ADVERTISEMENT

വാസ്കോ∙ ഐഎസ്എൽ ട്രോഫിയിൽ ഇക്കുറി ‘മുത്തമിടുക’ പുതിയ ചാംപ്യൻമാരെന്നുറപ്പ്. കലാശപ്പോരാട്ടത്തിൽ ഹൈദരാബാദ് എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. 2–ാം പാദ സെമിയിൽ കരുത്തരായ എടികെ മോഹൻ ബഗാനെതിരെ 1–0നു തോൽവി വഴങ്ങിയെങ്കിലും ആദ്യ പാദ സെമിയിലെ 3–1 ജയത്തിന്റെ ആനുകൂല്യം മുതലെടുത്താണ് ഹൈദരാബാദ് എഫ്സിയുടെ ഫൈനൽ പ്രവേശം. റോയ് കൃഷ്ണയാണ് ബഗാന്റെ ഗോൾ സ്കോറർ. 

ഇരു പാദങ്ങളും അവസാനിച്ചപ്പോൾ 3–2 ലീഡ് നിലയോടെ ഹൈദരാബാദ് 20ന് ഫറ്റോർഡയില്‍ നടക്കുന്ന ഫൈനലിലേക്കു മാർച്ചു ചെയ്തു. 2–ാം പാദ സെമിയിൽ ഉശിരൻ പോരാട്ടംതന്നെ പുറത്തെടുത്തിട്ടും, ജയിച്ചിട്ടും നിരാശയോടെ എടികെ ബഗാൻ പുറത്തേക്കും. ആദ്യമായാണ് ഹൈദരാബാദ് എഫ്സി ഐഎസ്എൽ ഫൈനലിലെത്തുന്നത്. 2014, 2016 വർഷങ്ങളിൽ ഫൈനലിൽ തോറ്റു മടങ്ങേണ്ടിവന്ന കേരള ബ്ലാസ്റ്റേഴ്സ് മറുവശത്തും. 2019ല്‍ ഐഎസ്എൽ കളിച്ചു തുടങ്ങിയ ഹൈദരാബാദ് എഫ്സിക്ക് കപ്പിനും ചുണ്ടിനും ഇടയിലാണ് 2020–21 സീസണിലെ പ്ലേ ഓഫ് ബെർത്ത് നഷ്ടമായത്. ഇത്തവണത്തെ ഫൈനലിൽ ബ്ലാസ്റ്റേഴ്സും ഹൈദരാബാദും ഏറ്റുമുട്ടുമ്പോൾ പുതിയൊരു ടീമിന്റെ പേരുകൂടി ഐഎസ്എൽ ജേതാക്കളുടെ പട്ടികയിലേക്ക് എഴുതിച്ചേർക്കപ്പെടും.

∙ പൊരുതിവീണ് ബഗാൻ

ആദ്യ പാദത്തിലെ 2 ഗോൾ കടം വീട്ടാനുറച്ച ബഗാൻ കളിയുടെ തുടക്കം മുതൽതന്നെ ആക്രമണം കടുപ്പിച്ചതോടെ ഹൈദരാബാദ് പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞു. വലതു പാർശ്വത്തിലൂടെയുള്ള മുന്നേറ്റങ്ങളിലൂടെ പ്രഭീർ ദാസും മുന്നേറ്റനിരയിൽ അർ‌ധാവസരങ്ങൾ സൃഷ്ടിച്ചടുത്ത റോയ് കൃഷ്ണയും ഹൈദരാബാദ് പ്രതിരോധത്തിന്റെ ക്ഷമ പലകുറി പരീക്ഷിച്ചു. ഇതിനിടെ, ഗോൾ കീപ്പർ ലക്ഷ്മീകാന്ത് കട്ടിമണിയുടെ സേവുകളും ഹൈദരാബാദിന്റെ രക്ഷയ്ക്കെത്തി.

22–ാം മിനിറ്റിൽ ലിസ്റ്റൻ കോളാസോ വളച്ചുവിട്ട പന്ത് പോസ്റ്റിനു മുകളിലൂടെ പറന്നതും ബഗാനു നിരാശയായി. ഗോൾ അകുന്നതോടെ, ഇരു ടീമിലെയും താരങ്ങൾ പരുക്കൻ അടവുകൾ പുറത്തെടുത്തു. ഹൈദരാബാദ് സൂപ്പർ താരം ബാർത്തലോമിയോ ഓഗ്ബെച്ചെ ഉൾപ്പെടെയുള്ള താരങ്ങൾ മഞ്ഞക്കാർഡുമായാണു ഇടവേളയ്ക്കു പിരിഞ്ഞത്. 

50–ാം മിനിറ്റിലും പ്രഭീർ ദാസ്– റോയ് കൃഷ്ണ സഖ്യത്തിന്റെ ഗോളെന്നുറച്ച മുന്നേറ്റം കട്ടിമണി രക്ഷപ്പെടുത്തി. പ്രഭീർ ദാസിന്റെ ഷോട്ട് സ്വീകരിച്ച റോയ് കൃഷ്ണയ്ക്കു പന്തു വലയിലേക്കു തട്ടിയിടേണ്ട ജോലി മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ കട്ടിമണിയുടെ കരങ്ങൾ വീണ്ടും ഹൈദരാബാദിന്റെ രക്ഷയ്ക്കെത്തി.

കളി സമനിലയിലേക്കെന്ന് ഏതാണ്ട് ഉറപ്പായ സമയത്ത് (79’) കോളാസോയുടെ പാസിൽനിന്ന് ലക്ഷ്യംകണ്ട റോയ് കൃഷ്ണ ബഗാനു ലീഡ് നൽകി. പിന്നീടുള്ള 10 മിനിറ്റ് സമയം 2–ാം ഗോളിനായി ബഗാൻ സമ്മർദം ശക്തമാക്കിയെങ്കിലും ഹൈദരാബാദ് പിടിച്ചുനിന്നു. ഇൻജറി സമയത്ത് കോർണർ കിക്കുകൾ ഉൾപ്പെടെ അവസരങ്ങൾ ലഭിച്ചിട്ടും ബഗാന് 2–ാം ഗോൾ നേടാനായില്ല. മത്സരം തോറ്റിട്ടും ആദ്യ പാദത്തിലെ സ്കോർനിലയുടെ ബലത്തിൽ ഹൈദരാബാദ് ഫൈനലിലേക്ക്!

 

English Summary: ATK Mohun Bagan Vs Hyderabad FC ISL 2021-22 2nd Semi Final, 2nd Leg - Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com