ADVERTISEMENT

മഡ്ഗാവ്∙ 68 മിനിറ്റ് രസിപ്പിച്ചു, പിന്നീടുള്ള 20 മിനിറ്റ് കൊതിപ്പിച്ചു. മത്സരം അവസാനിക്കാൻ 2 മിനിറ്റ് മാത്രം ശേഷിക്കെ വഴങ്ങിയ അപ്രതീക്ഷിത ഗോളിനു ശേഷവും തളരാതെ പൊരുതി. എക്സ്ട്രാ ടൈമിലെ ചടുലമായ നീക്കങ്ങളിലൂടെ നെഞ്ചിടിപ്പേറ്റി. ഒടുവിൽ പെനൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദിനു മുന്നിൽ തലകുനിച്ചു. വീരോചിത പോരാട്ടത്തിനൊടുവിൽ മൂന്നാം വട്ടവും കേരള ബ്ലാസ്റ്റേഴ്സിന്റെ മടക്കം ഐഎസ്എൽ റണ്ണർ അപ്പുകളായി. കന്നി കിരീടവുമായി ഹൈദരാബാദിനു നാട്ടിലേക്കു മടങ്ങാം. കപ്പിനായി ബ്ലാസ്റ്റേഴ്സിനും ആരാധകർക്കും ഇനിയും കാത്തിരിക്കാം..!

നിശ്ചിത സമയത്തും അധിക സമയത്തും 1–1 സമനിലയിൽ അവസാനിച്ച മത്സരത്തിന്റെ പെനൽറ്റി ഷൂട്ടൗട്ടിൽ 3–1നാണു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ 3 കിക്കുകള്‍ രക്ഷപ്പെടുത്തിയ ഗോൾ കീപ്പർ ലക്ഷ്മീകാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശിൽപി. മാർക്കോ ലെസ്കോവിച്ചിന്റെ ആദ്യ കിക്ക്, നിഷു കുമാറിന്റെ 2–ാം കിക്ക്, ജീക്സൻ സിങ്ങിന്റെ 4–ാം കിക്ക് എന്നിവയാണ് കട്ടിമണി രക്ഷപ്പെടുത്തിയത്.  ആയുഷ് അധികാരിക്കു മാത്രമാണു ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കാണാനായത്.

68–ാം മിനിറ്റിൽ മലയാളി താരം കെ.പി. രാഹുലിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയെങ്കിലും, പ്രതിരോധ നിരയുടെ പിഴവു മുതലെടുത്ത് സബ്സ്റ്റിറ്റ്യൂട്ട് താരം സാഹിൽ തവോറ (88’) ഹൈദരാബാദിനായി ഗോൾ മടക്കി. പന്തടക്കത്തിലും, പാസിങ്ങിലും അവസരങ്ങൾ ഒരുക്കുന്നതിലും മികച്ചു നിന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഷോട്ട് മത്സരത്തിനിടെ 2 തവണയാണ് ക്രോസ് ബാറിലിടിച്ചത്. ആദ്യ പകുതിയിൽ ആൽവാരാ വാസ്കസിന്റെ ബുള്ളറ്റ് ഷോട്ടാണു ക്രോസ്ബാറിലിടിച്ചു മടങ്ങിയതെങ്കിൽ, എക്സ്ടാ ടൈമിന്റെ ആദ്യ പകുതിയിൽ ബോക്സിനുള്ളിലേക്ക് അഡ്രിയൻ ലൂണ തിരിച്ചുവിട്ട പന്തിൽ ജീക്സൻ സിങ്ങിന്റെ ഹെഡറാണു പോസ്റ്റിൽ തട്ടിത്തെറിച്ചത്.  

ആദ്യ പകുതിയുടെ ഇൻജറി സമയത്ത് ഹൈദരാബാദ് മത്സരത്തിലെ ആദ്യ ഗോളിനു തൊട്ടരികിലെത്തിയെങ്കിലും ഗോൾ കീപ്പർ പ്രഭ്സുഖൻ ഗിൽ കേരളത്തിന്റെ രക്ഷകനായി. പരുക്കിന്റെ പിടിയിലായ ജോയൽ ചിയാനെസെക്കു പകരം 39–ാം മിനിറ്റിൽ കളത്തിലിറങ്ങിയ ഹവിയർ സിവേറിയോയുടെ തകര്‍പ്പൻ ഡൈവിങ് ഹെഡർ ഗിൽ പണിപ്പെട്ടാണു തട്ടിയകറ്റിയത്. ഫ്രീകിക്കിൽനിന്നു ലഭിച്ച പന്ത് ലക്ഷ്യമാക്കി ബോക്സിലേക്കു കുതിച്ചു കയറിയ സിവേറിയോ ഡൈവിങ് ഹെഡറിലൂടെ പന്ത് പോസ്റ്റിലേക്കു തിരിച്ചുവിട്ടെങ്കിലും ഗില്ലിന്റെ  അവിസ്മരണീയ സേവ്!

ബ്ലാസ്റ്റേഴ്സ് പകുതിയിൽനിന്നുള്ള മുന്നേറ്റങ്ങളെ ബോക്സിനു പുറത്തു തടുത്തു നിർത്തിയ പ്രതിരോധ നിരയുടെ മികവിൽ, ഹൈദരാബാദ് 2–ാം പകുതിയിലാണ് ആക്രമണങ്ങൾ രൂപപ്പെടുത്തിത്തുടങ്ങിയത്. ഇതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയുടെ ‘പണിയും കൂടി’. ആശയക്കുഴപ്പത്തിനിടെ ബോക്സിനു സമീപവും പുറത്തും സിവേറിയോയ്ക്ക് അപകടകരമാം വിധം പന്തു വിട്ടുനൽകിയെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. പിന്നാലെ, 68–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറെ കാത്തിരുന്ന ആ നിമിഷവും വന്നെത്തി. മധ്യവരയ്ക്കു സമീപം ഹൈദരാബാദിന്റെ മുന്നേറ്റം ബ്ലോക്ക് ചെയ്ത ജീക്സൺ സിങ് പന്ത് പിടിച്ചെടുത്ത് കെ.പി. രാഹുലിന് മറിച്ചു.

പന്തുമായി ഒറ്റയ്ക്കു മുന്നേറിയ രാഹുൽ തൊടുത്ത ഷോട്ട് ഹൈദരാബാദ് ഗോ‌ൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയുടെ കൈകളിൽത്തട്ടി വലയിൽ. ബ്ലാസ്റ്റേഴ്സ് മുന്നിൽ (1–0). കളിയുടെ ഗതിക്കു വിപരീതമായി വീണ ഗോളിന്റെ ഞെട്ടലിൽ ഹൈദരാബാദ്. ഗോളിനു പിന്നാലെ രാഹുലിനെ പിന്‍വലിച്ച് വുക്കൊമനോവിച്ച് നിഷു കുമാറിനെ ഇറക്കി.

85–ാം മിനിറ്റിൽ കളി തീർത്തു കളയാനുള്ള അവസരം ബ്ലാസ്റ്റേഴ്സിനു കിട്ടിയതാണ്. ബോക്സിനു പുറത്തുനിന്നുള്ള ലൂണയുടെ ബുള്ളറ്റ് ഫ്രീകിക്ക് കട്ടിമണി തട്ടിയകറ്റിയെങ്കിലും ബോക്സിനുള്ളിൽ നിലയുറപ്പിച്ചിരുന്ന ലെസ്കോവിച്ചിന് റീബൗണ്ട് ലഭ്യത്തിലെത്തിക്കാനായില്ല. ലെസ്കോവിച്ചിന്റെ കാലിൽ തട്ടി ഉയർന്ന പന്ത് കട്ടിമണി പിടിച്ചെടുത്തു.

ജയത്തിലേക്കെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർ ഉറപ്പിച്ചിരുന്ന നിമിഷങ്ങളിൽ ഹൈദരാബാദിന്റെ സമനില ഗോളും വന്നു. ഹൈദരാബാദിന്റെ ഫ്രീ കിക്ക്, ലെസ്കോവിച്ച് ഹെഡ് ചെയ്ത് അകറ്റിയെങ്കിലും പന്തു വന്നു വീണത് ബോക്സിനു പുറത്തു മാർക്ക് ചെയ്യപ്പെടാതെ നിന്ന സാഹിൽ തവോറയുടെ മുന്നിലേക്ക്. തവോറയുടെ കിടിലൻ ഹാഫ് വോളി ഗില്ലിനെ മറികടന്ന് ബ്ലാസ്റ്റേഴ്സ് ഗോൾ വലയിലേക്ക് (1–1). മത്സരം അധിക സമയത്തേക്കും.

പെനൽറ്റിയിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കു കൂട്ടത്തോടെ പിഴച്ചപ്പോൾ ലക്ഷ്മീകാന്ത് കട്ടിമണിയുടെ ‘സുവർണ  കരങ്ങളാൽ’ ഹൈദരാബാദ് സിറ്റി എഫ്സി കന്നി ഐഎസ്എൽ കിരീടം ചേർത്തു പിടിച്ചു. 

English Summary: Kerala Blasters vs Hyderabad FC, ISL final live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com