ADVERTISEMENT

എനിക്കേറ്റവും പ്രിയപ്പെട്ട പരിശീലകനാണ് ഭൗമിക് സാർ എന്നു പറഞ്ഞാൽ പകുതിയേ ആകൂ. അച്ഛനും മകനും തമ്മിലുള്ള ഹൃദയബന്ധമാണ് എനിക്കത് ’’

‘കൈസേ ഹോ ബേട്ടാ..?’ – തൊണ്ണൂറുകളുടെ തുടക്കത്തിൽ കൊൽക്കത്തയിൽ പന്തു കളിക്കാനായി ചെന്നിറങ്ങിയ നാൾ മുതൽ ഞാൻ കേട്ടുപോന്നൊരു സ്വരമാണ് ഇന്നലെ നിലച്ചത്. എന്റെ പ്രിയ സുഭാഷ് ഭൗമിക് സർ. എന്നെ ഇന്നു കാണുന്ന വിജയൻ ആക്കി മാറ്റിയതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ഇരുപത്തിയൊന്നാം വയസ്സിലാണ് ഞാൻ ഭൗമിക് സാറിന്റെ മോഹൻ ബഗാന്റെ ഭാഗമായത്.

സ്വപ്നം എന്നൊക്കെ പറയേണ്ടുന്നൊരു മോഹം സഫലമായ സന്തോഷത്തിലായിരുന്നു എന്റെ ക്ലബ്‌ പ്രവേശനം. ആ ടീമിന്റെ ഇലവനിൽ ഒരിടം സ്വപ്നത്തിൽ പോലും ഇല്ലായിരുന്നുതാനും. ചീമ ഒക്കേരിയും കൃഷാനുഡേയും ശിശിർ ഘോഷും പോലുള്ള പുലികൾ കളിക്കുന്ന ടീമിന്റെ മുൻനിരയിൽ എനിക്ക് എവിടെ സ്ഥാനം കിട്ടാൻ? പക്ഷേ, ഭൗമിക് സാറിന്റെ തീരുമാനം മറ്റൊന്നായിരുന്നു. പയ്യനായ എന്നെയും അദ്ദേഹം ഇലവന്റെ ഭാഗമാക്കി ഗ്രൗണ്ടിലേക്ക് ഇറക്കിവിട്ടു. കളത്തിൽ എങ്ങനെ നീങ്ങാനുമുള്ള സർവ സ്വാതന്ത്ര്യവും തന്നായിരുന്നു ആ ഇറക്കൽ.

bawmik

മറുനാട്ടിൽ ഭാഷ പോലും വശമില്ലാതെ പകച്ചുനിന്നിരുന്ന എന്നെ 'ബേട്ടാ' എന്നു വിളിച്ചു വാത്സല്യത്തോടെ ചേർത്തു നിർത്തിയ ആ ബന്ധമാണ് ഇന്നലെ മുറിഞ്ഞത്. എനിക്കേറ്റവും പ്രിയപ്പെട്ട പരിശീലകനാണ് ഭൗമിക് സാർ എന്നു പറഞ്ഞാൽ പകുതിയേ ആകൂ. ഒരു അച്ഛനും മകനും തമ്മിലുള്ള ഹൃദയബന്ധമാണ് എനിക്കത്. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ കളിക്കാത്ത സമയത്തും ഒരേ ഇഴയടുപ്പത്തിലായിരുന്നു ആ സ്നേഹസാമീപ്യം.

ഞാൻ പഞ്ചാബിൽ ജെസിടിക്കു കളിക്കുന്ന കാലത്തും കിട്ടുന്ന സമയങ്ങളിൽ അദ്ദേഹത്തെ കാണാൻ വേണ്ടി മാത്രം കൊൽക്കത്തയിലേക്ക് കുതിക്കാറുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറെ ദുഃഖം നിറഞ്ഞൊരു ഏടാണ് ഒരു അഴിമതി ആരോപണത്തിന്റെ പേരിലുള്ള ജയിൽ വാസം. അപ്പോഴും ഞാൻ അദ്ദേഹത്തിന്റെ അരികിൽ എത്തിയിരുന്നു. 'ഇവിടെ എന്നെ കാണാൻ ആരും വരാറില്ല ബേട്ടാ' എന്നും പറഞ്ഞ് അദ്ദേഹം അന്നേറെ നേരം എന്നെ കെട്ടിപിടിച്ചു കരഞ്ഞു. എനിക്കും കരയാതെ ഇരിക്കാനായില്ല.

ഏറ്റവും ഒടുവിൽ എന്റെ കോച്ചിനെ ഞാൻ കണ്ടത് ആറു മാസം മുൻപാണ്. ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ടു കൊൽക്കത്തയിൽ പോയ വേളയിലായിരുന്നു ആ കൂടിക്കാഴ്ച. "ബേട്ടാ, കൈസേ ഹോ തും.." ഇടയ്ക്കിടക്ക് ഫോണിലും വന്നെത്തിയിരുന്നു ആ സ്നേഹവാത്സല്യങ്ങൾ. ഇനി ഈ കാതിൽ മുഴങ്ങില്ല ആ ശബ്ദം. പക്ഷേ, ഈ ഹൃദയത്തിൽ എന്നും എപ്പോഴും ഉണ്ടാകും എന്റെ ഭൗമിക് സാറിന് ഒരിടം.

English Summary: I.M. Vijayan on Subhas Bhowmik

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com