ADVERTISEMENT

തിരുവല്ല∙  ലോകകപ്പ് ഫുട്ബോൾ ലക്ഷ്യമിട്ട ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് കോവിഡ് ദുരന്തം ആഘാതമായി. കരുത്തരായ ഇറാനുമായി സമനില പിടിച്ച് ചൈനീസ് തായ്പേയുമായുള്ള മത്സര ദിനത്തിലാണു ഭൂരിപക്ഷം കളിക്കാരും കോവിഡ് പോസിറ്റീവ് ആയത്. ഇന്ത്യൻ ടീമിന്റെ പരിശീലക എന്ന നിലയിൽ ടീമിലെ ഏക മലയാളി സാന്നിധ്യവും തിരുവല്ല മാർത്തോമ്മ കോളേജിലെ മുൻ ഫുട്ബോൾ കളിക്കാരിയും സംസ്ഥാന താരവുമായ കണ്ണൂർ സ്വദേശി പി.വി. പ്രിയയുടെ സ്വപ്നങ്ങൾക്കു കൂടിയാണ് കോവിഡ് മങ്ങലേൽപ്പിച്ചത്.

11 വർഷം സംസ്ഥാനത്തിനായി കളിച്ച പ്രിയ 2009 ൽ തമിഴ്നാട്ടിൽ നടന്ന ദേശീയ മത്സരത്തിൽ കേരളത്തെ നയിച്ചു. അസം, പഞ്ചാബ് എന്നിവടങ്ങളിൽ നടന്ന നാഷനൽ ഗെയിംസിൽ കേരളത്തിനു വേണ്ടി പ്രതിരോധ നിരയിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. സീനിയർ വനിതാ ദേശീയ ഫുട്ബോൾ മത്സരങ്ങളിൽ കേരളത്തിനു വേണ്ടി പലതവണ കളം നിറഞ്ഞ സാന്നിധ്യമായി. പട്യാലാ നേതാജി സുഭാഷ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ എൻഐഎസ് ബിരുദത്തിന് ചേർന്ന പ്രിയയ്ക്ക് ഫുട്ബോൾ പരിശീലകയാകാൻ ഏറ്റവുമധികം പ്രേരണ നൽകിയത് മാർത്തോമ്മ കോളേജ് ഫുട്ബോൾ ടീം പരിശീലകനായിരുന്ന റെജിനോൾഡ് വർഗീസാണ്. വനിതാ ഫുട്ബോൾ പരിശീലകർക്കായി കൊളംബോയിൽ ഫിഫ നടത്തിയ  കോഴ്സ്, ഗ്വാളിയറിലും പഞ്ചാബിലും നടത്തിയ ഫിഫ റിഫ്രഷർ കോഴ്സ്, ബ്രിട്ടീഷ് കൗൺസിൽ നടത്തിയ പ്രീമിയർ സ്കിൽ കോഴ്സ്, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ കോഴ്സ്, ജർമൻ ഫുട്ബോൾ ഫെഡറേഷനുമായി ചേർന്ന് കേരള ഫുട്ബോൾ അസോസിയേഷൻ നടത്തിയ കായികക്ഷമതാ പരിശീലനം, എലൈറ്റ് പരീശീലകർക്കായി ഫിഫ ഗോവയിൽ നടത്തിയ ഉന്നത പരിശീലനം തുടങ്ങിയവയിൽ പങ്കെടുത്തിട്ടുണ്ട്.

ഫിഫ മാർഗനിർദേശം അനുസരിച്ച് കേരളത്തിലെ ആദ്യ വനിതാ എ ഗ്രേഡ് ലൈസൻസ് കോച്ചാണ് പ്രിയ . 'ഡി' ലൈസൻസ് ഇൻസ്ട്രക്ടർ കോഴ്സും പാസായി. ഇനി പ്രഫഷനൽ ലൈസൻസ് മാത്രം ബാക്കി.പല തവണ സംസ്ഥാന ടീമിനേയും ഇന്ത്യൻ ടീമിനേയും പ്രിയ പരിശീലിപ്പിച്ചിട്ടുണ്ട്. 2015 ൽ ജോർദാനിൽ നടന്ന എഎഫ്സി യോഗ്യതാ മൽസരത്തിനുള്ള ഇന്ത്യൻ ടീമിന്റെ ചീഫ് കോച്ചും 2013 ൽ വിയറ്റ്നാമിലും 2012 ൽ മലേഷ്യയിലും നടന്ന മൽസരത്തിന്റെ അസിസ്റ്റന്റ് കോച്ചും ആയിരുന്നു. 2013 ൽ കൊളംബോയിൽ നടന്ന അണ്ടർ 14 ഗേൾസ് എഎഫ്സി കപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീം ചീഫ് കോച്ചായിരുന്നു. 2014, 16, വർഷങ്ങളിൽ രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകയായിരുന്നു. കൂടാതെ കേരളത്തിന്റെ സബ് ജൂനിയർ, ജൂനിയർ,സീനിയർ ടീമുകളെ ഒട്ടേറെ തവണ പരിശീലിപ്പിച്ചിട്ടുണ്ട്. കാലിക്കറ്റ്, കണ്ണൂർ സർവകലാശാലാ വനിതാ ടീമുകളേയും നിരവധി തവണ പരിശീലിപ്പിച്ചു. ബെംഗളൂരുവിൽ ദേശീയ ഐ ലീഗ് വനിതാ കിരീടം ചൂടിയ ഗോകുലം എഫ്സി ടീമിന്റെ മുഖ്യ പരിശീലക ആയിരുന്നു. 2015 ലെ നാഷനൽ ഗെയിംസിൽ പങ്കെടുത്ത കേരള ടീമിന്റെ സഹ പരിശീലകയായിരുന്നു.

എഎഫ്സി ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സീനിയർ വനിതാ ടീം തികഞ്ഞ ആവേശത്തിലായിരുന്നു മുംബൈയിൽ നിന്നു പുറപ്പെട്ടത്. സ്വീഡിഷ് പരിശീലകനായ തോമസ് ഡെന്നർബിയുടെ കൂടെ സഹപരിശീലകയായി പ്രിയ കർമനിരതയായെങ്കിലും പ്രതീക്ഷകളെ അസ്ഥാനത്താക്കി കോവിഡ് കളം നിറഞ്ഞപ്പോൾ ടീമിന്റെ ആത്മവിശ്വാസം തകരാതിരിക്കാൻ പ്രിയ പ്രത്യേക ശ്രമം നടത്തി. പ്രാഭൽഭ്യം തെളിയിച്ചിട്ടും കേരളത്തിലെ ആദ്യ എ ഗ്രേഡ് ലൈസൻസ് കോച്ചിന് ഇന്ന് വരെ സർക്കാരോ സ്പോർട്സ് കൗൺസിലോ സ്ഥിരം ജോലി നൽകിയിട്ടില്ല. പ്രിയയുടെ മികവിൽ ഏറെ അഭിമാനമുണ്ടെന്ന് ആദ്യകാല പരിശീലകൻ ഡോ. റെജിനോൾഡ് വർഗീസ് പറഞ്ഞു. കേരള ഫുട്ബോളിന് ഒട്ടേറ പരിശീലകരെ മാർത്തോമ്മാ കോളജിലൂടെ നൽകാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ട്. അമൃത അരവിന്ദ്, നെജ്മുന്നിസ, പി. ഷമിനാസ്, സുബിത പൂവട്ട, ബെന്റില ഡി കോത്ത്, ഏഞ്ചൽ, ടി.സി ജീന , വി.വി ഷീബ, ടി. നിഖില തുടങ്ങി ഒട്ടേറെ പേർ പരിശീലന രംഗത്ത് ശോഭിക്കുന്നതായും  റെജിനോൾഡ് പറഞ്ഞു. ഗോവ ഡിഫൻസിന്റെ കളിക്കാരനായിരുന്ന പിതാവ് പ്രഭാകരനിൽ നിന്നുമാണ് പ്രിയക്ക് ഫുട്ബോൾ കമ്പം ജനിക്കുന്നത്. മാതാവ് സുനിതയും വേണ്ട പിന്തുണ നൽകി.

English Summary: Indian football team coach from Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com