ADVERTISEMENT

സഹലിനെ വിരുന്നൂട്ടിയ പന്ത് അൽവാരോ വാസ്കെസിന്റെ കാലിൽനിന്ന്. ലക്ഷക്കണക്കിന് ആരാധകരെ വീര്യം പിടിപ്പിച്ച ഗോൾ സഹൽ അബ്ദുൽ സമദിന്റെ ബൂട്ടിൽനിന്ന്. ഐഎസ്എൽ ഫുട്ബോൾ 8–ാം സീസൺ ഒന്നാം സെമി ഫൈനലിന്റെ ആദ്യപാദത്തിൽ ജംഷഡ്പുർ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിനു ജയം (1–0). 15നു 2–ാം പാദത്തിൽ വാസ്കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ ഇതേ ടീമുകൾ ഏറ്റുമുട്ടും. ലീഡ് കൈവിടാതിരുന്നാൽ ബ്ലാസ്റ്റേഴ്സിനു ഫൈനൽ കളിക്കാം. 38–ാം മിനിറ്റിലായിരുന്നു സഹലിന്റെ വിജയഗോൾ. ലീഗിൽ തുടർച്ചയായ 7 ജയമെന്ന ജംഷഡ്പുരിന്റെ യാത്രയ്ക്കും ഇതോടെ അവസാനമായി.

ലീഗ് ഘട്ടത്തിൽ 2 തവണ പരസ്പരം ഏറ്റുമുട്ടിയ ടീമുകളാണെങ്കിലും ഇന്നലെ ആദ്യ മിനിറ്റുകളിൽ പരസ്പരം അളന്നു തിട്ടപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു. അതു കളിക്കു വല്ലാത്തൊരു ചൂടുപകർന്നു. കളത്തിൽ മാത്രമല്ല, പകരക്കാരുടെ ബെഞ്ചുകളിലേക്കും അതു പടർന്നു. ടിവി ക്യാമറകളുടെ കണ്ണിൽ പതിഞ്ഞില്ലെങ്കിലും ഇഷ്ഫാഖ് അഹമ്മദും ഓവൻ കോയലും സ്വന്തം തട്ടകങ്ങളിലിരുന്നു കൊമ്പുകോർത്തപ്പോൾ നാലാം റഫറിക്കും പിടിപ്പതു പണിയായി.
ആദ്യ 15 മിനിറ്റിൽ വാസ്കെസിനും ഹോർഹെ പെരേരയ്ക്കും കാര്യമായ തോതിൽ പന്തുകൾ കിട്ടിയില്ല. അവർക്കുള്ള സപ്ലൈ ലൈൻ ജംഷഡ്പുർ താരങ്ങൾ മുറിച്ചു.

ബ്ലാസ്റ്റേഴ്സിന്റെ വലതുപാർശ്വത്തിൽ മിസ് പാസുകളുടെ അസ്വസ്ഥത പടർന്നു. ഇടതുപാർശ്വം വോൾട്ടേജില്ലാതെ മങ്ങിപ്പോവുകയും ചെയ്തു. ആശയവിനിമയവും പന്തിൻമേലുള്ള ഏകോപനവും വേണ്ടപോലെ ആകുന്നില്ലായിരുന്നു. ലൂണ സഹ കളിക്കാരോടു പരിഭവം പറയാൻ മടിച്ചില്ല. സ്റ്റാലിൻ, പ്യൂട്ടിയ, ലെസ്കോ എന്നിവരോടായിരുന്നു പരിഭവം. ഇടയ്ക്കു ശകാരിക്കുകയും ചെയ്തു നായകൻ.

ആദ്യ പകുതിയിൽ സഹൽ കാര്യമായ തോതിൽ പന്തു തൊട്ടതു രണ്ടേ രണ്ടു തവണ. ഒന്നൊരു ക്രോസ്. പിന്നെ ഗോൾ. ഇവ മാത്രമായിരുന്നു സംഭാവനയെന്നു പറയുമ്പോൾ രണ്ടിലൊന്ന് ഒരൊന്നൊന്നര സംഭാവനയായിരുന്നു എന്നു ജംഷഡ്പുർ താരങ്ങളും സമ്മതിക്കും. ചില പന്തുകൾക്കായി സഹൽ ശ്രമിച്ചിട്ടു വിഫലമായപ്പോൾ ‘നോ പ്രോബ്ലം സഹൽ...’ എന്നു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു ആശാൻ ഇവാൻ വുക്കൊമനോവിച്ചിനു 38–ാം മിനിറ്റിൽ സഹൽ സമ്മാനം കൊടുത്തു. വാസ്കെസ് മധ്യവരയ്ക്കു പിന്നിൽനിന്ന് സഹലിനെ ഉന്നമിട്ട് ജംഷഡ്പുർ ബോക്സിലേക്കു പന്ത് ഉയർത്തിയടിച്ചു. പന്ത് ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെട്ട ജംഷഡ്പുർ താരം റിക്കി ലല്ലാവ്മയെയും അഡ്വാൻസ് ചെയ്തുവന്ന ഗോളി ടി.പി.രഹനേഷിനെയും മറികടന്ന് സഹലിന്റെ ചിപ്. പന്ത് വലയിലേക്ക്. ഗോൾ...

മൈതാന മധ്യത്തെ എട്ടിന്റെ കളിയിൽ ബ്ലാസ്റ്റേഴ്സിന്റെ 8–ാം നമ്പർ പ്യൂട്ടിയയെ ജംഷഡ്പുരിന്റെ 8–ാം നമ്പർ പ്രണോയ് ഹാൽദർ ശാരീരിക മികവിൽ പിന്തള്ളുന്നത് ആദ്യപകുതിയിൽ കണ്ടെങ്കിലും 2–ാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് താരം ശാരീരികമായ പോരിനു നിന്നുകൊടുത്തില്ല. 2–ാം പകുതി പുരോഗമിക്കുന്തോറും കേരളം ചുവടുറപ്പിച്ചു. അടിക്ക് അടി, ഫൗളിനു ഫൗൾ എന്ന മട്ടിൽത്തന്നെ കളി മുന്നേറി.

ആദ്യം ഗോളടിച്ച മത്സരങ്ങളൊന്നും തോറ്റിട്ടില്ല എന്ന ഈ സീസണിലെ ബ്ലാസ്റ്റേഴ്സ് റെക്കോർഡ് തുടരുകയാണ്. മുഷ്ടി ചുരുട്ടി ആകാശത്തേക്ക് എറിഞ്ഞ സഹലിന്റെ ആവേശം 2–ാം പാദത്തിലും ബ്ലാസ്റ്റേഴ്സ് തുടർന്നാൽ ഫറ്റോർഡയിലെ ഫൈനൽ മഞ്ഞക്കടലാകും. ജംഷഡ്പുർ അജയ്യരല്ലെന്ന പ്രഖ്യാപനത്തിന് അടിവരയിടാൻ ഒന്നുമതി. മുന്നോട്ടു വച്ചകാൽ പിന്നോട്ടില്ലെന്ന ചങ്കുറപ്പ്.

English Summary: Kerala Blasters FC Vs Jamshedpur FC, ISL 2021-22 Semi Final, 1st Leg - Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com