ADVERTISEMENT

ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ മലപ്പുറം മിനി ഗോവയായി മാറിയിരിക്കുന്നു. ടിക്കറ്റും വാഹനവും കിട്ടിയവരെല്ലാം മഡ്‌ഗാവിലേക്കു വച്ചുപിടിച്ചിട്ടുണ്ട്. ഇവിടെ  നാട്ടിലെങ്ങും മഞ്ഞ ജഴ്സിയണിഞ്ഞവർ, കളി കാണാൻ തെരുവുകൾ തോറും ബിഗ് സ്ക്രീനുകൾ. കളിയാനന്ദത്തിൽ ആറാടുന്ന മലപ്പുറം കാഴ്ചകളിലൂടെ.....

കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ മുഴുവൻ ആവേശവും ഇപ്പോൾ ഒറ്റ  ക്യാൻവാസിലേക്കു പടർത്തിയാൽ അതിന്റെ നിറം മഞ്ഞയാകും. മൂന്നരക്കോടി  സ്വപ്നങ്ങളുടെ തിടമ്പേറ്റുന്ന കൊമ്പന്മാരായ  കേരള ബ്ലാസ്റ്റേഴ്സിന്റെ  ജഴ്സിയുടെ നിറമായ മോഹ മഞ്ഞ.ആദ്യ കിരീടത്തിലേക്കു ഒറ്റ വിജയത്തിന്റെ മാത്രം അകലത്തിൽ നിൽക്കുമ്പോൾ ബ്ലാസ്റ്റേഴ്സിനു വേണ്ടി ആർത്തു വിളിക്കാൻ ലക്ഷക്കണക്കിനു ആരാധകരുണ്ട്. എന്നാൽ, തോൽവിയിലും തിരിച്ചടിയുമെല്ലാം ഹൃദയം കൊണ്ടു മഞ്ഞയെ വരിച്ച ഒരു സംഘമുണ്ട്– പേരിൽ പോലും ടീമിന്റെ ഇഷ്ട നിറത്തെ വഹിക്കുന്ന മഞ്ഞപ്പട. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പായ മഞ്ഞപ്പടയുടെ സാന്നിധ്യം മലപ്പുറത്തുമുണ്ട്. നിലവിൽ 42 വാട്സാപ് ഗ്രൂപ്പുകളിലായി പതിനായിരത്തിലേറെ സജീവ അംഗങ്ങളുണ്ട്. ഇഷ്ട ടീം കലാശപ്പോരിനിറങ്ങുമ്പോൾ ഇവർ മാത്രമല്ല, മലപ്പുറത്തു നിന്നു ആയിരക്കണക്കിനാണു ആരാധകരാണു ഗോവയിലെത്തിയത്. മഡ്ഗാവിലെ സ്റ്റേഡിയത്തിൽ മലപ്പുറത്തിന്റെ ആവേശം വരവുവയ്ക്കാൻ ഇവരുണ്ടാകും.

mpm-fan-5
ചിത്രം: ഫഹദ് മുനീർ ∙ മനോരമ.

2014 മുതൽ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട് മലപ്പുറത്തെ മഞ്ഞപ്പട. കൊച്ചിയിലെ ഒരു മത്സവും വിട്ടിട്ടില്ല. ബ്ലാസ്റ്റേഴ്സിനായി കയ്യടികളുയർന്നപ്പോഴും തുടർ തോൽവികളിൽ എല്ലാവരും കൈവിട്ടപ്പോൾ ഇവർ മഞ്ഞപ്പതാക ഉയർത്തി ടീമിനായി ആർത്തുവിളിച്ചു. ചെന്നൈയിലും പൂണെയിലും ബെംഗളുരുവിലുമെല്ലാം കളി കാണാനെത്തി. യുവാക്കൾ മാത്രമല്ല, ഫുട്ബോൾ ആവേശത്തിനു ഒരിക്കലും പ്രായമാകാത്ത മുതിർന്നവരും കൂട്ടത്തിലുണ്ട്. ടി.വി.സജീർ, ഷറഫു മരവട്ടം, സഫ്‌വാൻ കിളിയമണ്ണിൽ, സഹദ് കൂട്ടിലങ്ങാടി, ഷെറി നിലമ്പൂർ എന്നിവരാണു മലപ്പുറത്തു പട നയിക്കുന്നത്. 

ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്സ് ജയുക്കുമെന്നതിൽ ഇവർക്കു സംശയമില്ല. ആശാൻ വുക്കൊമനോവിച്ചും പിള്ളേരും ഇതിനകം മനസ്സു നിറച്ചെന്നു ഇവർ പറയുന്നു. മലപ്പുറം മഞ്ഞപ്പടയിലെ ഏഴു പേർ ചേർന്നു സീസണിന്റെ തുടക്കത്തിൽ കൊച്ചിയിൽ പോയി വുക്കൊമനോവിച്ചിനെ കണ്ടിരുന്നു. സെർബിയക്കാരൻ കളിക്കുന്ന കാലത്ത് ഡിഫൻസീവ് മിഡ്‌ഫീൽഡറായിരുന്നെങ്കിലും ആശാനെന്ന നിലയിൽ ഫുൾ പോസിറ്റീവാണെന്നു അന്നേ മനസ്സിലായി. 

ഇത്തവണ എന്തെങ്കിലും നടക്കുമെന്ന അന്നത്തെ തോന്നൽ ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു. ആശാനും പിള്ളേരും കപ്പുയർത്തമെന്ന പ്രതീക്ഷ നാളെ യാഥാർഥ്യമാകുമെന്ന ഉറച്ച വിശ്വാസത്തോടെയാണു മഞ്ഞപ്പടയുടെ ആവേശ ബസ് ഇന്നു ഗോവയിലേക്കു തിരിക്കുന്നത്. 

mpm-fan-4

∙ഹൈദരാബാദിലുമുണ്ട് മലപ്പുറത്തിനു പിടി

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കലാശപ്പോരിൽ മലപ്പുറം ഒതുക്കുങ്ങലുകാരും ആർത്തു വിളിക്കുക  കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടിയാകും.  എതിരാളികളായ ഹൈദരാബാദ് എഫ്‌സിയുടെ മുന്നേറ്റത്തിനു കയ്യടിക്കാനും അവർ മറക്കില്ല. കാരണം, അവർക്കിടയിൽ പന്തു കളിച്ചു വളർന്നൊരു പയ്യൻ ഹൈദരാബാദ് എഫ്സിക്കു വേണ്ടി ബുട്ടു കെട്ടുന്നുണ്ട്. ടീമിന്റെ പ്രതിരോധ താരം അബ്ദുൽ റബീഹ് ഒതുക്കുങ്ങൾ ചെറുകുന്ന് സ്വദേശിയാണ്. ഇത്തവണ ഐഎസ്എൽ ഫൈനലിൽ കളിക്കുന്ന ഏക മലപ്പുറംകാരനാണു റബീഹ്. 

മലപ്പുറം എംഎസ്പി സ്കൂളിലൂടെയാണു റബീഹ് കളി മിനുക്കിയെടുത്തത്. ബെംഗളൂരു എഫ്സി അണ്ടർ 14, അണ്ടർ 16 ടീമുകൾക്കായും കളിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി അണിഞ്ഞ ശേഷമാണു ഹൈദരാബാദിലെത്തിയത്. ജ്യേഷ്ഠ സഹോദരനായ റാഷിഖിന്റെ പിന്തുണയും ഷമീൽ ചെമ്പകത്ത് എന്ന പരിശീലകന്റെ ശിക്ഷണവുമാണു താരത്തിനു തുണയായത്. മിന്നൽ വേഗമാണ് റബീഹിന്റെ പ്രത്യേകത. പ്രതിരോധിക്കുന്നതിനൊപ്പം വിങ്ങിലൂടെ കുതിച്ച് ഓവർലാപ് ചെയ്യാനും മിടുക്കൻ. ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് ഇഷ്ടതാരം. അഞ്ചുകണ്ടൻ അബ്ദുൽ കരീം - റസിയ ദമ്പതികളുടെ മകനായ റബീഹ് മഞ്ചേരി എൻഎസ്എസ് കോളജ് അവസാനവർഷ ബിരുദ വിദ്യാർഥിയാണ്.‌

ടീം തോറ്റാനും ജയിച്ചാലും ടൂർണമെന്റ് കഴിഞ്ഞെത്തുന്ന സ്വന്തം താരത്തിന സ്വീകരണം  നൽകാൻ ഒതുക്കുങ്ങൾ ഒരുങ്ങിയതായി പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ എ.കെ. കമറുദ്ദീൻ പറഞ്ഞു. ഫൈനൽ മത്സരം കാണാൻ  പഞ്ചായത്തിനഅറെ  സഹകരണത്തോടെ ബോസ്കോ ഫുട്ബോൾ ക്ലബ് ഒതുക്കുങ്ങൽ ടൗണിലെ ടർഫിൽ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.

∙ ആശാന്മാരിലുമുണ്ട് മലപ്പുറംകാർ 

മഡ്ഗാവിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നു ഐഎസ്എൽ കലാശപ്പോരിനു ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ കപ്പിൽ മുത്തമിടുന്നതു പുതിയൊരു ടീമായിരിക്കും. കപ്പടിക്കുന്നതു ബ്ലാസ്റ്റേഴ്സായാലും ഹൈദരാബാദായാലും കന്നിജയം. കിരീടമുയർത്തുന്ന ടീമേതായാലും മലപ്പുറത്തിനു സന്തോഷത്തിനു വകയുണ്ടാകും. ബ്ലാസ്റ്റേഴ്സാണെങ്കിൽ നമ്മുടെ സ്വന്തം കൊമ്പന്മാർ. ടീമിനൊപ്പം അസിസ്റ്റന്റ് മാനേജരായുള്ളതു മക്കരപ്പറമ്പുകാരൻ ഹിദായത്ത് റാസിയാണെന്നതു ഇരട്ടി മധുരം. ഹൈദരാബാദിന്റെ പടയൊരുക്കത്തിലുമുണ്ടൊരു മലപ്പുറം ടച്ച്. 

റിസർവ് ടീമിന്റെ മുഖ്യ പരിശീലകൻ  അരീക്കോട് തെരട്ടമ്മൽ സ്വദേശി ഷമീൽ ചെമ്പകത്താണ്. പോരാട്ടച്ചൂടിനു തിരികൊളുത്തും മുൻപേ ഇരുവരുടെയും വിശേഷം കേൾക്കാം......

mpm-fan-2

∙‘ആശാൻ മുത്താണ്, നമ്മളേ ജയിക്കൂ’

മക്കരപ്പറമ്പ് പോത്തുകുണ്ട് സ്വദേശി ഹിദായത്ത് റാസിക്കു ബ്ലാസ്റ്റേഴ്സിനൊപ്പം ഇതു നാലാമത്തെ സീസണാണ്. നേരത്തെ റിസർ ടീമിനൊപ്പമായിരുന്നു. ഇത്തവണ ടീമിന്റെ അസിസ്റ്റന്റ് മാനേജർ. റജിസ്ട്രേഷൻ, പരിശീലന സൗകര്യങ്ങളൊരുക്കൽ, യാത്ര എന്നിവയെല്ലാം തീരുമാനിക്കുന്നതിൽ ഹിദായത്തിനു റോളുണ്ട്.  ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ എങ്ങനെ ഇത്ര മാറിയെന്ന ചോദ്യത്തിനു ഹിദായത്തിനു ഉത്തരം എളുപ്പമാണ്. 

‘ക്രെഡിറ്റ് നൽകേണ്ടതു പരിശീലകൻ വുക്കൊമനോവിച്ചിനാണ്. അദ്ദേഹം താരങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയും പോസിറ്റീവ് സമീപനവുമാണു കുതിപ്പിന്റെ അടിത്തറ. ഓരോ താരത്തിലും അദ്ദേഹം അർപ്പിച്ച വിശ്വാസമാണു ടീമിനെ മാറ്റിയെടുത്ത മാജിക്’.

മലപ്പുറം സോക്കർ ക്ലബ്ബിന്റെയും മൈസുരു സർവകലാശാലയുടെയും ഗോൾ വല കാത്തിട്ടുള്ള ഹിദായത്ത് ഗോകുലം എഫ്സിയുടെയും ബ്ലാസ്റ്റേഴ്സ് ഗ്രാസ് റൂട്ട് ലെവൽ പ്രോഗ്രാമിന്റെയും പരിശീലകനായിരുന്നു. ഇന്നത്തെ ഫൈനലിൽ ജയം ആർക്കെന്നതിൽ ഹിദായത്തിനു സംശയമൊന്നുമില്ല.‘ ബ്ലാസ്റ്റേഴ്സ് ഇതുവരെ എത്തുമെന്നു ആരും പ്രതീക്ഷിച്ചതല്ല. ഇപ്പോൾ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കിരീടം കൂടി നേടിയാൽ സ്വപ്ന സമാനമായ ഈ കുതിപ്പ് പൂർണമാകും. ഇന്ന് അതു നടക്കുമെന്നു തന്നെയാണു വിശ്വാസം’– ഹിദായത്തിന്റെ വാക്കുകളിൽ ടീമിന്റെയാകെ ആവേശം തുടിച്ചു നിൽക്കുന്നു.

∙‘ഞങ്ങളൊരു കുടുംബം, ഇതു കിടിലൻ ടീം’

ബ്ലാസ്റ്റേഴ്സിനെതിരെ ഇന്നു കളിക്കാനിറങ്ങുന്ന ഹൈദരാബാദ് എഫ്സി ടീമിൽ അരീക്കോട് തെരട്ടമ്മൽ സ്വദേശി ഷമീൽ ചെമ്പകത്തിന്റെ കയ്യൊപ്പുണ്ട്. ടീമിന്റെ റിസർവ് ടീം ഹെഡ്കോച്ചായ ഷമീൽ വളർത്തിയെടുത്ത 3 താരങ്ങൾ ഇത്തവണ ടീമിന്റെ പ്രധാന സ്ക്വാഡിലുണ്ട്. മലപ്പുറം ഒതുക്കുങ്ങലുകാരൻ അബ്ദുൽ റബീഹാണു ഇതിൽ ഒരാൾ. 

‘ഒരു കുടുംബം പോലെയാണു ഈ ടീം. കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്ന മാനേജ്മെന്റ്. ടീമംഗങ്ങൾക്കിടയിലെ പര്സപര ധാരണ അപാരം’. ഹൈദരാബാദിനെക്കുറിച്ച് ഷമീലിനു പറയാനുള്ളതെല്ലാം പോസിറ്റീവ് മാത്രം. ആദ്യ കിരീടത്തിലേക്കുള്ള വഴി ബ്ലാസ്റ്റേഴ്സിനു എളുപ്പമാകില്ലെന്നു ചുരുക്കം.

രണ്ടു തവണ ഇന്ത്യൻ ക്യാംപിലും ഇടം നേടിയിട്ടുണ്ട് ഷമീൽ.മുഹമ്മദൻസ്, വിവ കേരള, വാസ്കോ ടീമുകളുടെ സെന്റർ ബാക്കായിരുന്ന താരത്തിനു പരിക്കിനെത്തുടർന്നു നല്ല പ്രായത്തിൽ തന്നെ കളി നിർത്തേണ്ടി വന്നു. ഫുട്ബോളിനോടുള്ള ഇഷ്ടം വിട്ടു കളയാൻ മനസ്സിലാത്തതു കൊണ്ടു പരിശീലനത്തിലേക്കു കടന്നു. 

തെരട്ടമ്മൽ സോക്കർ അക്കാദമിയായിരുന്നു പരിശീലകനെന്ന നിലയിലുള്ള ആദ്യ കളരി. നിലവിൽ കോച്ചിങ്ങിൽ എ ലൈസൻസുള്ള ഏക മലപ്പുറംകാരനാണ്. മൂന്നര വർഷം ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന ഷമീർ 2 വർഷം മുൻപാണു  ഹൈദരാബാദുമായി കരാറിലെത്തിയത്. ഷമീലിന്റെ നേതൃത്വത്തിലുള്ള ടീം ഡ്യൂറാൻഡ് കപ്പ്, ഐഎഫ്ഐ ഷീൽഡ്, അസമിലെ സിഇഎം കപ്പ് എന്നിവയിൽ മികച്ച പ്രകടനം നടത്തി. ഐഎസ്എല്ലിൽ സ്വന്തം ടീം കപ്പുയർത്തുന്ന കാണാൻ ഷമീലും കാത്തിരിക്കുന്നു.

mpm-fan-3

∙ഉസ്മാനിക്കയ്ക്കു കളിപ്പിരാന്തിന്റെ മധുരപ്പതിനേഴ്

പെരിന്തൽമണ്ണ കട്ടുപ്പാറ സ്വദേശി എം.െക.ഉസ്മാനു രേഖകൾ പ്രകാരം പ്രായം 70 ആയി. ഫുട്ബോൾ കമ്പമാണു അളവുകോലെങ്കിൽ അതു മധുരപ്പതിനേഴാണ്. ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനായി ആർത്തു വിളിക്കാൻ ഇന്നലെ മലപ്പുറത്തു നിന്നു പുറപ്പെട്ട മഞ്ഞപ്പട സംഘത്തിൽ ഉസ്മാനുമുണ്ട്. കൊമ്പന്മാരുടെ മഞ്ഞ ജഴ്സിയാണു വേഷം.

കോഴിക്കോട് ജെഡിടി സ്കൂളിൽ പഠിച്ച ഉസ്മാനും ഫുട്ബോളെന്ന ജീവനാണ്. . സമീപത്തെവിടെ കളിയുണ്ടെങ്കിലും കാണാൻ പോകുന്ന ശീലം ചെറുപ്പം മുതലുണ്ട്. വലുതായപ്പോൾ ദൂരം പ്രശ്നമല്ലാതായി. ചെന്നൈയിലും കോയമ്പത്തൂരിലും ഗോവയിലുമെല്ലാം കളി കാണാൻ പോയിട്ടുണ്ട്. വളപട്ടണം മുതൽ അരീക്കോട് വരെയുള്ള സെവൻസ് മൈതാനങ്ങളിലെല്ലാം ആരവത്തിലലിയാനെത്തി.  അതിനിടെ, ജീവിത മാർഗം തേടി ദുബൈയിലെത്തി.

20 വർഷം പ്രവാസി ജോലി ചെയ്യുന്നതിനിടെ അവിടെ നടന്ന പ്രധാന ഫുട്ബോൾ ടൂർണമെന്റുകളെല്ലാം കണ്ടു. നാട്ടിൽ തിരിച്ചെത്തി വിശ്രമ ജീവിതം നയിക്കുമ്പോഴാണു കേരള ബ്ലാസ്റ്റേഴ്സിന്റെ വരവ്. 2014 മുതൽ ടീമിന്റെ കടുത്ത ആരാധകനാണു ഉസ്മാൻ. കൊച്ചിയിൽ ലക്ഷക്കണക്കിനു ആരാധകർ ആർത്തുവിളിക്കാനുണ്ടായിരുന്നപ്പോഴും തുടർ തോൽവികളിൽ നിരാശരായി അതു ആയിരമായപ്പോഴും അതിലൊരാൾ ഉസ്മാനായിരുന്നു. ജീവിതത്തിലെ വലിയ സന്തോഷമായ ഫുട്ബോളിനൊപ്പമുള്ള ഓട്ടത്തിൽ കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ട്. ഭാര്യയും മൂന്നു മക്കളും ഇതുവരെ എതിരു പറഞ്ഞിട്ടില്ല. ലോകകപ്പ് ഫുട്ബോൾ നേരിട്ടു കാണമെന്നാണു ആഗ്രഹം. ഹോളണ്ടാണു ഇഷ്ട ടീം. 

യോഹാൻ ക്രൈഫിന്റെ കാലത്തെ കളി കണ്ടു മനസ്സിൽ കയറിയതയാണ്. ഖത്തർ ലോകകപ്പിന്റെ ആദ്യ റൗണ്ട് ടിക്കറ്റ് വിൽപനയിൽ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇനി രണ്ടു റൗണ്ട് കൂടിയുണ്ടല്ലോ. ടിക്കറ്റ് കിട്ടുമെന്നു തന്നെയാണു വിശ്വാസം. തൽക്കാലം ഉസ്മാന്റെ മനസ്സിൽ ലോകകപ്പും ഖത്തറുമൊന്നുമില്ല. ബ്ലാസ്റ്റേഴ്സും ഐഎസ്എൽ കിരീടവും ഗോവൻ സ്റ്റേഡിയത്തിലെ മഞ്ഞക്കടലിരമ്പവും മാത്രം.  

∙വേദനയായി ജംഷീറും ഷിബിലും

ഇന്നത്തെ ആഘോഷരാവിനു കാത്തിരുന്ന മലപ്പുറത്തിനു മേൽ സങ്കടത്തിന്റെ ഇരുൾ മൂടിയാണു ആ വാർത്തയെത്തിയത്. ബ്ലാസ്റ്റേ്സിന്റെ മത്സരം കാണാനായി ബൈക്കിൽ ഗോവയിലേക്കു പോകുകയായിരുന്ന ജില്ലക്കാരായ 2  ചെറുപ്പക്കാർ കാസർകോട്ട് വാഹനപാകടത്തിൽ മരണപ്പെട്ടിരിക്കുന്നു. ഹൈദരാബാദ് എഫ്സിയുടെ താരമായ അബ്ദുൽ റബീഹിന്റെ അടുത്ത ബന്ധുവായ മലപ്പുറം ഒതുക്കുങ്ങൽ  ചെറുകുന്ന് അമ്പലവൻ കുളപ്പുരക്കൽ വീട്ടിൽ എ.കെ.ഷിബിൽ (22),ചെറുകുന്ന് പള്ളിത്തൊടി വീട്ടിൽ പി.ടി.ജംഷീർ (22) എന്നിവരാണു മരിച്ചത്. 

 

English Summary: Malappuram fans in jovial mood, Kerala Blasters fans in explosive mood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com