ADVERTISEMENT

ചുണ്ടുകൾക്കിടയിലെ സിഗരറ്റ് അറ്റംപോലെ എരിഞ്ഞുനിൽക്കും സുഭാഷ് ഭൗമിക്കിന്റെ വാക്കുകൾ. തീതുപ്പുന്ന കാലുകൾപോലെ തന്നെ വാക്കുകളും. ഇന്ത്യൻ ഫുട്ബോളിൽ ഇനി അങ്ങനെയൊരാളില്ല. ഭൗമിക്കിന്റെ നാവ് ചാട്ടവാർപോലെയാണ്. എന്തും വിളിച്ചു പറയും. ‘ചെയിൻ സ്മോക്കർ’ ആയിരുന്നു. പുക വലിക്കുന്നത് ആളുകൾ കാണുമെന്ന പേടിയില്ല. തുറന്നു പറയാൻ മടിയുമില്ല. മദ്യപിക്കുമെന്നു പണ്ടു വിളിച്ചു പറഞ്ഞത് ക്ലബ് മേലാളൻമാരുടെ മുഖത്തുനോക്കിയാണ്.

പരുക്കുമൂലം ആത്മഹത്യയിലേക്കു നീങ്ങിക്കൊണ്ടിരുന്നൊരു ചെറുപ്പക്കാരനായിരുന്നു സുഭാഷ് ഭൗമിക്. കാൽമുട്ടിലെ പരുക്കുമൂലം യുവതാരത്തെ മോഹൻ ബഗാൻ തെരുവിൽ കളഞ്ഞു. ഈസ്റ്റ് ബംഗാൾ വാരിയെടുത്തു. എതി‍ർ കോട്ടയിലേക്കുള്ള കുതിപ്പ്, വലതുവിങ്ങിൽനിന്നു കയറിവന്നു തൊടുക്കുന്ന വല തുളയ്ക്കുന്ന ഷോട്ടുകൾ. ഷോട്ടുകളിൽ ഭൗമിക് ഇത്രയും പവർ നിറയ്ക്കുന്നതെങ്ങനെയെന്ന് എതിരാളികൾ വിസ്മയിച്ചിരുന്നു, ആരാധകർ അതിൽ മതിമറക്കുമായിരുന്നു. 

സുഭാഷ് ഭൗമിക്
സുഭാഷ് ഭൗമിക്

വിരമിച്ച ശേഷം, കൊൽക്കത്തയിലെ 3 വമ്പൻ ക്ലബ്ബുകളെയും  പരിശീലിപ്പിച്ചു. ഈസ്റ്റ് ബംഗാളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനെന്നു പേരെടുത്തു.1970 ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ സ്വർണമായി മാറിയിരുന്നെങ്കിൽ പന്തുകളിപ്പണ്ഡിതർ ‘ഗ്രേറ്റ്’ എന്നുവിളിച്ചു മുൻപിലേക്കു നീക്കിനിർത്തുമായിരുന്നു എന്ന നിരീക്ഷണത്തിനുള്ള മറുപടി കേൾക്കൂ: ‘‘എനിക്ക് ഗ്രേറ്റ് പ്ലെയർ സ്ഥാനമൊന്നും വേണ്ട...ഞാൻ ഞാനായിരുന്നു.’’ 

പക്ഷേ, 2003ലെ ആസിയാൻ കപ്പ് വിജയത്തിനുശേഷം കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാൾ ടീം വിമാനം ഇറങ്ങിയപ്പോൾ, വഴിയോരത്ത് ആയിരങ്ങൾ നിരന്നു. സൂപ്പർ താരങ്ങളായ ബൈചുങ് ബൂട്ടിയയെയും ആൽവിറ്റോ ഡിക്കൂഞ്ഞയെയും കാണാനായിരുന്നില്ല. സുഭാഷ് ഭൗമിക്കിനെ അഭിവാദ്യം ചെയ്യാനായിരുന്നു. ആ അഭിവാദ്യങ്ങളായിരുന്നു അദ്ദേഹം കൊതിച്ച പട്ടങ്ങൾ. ‘ബൊംബോൾദാ’ എന്ന വിളി മതിയായിരുന്നു. ബൊംബോൾ എന്നായിരുന്നു വിളിപ്പേര്. ‘ദാ’ എന്നാൽ ചേട്ടൻ. ചേട്ടനായി ആസ്വദിച്ചു. വിജയങ്ങൾകൊണ്ട് അനിയൻമാരെ ത്രസിപ്പിച്ചു.

പരുക്കിൽനിന്നു തിരിച്ചുവന്ന യുവാവിനെക്കാൾ ചെറുപ്പമായിരുന്നു ബൈപാസ് ശസ്ത്രക്രിയയ്ക്കുശേഷം കളത്തിലേക്കു മടങ്ങിവന്ന കോച്ച്. അതിനെക്കാൾ ധീരനായിരുന്നു  ജയിൽ വാസം കഴിഞ്ഞു  മുഹമ്മദൻസിന്റെ കോച്ചായി തിരിച്ചുവന്ന ഭൗമിക്.

English Summary: An era in Indian football ends with the passing of Subhas Bhowmick

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com