങ്ങൾ കൈവരിച്ച വർഷമാണ് 2021. ടീം വനിതാ ലാ ലിഗ, സ്പാനിഷ് കപ്പ്, വനിതാ ചാംപ്യൻസ് ലീഗ് എന്നിവ നേടി അപൂർവ ട്രിപ്പിൾ കൈവരിച്ചപ്പോൾ അതിന്റെ എൻജിൻ ആയിരുന്നു പ്യൂട്ടയാസ്. 2021ൽ 42 ഗോളുകളും 32 അസിസ്റ്റുകളും. സ്പെയിനു വേണ്ടി കൂടുതൽ രാജ്യാന്തര മത്സരങ്ങൾ എന്ന റെക്കോർഡും പോയ വർഷം പ്യൂട്ടയാസ് സ്വന്തമാക്കി- 93.

∙ ഫിഫ ദ് ബെസ്റ്റ് 2021

വനിതാ താരം: അലക്സിയ പ്യൂട്ടയാസ് ബാർസിലോന – സ്പെയിൻ)

പ്രത്യേക പുരസ്കാരം: ക്രിസ്റ്റ്യാനോ റൊണാൾഡോ (മാൻ. യുണൈറ്റഡ് – പോർച്ചുഗൽ)

പ്രത്യേക പുരസ്കാരം: ക്രിസ്റ്റീൻ സിൻക്ലയർ (കാനഡ)

വനിതാ ഗോളി: ക്രിസ്റ്റ്യാന എൻഡ്‌ലർ (പിഎസ്ജി, ഒളിംപിക് ലിയോണെ – ചിലെ)

പുരുഷ ഗോളി: എഡ്വേഡ് മെൻഡി (ചെൽസി – സെനഗൽ)

മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം: എറിക് ലമേല (ടോട്ടനം, സെവിയ്യ – അർജന്റീന)

വനിതാ കോച്ച്: എമ്മ ഹെയ്സ് (ചെൽ‍സി)

പുരുഷ കോച്ച്: തോമസ് ടുഹേൽ (ചെൽസി)

ഫെയർപ്ലേ പുരസ്കാരം: ഡെൻമാർക്ക് ടീമും ടീമിന്റെ വൈദ്യസംഘവും

ഫാൻ പുരസ്കാരം: ഡെൻമാർക്ക്, ഫി‍ൻലൻഡ് ആരാധകർ

∙ മെസ്സിക്കു ക്രിസ്റ്റ്യാനോയുടെ വോട്ടില്ല, തിരിച്ചും

ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിനായി മുൻനിര താരങ്ങളുടെ വോട്ടിങ് ഇങ്ങനെ:

റോബർട്ട് ലെവൻഡോവ്സ്കി (പോളണ്ട്)

1) ജോർജിഞ്ഞോ 2) മെസ്സി 3) ക്രിസ്റ്റ്യാനോ

ലയണൽ മെസ്സി (അർജന്റീന)

1) നെയ്മാർ 2) എംബപ്പെ 3) ബെൻസേമ

ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ)

1) ലെവൻഡോവ്സ്കി 2) എൻഗോളോ കാന്റെ 3) ജോർജിഞ്ഞോ

മുഹമ്മദ് സലാ (ഈജിപ്ത്)

1) ജോർജിഞ്ഞോ 2) മെസ്സി 3) ലെവൻഡോവ്സ്കി

സെർജിയോ ബുസ്കെറ്റ്സ് (സ്പെയിൻ)

1) മെസ്സി 2) ലെവൻഡോവ്സ്കി 3) എർലിങ് ഹാലൻഡ്

സുനിൽ ഛേത്രി (ഇന്ത്യ)

1) ലെവൻഡോവ്സ്കി 2) മെസ്സി 3) ജോർജിഞ്ഞോ

ഏഡൻ ഹസാർഡ് (ബെൽജിയം)

1) ബെൻസേമ 2) കെവിൻ ഡിബ്രൂയ്നെ 3) ജോർജിഞ്ഞോ

English Summary: Robert Lewandowski, Alexia Putellas take top FIFA 'Best' awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com