ഗ്രീൻവുഡ് ചെയ്തത്... ക്രൂരത പങ്കുവച്ച് കാമുകി; യുണൈറ്റഡ് പുറത്താക്കി, അറസ്റ്റിൽ

greenwood-harriet
മേസൺ ഗ്രീൻവുഡ്, ഹാരിയറ്റ് പങ്കുവച്ച ദൃശ്യങ്ങൾ
SHARE

ലണ്ടൻ∙ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലിഷ് യുവതാരം മേസൺ ഗ്രീൻവുഡിനെതിരെ കടുത്ത ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ കാമുകി ഹാരിയറ്റ് റോബ്സൺ രംഗത്ത്. ഗ്രീൻവുഡ് ശാരീരികമായി മർദ്ദിച്ചെന്ന് ആരോപിച്ച ഹാരിയറ്റ്, ചോരയൊലിപ്പിച്ചു നിൽക്കുന്ന സ്വന്തം ചിത്രങ്ങളും വിഡിയോയും ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. ഗ്രീൻവുഡ് അസഭ്യ വർഷം നടത്തിയെന്ന് ആരോപിച്ച് ഓഡിയോ ക്ലിപ്പുകളും പരസ്യപ്പെടുത്തിയിട്ടുണ്ട്.

ആരോപണത്തെത്തുടർന്ന് ഇംഗ്ലിഷ് ഫുട്ബോളർ മേസൺ ഗ്രീൻവുഡിനെ പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് സസ്പെൻഡ് ചെയ്തു. തൊട്ടുപിന്നാലെ, ഇരുപതുകാരൻ താരത്തെ പൊലീസ് അറസ്റ്റു ചെയ്തു.

ഗ്രീൻവുഡിന്റെ മർദ്ദനത്തിലേറ്റ പരുക്കാണെന്ന് വ്യക്തമാക്കി വായിൽനിന്ന് ചോരയൊലിക്കുന്ന വിഡിയോ ഉൾപ്പെടെ ഹാരിയറ്റ് പുറത്തുവിട്ടിട്ടുണ്ട്. ഇതിനു പുറമെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദ്ദനത്തിൽ സംഭവിച്ച പാടുകളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ ക്രൂരതകൾ ഹാരിയറ്റ് പരസ്യമാക്കിയത്.

‘മേസൺ ഗ്രീൻവുഡ് എന്നോട് എന്താണ് ചെയ്യുന്നത് എന്ന് അറിയേണ്ടവർക്കുവേണ്ടി’ എന്ന ക്യാപ്ഷൻ സഹിതമാണ് വിഡിയോയും ചിത്രങ്ങളും പങ്കുവച്ചത്.

ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പ്രതികരണവുമായി താരത്തിന്റെ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തെത്തിയിരുന്നു. ഒരു തരത്തിലുമുള്ള അതിക്രമങ്ങളും മർദ്ദനവും ക്ലബ് അംഗീകരിക്കില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വക്താവ് അറിയിച്ചു. അതേസമയം, സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരുന്നതുവരെ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, അധികം വൈകാതെ യുണൈറ്റഡ് മാനേജ്മെന്റ് ഗ്രീൻവുഡിനെ ഇനിയൊരു അറിയിപ്പുണ്ടാകും വരെ പുറത്താക്കിയതായി പ്രഖ്യാപിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അക്കാദമിയിലൂടെ വളർന്നുവന്ന യുവതാരം, 2019ലാണ് സീനിയർ ടീമിൽ അരങ്ങേറിയത്. അതിനുശേഷം 129 മത്സരങ്ങളിൽനിന്നായി 35 ഗോളുകൾ നേടിയിട്ടുണ്ട്. ഗ്രീൻവുഡിന് ഈ സീസണിൽ മാത്രം 24 മത്സരങ്ങളിലായി 6 ഗോളുകളും 2 അസിസ്റ്റുകളുമുണ്ട്. ഭാവിവാഗ്ദാനമായി വാഴ്ത്തപ്പെട്ട ഗ്രീൻവുഡ് ഇംഗ്ലണ്ട് ദേശീയ ടീമിനായും ഒരുവട്ടം കളിച്ചു.

English Summary: Manchester United's Mason Greenwood accused of domestic abuse & sexual assault, pictures & audio clips emerge of alleged crimes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA