ADVERTISEMENT

ഗോവയിൽ നിന്ന് കേരളത്തിലേക്കും ഹൈദരാബാദിലേക്കും ഇരുവഴികളാണ്. പക്ഷേ ഇന്ന് ഐഎസ്എൽ കിരീടപ്പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനും ഹൈദരാബാദ് എഫ്സിക്കും വിജയത്തിലേക്ക് ഒറ്റ വഴിയേയുള്ളൂ– ഗോൾ വഴി! മഞ്ഞക്കുപ്പായത്തിൽ തുടങ്ങി മൈതാനതന്ത്രങ്ങളിൽ വരെ ഒരേ തൂവൽപക്ഷികളായ ടീമുകൾ ഇന്നു ഫറ്റോർഡയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൂടിക്കാണുമ്പോൾ ഐഎസ്എൽ ഫുട്ബോളിൽ പുതിയ രാജാക്കൻമാർ പിറക്കും. കിക്കോഫ് രാത്രി 7.30ന്. 

മഞ്ഞക്കിളിപ്പോര് 

ഫൈനലിൽ മഞ്ഞക്കുപ്പായം ഹൈദരാബാദിനു കൊടുക്കേണ്ടി വന്നെങ്കിലും സൂപ്പർ ലീഗിലെ മഞ്ഞക്കിളിക്കൂട്ടത്തിലെ വല്യേട്ടൻമാരാണു ബ്ലാസ്റ്റേഴ്സ്. ലീഗിന്റെ 8 വർഷം നീളുന്ന യാത്രയിൽ ഇതു മൂന്നാം വട്ടമാണു കേരളത്തിന്റെ ടീം ഫൈനൽ കളിക്കുന്നത്. ഹൈദരാബാദിന് ഐഎസ്എലിലെ മൂന്നാം സീസൺ മാത്രമാണിത്. ബൂട്ട് കെട്ടുന്നത് ആദ്യ ഫൈനലിനും. 

ഫൈനൽ. ഏറ്റവും എളുപ്പമുള്ള കളി. കളിക്കാർ ഉത്തേജനത്തിന്റെ കൊടുമുടിയിലാണ്. പരിശീലനത്തിന്റെ തികവിലാണ്. ഒരു സീസണിലെ എല്ലാത്തരം അനുഭവങ്ങളിലൂടെയും കടന്നുവന്നവരാണ്.

ബ്ലാസ്റ്റേഴ്സിൽ നിന്നു തെളിച്ചൊരു ദീപശിഖയുമേന്തിയാണു ഹൈദരാബാദിന്റെ ഐഎസ്എൽ പ്രവേശം. ഉടമയും പരിശീലകരും കളിക്കാരുമായി ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞയൂരി മറുമഞ്ഞയണിഞ്ഞവരുടെ എണ്ണമേറെയുണ്ട് ആ ക്യാംപിൽ. അറ്റാക്കിങ് ഫുട്ബോളിന്റെ മന്ത്രത്തിൽ ബന്ധിച്ച ഇരുടീമുകളും ഈ സീസണുകളിലെ കയറ്റിറക്കങ്ങളിലും ഒരുമിച്ചു നടന്നവരാണ്. 

ivan-vukomanovic
ഇവാൻ വുക്കൊമനോവിച്

ലീഗിന്റെ ചരിത്രത്തിലെ തന്നെ തകർപ്പൻ ഫോമിൽ കളിക്കുമ്പോഴാണു ബ്ലാസ്റ്റേഴ്സിനെ കോവിഡ് പിടികൂടിയത്. ലീഗിന്റെ ക്ലൈമാക്സ് സ്റ്റേജിൽ ഹൈദരാബാദും നേരിട്ടു കോവിഡിന്റെ പരീക്ഷണം. ഇരുസംഘങ്ങളുടെയും ലീഗ് വിന്നേഴ്സ് ഷീൽഡ് സാധ്യതകളാണു കോവിഡിൽ തട്ടിയുടഞ്ഞത്. 

ജയിച്ചും തോറ്റും..

ലീഗ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരാണു ഹൈദരാബാദ്. 20 മത്സരങ്ങളിൽ നിന്നു 43 ഗോളടിച്ച ഹൈദരാബാദിന്റെ മഞ്ഞപ്പട കിരീടവഴിയിൽ പിഴയ്ക്കാറില്ലാത്ത എടികെ മോഹൻ ബഗാന്റെ വലയിൽ 3 ഗോളുകളടിച്ചു കയറ്റിയാണ് ഫൈനൽ ഉറപ്പിച്ചത്. 

ഓരോ കളിയും വ്യത്യസ്തം. ഫൈനലും അതുപോലെ. എല്ലാക്കളിയും ഞങ്ങൾ സാങ്കേതികമായി ഒരുപോലെയാണു കളിച്ചത്. ബ്ലാസ്റ്റേഴ്സും ഏറെക്കുറെ അങ്ങനെതന്നെയാണ്. നന്നായി കളിച്ചാൽ ഞങ്ങൾ ആരെയും തോൽപിക്കും.

ബ്ലാസ്റ്റേഴ്സ് പക്ഷേ, ഈ കണക്കുകൾ കണ്ടു കുലുങ്ങില്ല. ഹൈദരാബാദിനെ ഈ സീസണിൽ രണ്ടുവട്ടം കണ്ടപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ ചൊൽപ്പടിയിലായിരുന്നു കളി. ആദ്യ ഊഴത്തിൽ 8 മത്സരങ്ങളുടെ അപരാജിത പെരുമയിലെത്തിയ ഹൈദരാബാദിനെ വാസ്കെസിന്റെ മാസ് ഗോളിൽ മുക്കിക്കളഞ്ഞു.

hyderabad-fc-players-practice

എട്ടു വർഷത്തിനു ശേഷം ഐഎസ്എൽ പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി ബ്ലാസ്റ്റേഴ്സ് ഇരമ്പിക്കയറിയ മധുരസ്മരണ കൂടിയാണാ മത്സരഫലം. രണ്ടാം പോരാട്ടത്തിൽ ജയിച്ചതു ഹൈദരാബാദാണ്. പക്ഷേ, ഗോൾ ഒഴികെ എല്ലാ കാര്യത്തിലും ബ്ലാസ്റ്റേഴ്സാണ് മുന്നിൽ നിന്നത്. വിറച്ചും വിയർത്തും നേടിയ ആ ഭാഗ്യജയം ഫൈനൽ കൂടിക്കാഴ്ചയിൽ ഹൈദരാബാദിന് ആത്മവിശ്വാസമേകില്ല. 

ഓഗ്ബെച്ചെയെന്ന ഒറ്റവരിപ്പാത 

ആക്രമണത്തിന്റെ താപമാപിനിയിൽ ഒരുപടി ഉയരെ നിൽക്കും ഹൈദരാബാദ്. ഓഗ്ബെച്ചെയെന്ന ഒറ്റവരിപ്പാതയാണ് അവരുടെ ഗോളിലേക്കുള്ള എളുപ്പവഴി. ആ വഴിയിൽ കല്ലും മുള്ളും ഇടുന്നതിൽ ഒരുവട്ടം വിജയിച്ചവരാണു ബ്ലാസ്റ്റേഴ്സിന്റെ പോരാളികൾ. ഒരുവട്ടം പരാജയപ്പെട്ടിട്ടുമുണ്ട്. പരാജയത്തിനു പ്രായശ്ചിത്തം ചെയ്യുന്ന ഇവാൻ വുക്കൊമനോവിച്ചിന്റെ ശീലം ഫൈനലിലും ആവർത്തിച്ചാൽ ഹൈദരാബാദിനു വേറെ മാർഗം തേടേണ്ടിവരും.  സ്പാനിഷ് ഫോർവേഡ് ഹാവിയർ സിവേറിയോയും മിഡ്ഫീൽഡ് ജനറൽ ജാവോ വിക്ടറുമാണു 18 ഗോളടിച്ച ഓഗ്ബെച്ചെയുടെ സ്കോറിങ് കൂട്ടാളികളായി മനോലോ മാർക്കെസിന്റെ നിരയിലുള്ളത്. 

മറുവശത്ത് ഹൈദരാബാദിന്റെ ആക്രമണം പോലെ എളുപ്പത്തിൽ പിടിതരുന്ന ഒന്നല്ല വുക്കൊമനോവിച്ചിന്റെ ആയുധങ്ങൾ. ഇന്നത്തെ മത്സരത്തിൽ അഡ്രിയൻ ലൂണയുടെയും സഹലിന്റെയും വരവ് പോലെതന്നെ പ്രവചനാതീതമാണു ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിങ് വിങ്. അൽവാരോ വാസ്കെസും ഹോർഹെ പെരേരയും അഡ്രിയൻ ലൂണയും സഹലുമെല്ലാം ഗോളിൽ തീ കോരിയിടാൻ പോന്നവരാണ്. ഇവർ പതുങ്ങിയാൽ പിന്നണിയിൽ നിന്നുള്ളവർ കുതിക്കും.

കേരള ബ്ലാസ്റ്റേഴ്സ്

ശരാശരി പന്തവകാശം: 48.9%

ഷോട്ട് ഓൺ ടാർഗറ്റ് (ശരാശരി): 4.4

ഗോൾ/മത്സരം: 1.6 

പാസുകളുടെ എണ്ണം: 7579

പാസിങ് കൃത്യത:  68.3%

ക്ലീൻ ഷീറ്റ്: 8

∙ ഓരോ 55 മിനിറ്റിലും ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ സ്കോർ ചെയ്തിട്ടുണ്ട്

ഹൈദരാബാദ് എഫ്‌സി

ശരാശരി പന്തവകാശം: 48.8 %

ഷോട്ട് ഓൺ ടാർഗറ്റ് (ശരാശരി): 5

ഗോൾ/മത്സരം: 2.1

പാസുകളുടെ എണ്ണം: 7592

പാസിങ് കൃത്യത: 71.1 %

ക്ലീൻ ഷീറ്റ്: 3

∙ ഓരോ 43 മിനിറ്റിലും ഹൈദരാബാദ് ഒരു ഗോൾ സ്കോർ ചെയ്തിട്ടുണ്ട്.

English Summary: Kerala Blasters vs Hyderabad FC: ISL Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com