ജിങ്കാനെ താക്കീത് ചെയ്ത് എഐഎഫ്എഫ്; തെറ്റ് ആവർത്തിച്ചാൽ കടുത്ത നടപടി

sandesh-jhingan
സന്ദേശ് ജിങ്കാൻ (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി∙  ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ‌‌ിനെതിരായ മത്സരശേഷം നടത്തിയ വിവാദ പരാമർശത്തിൽ എടികെ മോഹൻബഗാൻ താരം സന്ദേശ് ജിങ്കാന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) താക്കീത്. സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷത്തിൽ ജിങ്കാൻ തെറ്റുകാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് താക്കീത് ചെയ്യാൻ എഐഎഫ്എഫ് തീരുമാനിച്ചത്. ജിങ്കാൻ മാപ്പുചോദിച്ച സാഹചര്യത്തിൽ ഇത്തവണ കൂടുതൽ നടപടികൾ ഒഴിവാക്കുകയാണെന്ന് വ്യക്തമാക്കിയ ഫെഡറേഷൻ, ഭാവിയിൽ സമാനമായ പിഴവ് ആവർത്തിച്ചാൽ ശക്തമായ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകി.

ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം മടങ്ങുമ്പോൾ, ‘ഞങ്ങൾ മത്സരിച്ചത് സ്ത്രീകളോടൊപ്പം’ എന്ന തരത്തിലായിരുന്നു ജിങ്കാന്റെ പരാമർശം. ബ്ലാസ്റ്റേഴ്സ് ടീമിനെയും സ്ത്രീകളെയും ജിങ്കാൻ അവഹേളിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധക സമൂഹമായ മഞ്ഞപ്പടയും ജിങ്കാനെതിരെ രംഗത്തിറങ്ങി. മുൻതാരമായ ജിങ്കാനോടുളള ബഹുമാനസൂചകമായി പിൻവലിച്ച 21–ാം നമ്പർ ജഴ്സി ബ്ലാസ്റ്റേഴ്സ് തിരികെ കൊണ്ടുവരണമെന്നും മഞ്ഞപ്പട ആവശ്യപ്പെട്ടിരുന്നു. ജിങ്കാന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെ ‘അൺഫോളോ’ ചെയ്തും ഒരു വിഭാഗം ആരാധകർ പ്രതിഷേധിച്ചു. ഇതിനിടെ ജിങ്കാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും അപ്രത്യക്ഷമായിരുന്നു.

‘കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം (ഫെബ്രുവരി 19) നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് എടികെ മോഹൻ ബഗാൻ താരമായ സന്ദേശ് ജിങ്കാനെ എഐഎഫ്എഫ് അച്ചടക്ക സമിതി ശക്തമായി താക്കീത് ചെയ്തിട്ടുണ്ട്. സമൂഹമാധ്യമത്തിലൂടെ താരം നടത്തിയ ഖേദപ്രകടനം പരിഗണിച്ച് കടുത്ത നടപടി ഒഴിവാക്കുന്നു. ഇതേ തെറ്റ് ആവർത്തിച്ചാൽ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് ജിങ്കാനെ അറിയിച്ചിട്ടുണ്ട്’ – ഐഎസ്എൽ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.

ഇതിനിടെ, തനിക്കു സംഭവിച്ച പിഴവിന്റെ പേരിൽ ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് ജിങ്കാൻ രംഗത്തെത്തിയിരുന്നു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ തന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവ് ഒരിക്കൽക്കൂടി ഏറ്റുപറഞ്ഞ ജിങ്കാൻ, തന്റെ തെറ്റിന് കുടുംബാംഗങ്ങളെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതിനു മുൻപും തന്റെ പ്രസ്താവനയ്ക്ക് ജിങ്കാൻ മാപ്പപേക്ഷിച്ചിരുന്നു.

English Summary: AIFF Issues Stern Warning to Sandesh Jhingan For Sexist Remarks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS