ADVERTISEMENT

വാസ്കോ∙ ക്ലബിനെ ‘വിശ്വസിച്ച’ ആരാധകരെ സന്തോഷത്തേരിലേറ്റിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫിസിയുടെയും ഹൈദരാബാദ് എഫ്സിയുടെയും ഐഎസ്എൽ ഫൈനൽ പ്രവേശം. കന്നി ഐപിഎൽ കിരീടത്തിനായി കാത്തിരിക്കുന്ന തങ്ങളുടെ ആരാധകരെ ഏറെ സന്തോഷത്തിലാഴ്ത്തിയ പ്രകടനമാണ് ഇരു ടീമുകളും പുറത്തെടുത്തത്. 

എന്നാൽ ആരാധകർ ക്ലബിനെ വിശ്വസിച്ചതുപോലെ മറ്റു ചില ‘വിശ്വാസങ്ങൾ’ കൂടി ക്ലബ്ബുകളുടെ ടൂർണമെന്റിലെ വിജയഗാഥയിൽ നിർണായകമായി. ആരാധകർക്കു ക്ലബ്ലുകളെയും, ക്ലബ്ലുകൾക്കു പരിശീലകരെയും വിശ്വാസമായിരുന്നെങ്കിൽ പരിശീലകർക്കു വിശ്വാസം ടീമിലെ ഇന്ത്യൻ യുവ താരങ്ങളെയായിരുന്നു. കളി രൂപപ്പെടുന്ന മധ്യനിരയിൽ, ഇന്ത്യൻ യുവതാരകങ്ങളെ ഇറക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സ്– ഹൈദരാബാദ് എഫ്സി പരീശീലകരുടെ തന്ത്രം കൂടിയാണു ടൂർണമെന്റിൽ വിജയം കണ്ടത്.

വിദേശ താരങ്ങൾ കയ്യടക്കിവച്ചിരുന്ന മധ്യനിരയിലേക്ക് കടന്നുകയറാനുള്ള അവസരം ഇരു ടീമിലെയും യുവതാരങ്ങൾ ഏറ്റെടുത്തതോടെ മിഡ്ഫീൽഡ് ഉഷാറായി, പിന്നാലെ കളിയും!

∙ മനോളോ മാർക്കേസിന്റെ വിങ് തന്ത്രം

വിങ്ങുകളിലൂടെയുള്ള മുന്നേറ്റങ്ങളാണ് ഹൈദരാബാദിന്റെ കരുത്ത്. ജോവ വിക്ടറും സൗവിക് ചക്രവർത്തിയും നിയന്ത്രിക്കുന്നതാണ് മധ്യനിര. ഫിനിഷറുടെ റോൾ ഭംഗിയാക്കാൻ മുന്നേറ്റ നിരയിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ബാർത്തലോമിയോ ഓഗ്ബെച്ചെയുണ്ട്. 

ടീമിന്റെ ഗോൾ അവസരങ്ങൾ ഒരുങ്ങുന്നതാകട്ടെ, മിഡ്ഫീൽഡിൽനിന്നും. ഇടതുപാർശ്വത്തിൽ അണിനിരക്കുന്ന ആകാശ് മിശ്ര– അനികേത് ജാദവ് സഖ്യമാണ് രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഫുൾ ബാക്ക്– വിങ്ങർ സഖ്യം. ബോക്സിനുള്ളിലേക്കു പന്ത് എത്തിക്കുന്നതിൽ ഇരുവരും ഒരുപോലെ മികവു പുലർത്തുന്നതോടെ ഹൈദരാബാദിന്റെ ആക്രമണങ്ങൾക്ക് ഇരട്ടി മൂർച്ച കൈവരുന്നു.

വിങ്ങിലൂടെ ആരു മുന്നേറും, പിന്നോട്ട് ഇറങ്ങുന്നതാര് എന്നു കൃത്യമായി മനസ്സിലാക്കാനാകാതെ എതിർ ടീമുകൾ പരുങ്ങുമ്പോൾ അവരുടെ ബോക്സിനുള്ളിലേക്ക് പന്തെത്തിക്കഴിഞ്ഞിരിക്കും. ഇതിനു പുറമേ, സീസണിൽ സെറ്റ്പീസുകളിൽ ഹൈദരാബാദ് പുലർത്തുന്ന മികവും എടുത്തു പറയേണ്ടതാണ്. മറു പാർശ്വത്തിൽ റൈറ്റ് ബാക്കായി കളിക്കുന്ന ആശിഷ് റായ് ആണ് ടീമിനായി സീസണിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ഒരുക്കിയ താരം. രോഹിത് ധാനു, മുഹമ്മദ് യാസിൽ എന്നീ വിങ്ങൾമാർക്കൊപ്പം ആശിഷും ഇറങ്ങുമ്പോൾ വലതു വശത്തുനിന്നും മുന്നേറ്റങ്ങൾക്കു പഞ്ഞമില്ല. 

∙ ബ്ലാസ്റ്റേഴ്സിനെ ‘നിവർത്തി’ നിർത്തി വുക്കെമനോവിച്ച്

പ്രതിരോധ നിരയിൽ ഫുൾബാക്കുകളെയും വിങ്ങർമാരെയും ഇളക്കി നിർത്തുന്ന ഹൈദരാബാദുമായി താരതമ്യം ചെയ്യുമ്പോൾ പരമ്പരാഗത ശൈലിലായ 4–2–2–2 നോടാണു ബ്ലാസ്റ്റേഴ്സിനു പ്രിയം. മൈതാനത്തു നന്നായി വിയർത്തു കളിക്കുന്ന 2 സെൻട്രൽ മിഡ്ഫീൽഡർമാർ, മുന്നിൽ 2 പ്ലേ മേക്കർമാർ, അതിനും മുന്നിലായി 2 സ്ട്രൈക്കർമാർ, പിൻനിരയിൽ 4 പേരുടെ പ്രതിരോധക്കോട്ട.

കളിയുടെ ഗതിക്കനുസരിച്ച് ഈ ടീം ഘടനയിലും വ്യത്യാസം വരാം. ജീക്സൻ സിങ്, പൂട്ടിയ എന്നിവർ സ്ട്രൈക്കർമാർക്കു പിന്തുണയേകാൻ മുൻനിരയിലേക്കു കടന്നെത്തും. മധ്യനിരയിൽ ടീമിന്റെ ഊർജ സ്രോതസ്സായി പ്ര‌വർത്തിക്കുന്ന ഇവർ പല കളികളിലും പാസിങ്ങിലെയും പന്തടക്കത്തിലെയും മികവു കൊണ്ടും എതിരാളികളെ അമ്പരപ്പിക്കുന്നതും നാം കണ്ടു. 

കലാശക്കളിയിൽ കപ്പ് ആരുയർത്തിയിലും, ഒരു കാര്യം ഉറപ്പാണ്. ഇന്ത്യൻ‌ ഫുട്ബോളിനെക്കാത്ത് ശോഭനീയമായ ഒരു മധ്യനിര അണിയറയിൽ ഒരുങ്ങുന്നു!

English Summary: ISL: Hyderabad FC vs Kerala Blasters: Indian talent at Midfield

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com