ADVERTISEMENT

റോമൻ മിത്തോളജിയിൽ ‘ലൂണ’യെന്നാൽ ചന്ദ്രദേവത. അഡ്രിയൻ ലൂണ പക്ഷേ, കേരള ബ്ലാസ്റ്റേഴ്സിനു സൗമ്യചന്ദ്രിക മാത്രമല്ല, ഉഗ്രതാപത്തോടെ പെയ്തിറങ്ങുന്ന സൂര്യദേവനാണ്. ലൂണ! എങ്ങനെ വിശേഷിപ്പിക്കണം, താങ്കളെ? ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനൽ വരെയെത്തിച്ച മാന്ത്രികനെന്നോ ? അദ്ദേഹത്തിനു പക്ഷേ, കന്നിക്കിരീടത്തിലേക്കു ടീമിനെ നയിക്കാൻ കഴിഞ്ഞില്ല. ഫൈനലിൽ കളിച്ചെങ്കിലും സെമി വരെ കണ്ട മാന്ത്രിക സ്പർശം പുറത്തെടുക്കാനായില്ല. 

ഓസ്ട്രേലിയൻ എ ലീഗിൽ മെൽബൺ സിറ്റി എഫ്സിയെ ജേതാക്കളാക്കിയ ശേഷമായിരുന്നു ലൂണ ബ്ലാസ്റ്റേഴ്സിലേക്കു വന്നത്.  അതോടെ, കളി മാറി. ജൂനിയർ താരങ്ങളായ പ്യൂട്ടിയ, ജീക്സൻ സിങ്, ആയുഷ് അധികാരി തുടങ്ങിയവരെ കോർത്തിണക്കി മധ്യനിരയിലെ നരികളാക്കി മാറ്റിയ മാജിക്. സീസൺ തുടങ്ങുമ്പോൾ ക്യാപ്റ്റനായിരുന്നില്ല, അദ്ദേഹം. ജെസൽ കാർണയ്റോയ്ക്കു പരുക്കേറ്റപ്പോൾ ആ ചുമതലയുമേറ്റു. സഹതാരങ്ങളെ പ്രചോദിപ്പിക്കുന്ന ക്യാപ്റ്റൻ.  6 ഗോളടിച്ചു. 7 അസിസ്റ്റുകളുമുണ്ട്. ആകെ 13 ഗോളുകളിൽ ലൂണ സ്പർശം. ബ്ലാസ്റ്റേഴ്സിനായി കളിച്ചവരിൽ ഒറ്റ സീസണിൽ ഇതിലേറെ സംഭാവന നൽകിയത് മു‍ൻ താരം ഓഗ്‌ബെച്ചെ മാത്രം; അസിസ്റ്റ് ഉൾപ്പെടെ 16 എണ്ണം. 

ഫൈനലിൽ ഹൈദരാബാദിനെതിരെ ലൂണ തീർത്തും മങ്ങിപ്പോയി. വ്യാഴം, വെള്ളി ദിവസങ്ങളിൽ ആരോഗ്യകാരണങ്ങളാൽ അദ്ദേഹം ടീമിനൊപ്പം പരിശീലിച്ചിരുന്നില്ല. പക്ഷേ, ലൂണ ഇഫക്ട് മങ്ങുന്നില്ല. അതു പ്രകാശിച്ചു കൊണ്ടേയിരിക്കും; ബ്ലാസ്റ്റേഴ്സിലും ആരാധക ഹൃദയങ്ങളിലും!

Content Highlights: Adrian Luna, The sun of kerala blasters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com