ADVERTISEMENT

മാസ് ആൻഡ് ക്ലാസ് - ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം കിരീടത്തിനരികെ എത്തിനിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനുണ്ടായ ഉണർവിനെക്കുറിച്ചു  കേരളത്തിന്റെ പ്രിയപ്പെട്ട മുൻ താരങ്ങൾക്കും പരിശീലകനും പറയാനുള്ളത് ഈ വിശേഷണമാണ്. സെർബിയൻ പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന്റെ മെയ്ക്ക് ഓവറിൽ മഞ്ഞപ്പടയുടെ ഓരോ വിഭാഗത്തിന്റെയും മാറ്റങ്ങളും മാറ്റുമാണ് അതതു മേഖലകളിൽ തിളങ്ങിയ കേരള താരങ്ങൾ 'മനോരമ'ക്കു വേണ്ടി വിലയിരുത്തുന്നത്. 

കേരള പൊലീസ് ഫുട്ബോൾ ടീം എന്ന വിപ്ലവത്തിനു തിരി തെളിച്ച പരിശീലകൻ എ.എം. ശ്രീധരന്റെ അഭിപ്രായത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യം തന്നെയാണ് തന്ത്രശാലിയായ ഈ കോച്ച്. കേരളത്തിന്റെ സ്ട്രൈക്കിങ് ജോടിയെക്കുറിച്ച് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫോർവേഡുകളിലൊരാളായ വിജയനും മതിപ്പേറെ.  രാജ്യാന്തര ഫുട്ബോളിൽ കേരളത്തിന്റെ വിലാസങ്ങളായിരുന്ന മിഡ്‌ഫീൽഡർ കെ. അജയനും പ്രതിരോധ താരം വിനു ജോസും കൂടി ചേരുന്നുണ്ട് ബ്ലാസ്റ്റേഴ്‌സിന്റെ മധ്യ, പ്രതിരോധത്തിന്റെ പൾസ് വിലയിരുത്താൻ.

മുന്നേറ്റത്തിലെ ഐശ്വര്യം

വുക്കൊമനോവിച്ചിന്റെ ഐശ്വര്യം അൽവാരോ വാസ്കെസ് – ഹോർഹെ പെരേര ഡയസ് ജോടിയാണ്. ഒന്നൊന്നര കൂട്ടുകെട്ടാണിത്. രണ്ടു പേരും വ്യത്യസ്ത ശൈലിയും മികവുമുള്ള സ്ട്രൈക്കർമാരാണ്. അതുതന്നെയാണ് ഈ കൂട്ടുകെട്ടിനെ മാസ് ആക്കുന്നത്. ടീമിനായി എത്ര വിയർപ്പൊഴുക്കാനും മടിയില്ലാത്ത പോരാളികളാണ് ഇരുവരും. പന്തില്ലാത്ത നേരങ്ങളിലെ ഇവരുടെ റണ്ണിങ് പോലും എതിർ പ്രതിരോധനിരയിൽ വിള്ളൽ വീഴ്ത്താൻ കാരണമായിട്ടുണ്ട്. അതിന്റെ ഫലമായിട്ടാണു ടീമിലെ 10 പേരും സ്കോറിങ് ലിസ്റ്റിൽ കടന്നുവന്നത്.

-ഐ.എം.വിജയൻ, മുൻ ഇന്ത്യൻ നായകൻ

കോച്ച് നമ്പർ വൺ

ഇന്ത്യൻ സൂപ്പർ ലീഗ് കണ്ടതിലേറ്റവും മികച്ച പരിശീലകരിലൊരാളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ളത്. പിഴവുകൾ സംഭവിച്ചാൽ അതിവേഗം തിരുത്താനറിയാവുന്ന പരിശീലകനാണ് വുക്കൊമനോവിച്ച്. ഗെയിം റീഡ് ചെയ്യുന്നതിലും മിടുക്കൻ. ഇന്ത്യക്കാരെയും വിദേശതാരങ്ങളെയും കൂട്ടിയോജിപ്പിച്ചതിലെ വൈദഗ്ധ്യമാണു ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ കുതിപ്പിലെ രഹസ്യം. ഇത്ര ദൈർഘ്യമേറിയൊരു ലീഗിനിടയിൽപ്പോലും കളിക്കാരിൽ നിന്നോ സഹപരിശീലകരിൽ നിന്നോ കോച്ചിനെതിരായ ഒരു നോട്ടം പോലും വന്നതായി കേട്ടിട്ടില്ല. ഒത്തിണക്കത്തോടെ ഒരു സംഘത്തെ നയിക്കാനുള്ള വുക്കൊമനോവിച്ചിന്റെ കഴിവാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഫൈനലിലും ജയം കേരളത്തിനൊപ്പമാകും. ദൗർഭാഗ്യം ഇല്ലാതിരുന്നാൽ മാത്രം മതി.

-എ.എം.ശ്രീധരൻ, പരിശീലകൻ

അധ്വാനിക്കുന്നവരുടെ നിര

ഐഎസ്എലിൽ മധ്യനിരയുടെ നിറംമങ്ങലായിരുന്നു പലപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികളെ തകിടം മറിക്കാറുള്ളത്. ഇക്കുറി വുക്കൊമനോവിച്ചിനു കീഴിൽ ഫൈനലിലേക്കു കുതിക്കുമ്പോൾ നിർണായകമായത് മികച്ച മിഡ്ഫീൽഡർമാരുടെ സാന്നിധ്യമാണ്. ലീഗിൽ ഏറ്റവും കഠിനാധ്വാനം ചെയ്യുന്ന മധ്യനിര താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റേതാണ്. ലൂണയും സഹലും യുവതാരങ്ങളായ ജീക്സണും പ്യൂട്ടിയയും ആയുഷുമെല്ലാം മിന്നുന്ന കളി പുറത്തെടുത്തതാണു ടീമിന്റെ വിജയരഹസ്യം. തകർപ്പൻ ഗോളുകളും അസിസ്റ്റുകളുമായി നിറഞ്ഞുനിന്ന ലൂണയും സഹലുമാണു വുക്കൊമനോവിച്ചിന്റെ വജ്രായുധങ്ങൾ.

- കെ.അജയൻ, മുൻ ഇന്ത്യൻ താരം

ക്ലാസ് പ്രതിരോധം

സംഘടിതമെന്നു പറയാവുന്ന പ്രതിരോധനിരയുടെ പിന്തുണ ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഗുണം ചെയ്തിട്ടുണ്ട്. മാർക്കോ ലെസ്കോവിച്ച് ക്ലാസ് എന്നു പറയാവുന്ന പ്രകടനമാണു നിരന്തരമെന്നോണം പുറത്തെടുത്തത്. പകരക്കാരായി വന്ന സെന്റർ ബാക്ക് ഹോർമിപാമും ഗോൾകീപ്പർ പ്രഭ്സുഖൻ ഗില്ലും മടങ്ങുന്നതു സൂപ്പർ താരങ്ങളായാണ്. പരിചയസമ്പത്തേറെയുള്ള ഖബ്രയും നിഷുവും ഏത് ഉത്തരവാദിത്തവും ഏറ്റെടുത്തു വിജയിപ്പിക്കാൻ തങ്ങൾക്കാകുമെന്നു തെളിയിച്ചു.

-വിനു ജോസ്, മുൻ ഇന്ത്യൻ താരം

English Summary: Former players on Kerala blasters perfomance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com