ADVERTISEMENT

മുംബൈ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിലെ നിർണായക മത്സരത്തിൽ ഇന്ന് ജംഷഡ്പുർ എഫ്‍സിയെ നേരിടാനിരിക്കെ, കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പ്രകടനത്തെ പുകഴ്ത്തി ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് രംഗത്ത്. എതിരാളികളെ ഭയക്കാതെ ഏറ്റവും ഊർജസ്വലമായി കളിക്കുന്ന ടീമാണ് ബ്ലാസ്റ്റേഴ്സ് എന്ന് സ്റ്റിമാച്ച് അഭിപ്രായപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സിനായി മലയാളി താരം സഹൽ അബ്ദുൽ സമദ് പുറത്തെടുക്കുന്ന പ്രകടനത്തെയും കോച്ച് അഭിനന്ദിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ടീമിലും വ്യക്തിപരമായി സഹൽ അബ്ദുൽ സമദിന്റെ പ്രകടനത്തിലും വരുത്തിയ മാറ്റങ്ങൾക്ക് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന് സ്റ്റിമാച്ച് നന്ദി പറഞ്ഞു.

‘എനിക്കേറ്റവും പ്രിയപ്പെട്ട ഏതാനും താരങ്ങളുടെ പേരു പറഞ്ഞാൽ, സഹൽ തീർച്ചയായും അക്കൂട്ടത്തിലുണ്ടാകും. ആരും കാണാനാഗ്രഹിക്കുന്ന കളിയാണ് സഹലിന്റേത്. ഒടുവിൽ സഹലിന് മികച്ചൊരു സീസൺ ലഭിച്ചതിൽ വലിയ സന്തോഷം’ – സ്റ്റിമാച്ച് പറഞ്ഞു. ബഹ്റൈൻ (മാർച്ച് 23), ബെലാറസ് (മാർച്ച് 26) ടീമുകൾക്കെതിരെ ഇന്ത്യൻ ദേശീയ ടീം പരിശീലന മത്സരം കളിക്കാൻ തയാറെടുക്കുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് ബ്ലാസ്റ്റേഴ്സിനെയും സഹലിനെയും പരിശീലകൻ പുകഴ്ത്തിയത്. ബ്ലാസ്റ്റേഴ്സിനായി യുവ ഗോൾകീപ്പർ പ്രഭ്സുഖൻ സിങ് പുറത്തെടുക്കുന്ന തകർപ്പൻ പ്രകടനവും പരിശീലകൻ എടുത്തുപറഞ്ഞു.

‘കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഈ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന പരിശീലകൻ ഇവാനും (വുക്കമനോവിച്ച്) പ്രത്യേകം നന്ദി. ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. നിർഭയമായി കളിക്കുന്നു എന്നതാണ് ഈ ടീമിന്റെ പ്രത്യേകത. മധ്യനിരയിലെ ഊർജസ്വലതയും എടുത്തു പറയണം. കടുത്ത പ്രസ്സിങ്ങിലൂടെ എതിരാളികളെ സമ്മർദ്ദത്തിലാക്കുന്ന കളിയും കൊള്ളാം. വിദേശ താരങ്ങളുമായുള്ള സഹലിന്റെ മനപ്പൊരുത്തം എടുത്തുപറയേണ്ടതാണ്. സഹൽ ഗോളടിച്ചും അടിപ്പിച്ചും തിളങ്ങുന്നത് കാണുന്നതുതന്നെ സന്തോഷമുള്ള കാര്യമാണ്. ദേശീയ ടീമിനെ സംബന്ധിച്ചും സഹലിന്റെ പ്രകടനം വളരെ നല്ല വാർത്തയാണ്’ – സ്റ്റിമാച്ച് പറഞ്ഞു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി തകർപ്പൻ പ്രകടനം കാഴ്ചവച്ച മലയാളി താരം വി.പി. സുഹൈറിനെക്കുറിച്ചും സ്റ്റിമാച്ച് വാചാലനായി.

‘കഴിഞ്ഞ രണ്ടു വർഷമായി വളരെയധികം സ്ഥിരതയോടെ കളിക്കുന്ന താരമാണ് സുഹൈർ. ടീമിന്റെ പ്രകടനം ഈ സീസണിൽ മോശമായെങ്കിലും വ്യക്തിപരമായി സുഹൈർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തനിക്കാകുന്നതെല്ലാം നൽകിയാണ് സുഹൈർ കളിക്കുക. പ്രതിരോധത്തിൽ കഠിനാധ്വാനം ചെയ്യുന്ന സുഹൈർ, എതിർ ടീമിന് തലവേദന സൃഷ്ടിക്കുന്ന താരമാണ്’ – സ്റ്റിമാച്ച് ചൂണ്ടിക്കാട്ടി.

‘ഇവിടെ പരിശീലന ക്യാംപിലാണെങ്കിലും പന്ത് വലയിലാക്കാൻ സുഹൈറിന് പ്രത്യേകമായ കഴിവുണ്ട്. കഴിഞ്ഞ ദിവസം ഞങ്ങൾ പരിശീലന മത്സരം നടത്തിയപ്പോൾ അദ്ദേഹം നാലു ഗോളടിച്ചു. പന്ത് എങ്ങനെ ഗോൾകീപ്പറിനെ മറികടന്ന് വലയിലെത്തിക്കാമെന്ന് നല്ലപോലെ അറിയാവുന്ന താരമാണ് സുഹൈർ. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സംഗതിയും അതാണ്. സുനിൽ ഛേത്രി ടീമിലില്ലാത്ത സാഹചര്യത്തിൽ സുഹൈർ തീർച്ചയായും കളത്തിലിറങ്ങും’ – സ്റ്റിമാച്ച് പറഞ്ഞു.

English Summary: Igor Stimac on Sahal Abdul Samad's form, Kerala Blasters' performance in ISL 2021-22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com