ADVERTISEMENT

മഡ്ഗാവ് (ഗോവ) ∙ ‘‘ഹിൽട്ടൻ റിസോർട്ടിൽ മുറിയെടുക്കാൻ ഒത്തിരി കാശാകുമോ? ഒരു മുറികിട്ടുമോ?’’ ഐഎസ്എൽ ഫൈനൽ കാണാൻ അങ്കമാലിയിൽനിന്നെത്തിയ ജോസ് പോളിന്റെ ചോദ്യം. ഷൂട്ടൗട്ടിലെ തോൽവിയിൽ മനംനൊന്ത ലക്ഷക്കണക്കിനു ബ്ലാസ്റ്റേഴ്സ് ആരാധകരിൽ ഒരാളാണു ജോസ്.

blasters-coach
ഐഎസ്എൽ ഫൈനലിലെ പരാജയത്തിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കൊപ്പം കോച്ച് ഇവാൻ വുക്കൊമനോവിച്ച്. ചിത്രം: വിഷ്ണു വി. നായർ ∙ മനോരമ

‘‘എന്തിനു ഹിൽട്ടൻ…? ഗോവയിൽ എത്രയോ റിസോർട്ടുകളുണ്ട്...’’ മറുപടിയിൽ ജോസ് പോൾ തൃപ്തനല്ല. ‘‘ബ്ലാസ്റ്റേഴ്സ് ടീം അവിടെയാണു താമസിക്കുന്നതെന്നു കേട്ടു. കളിക്കാരെയും കോച്ചിനെയും ഒന്നുകൂടി കാണാനാണ്. ഇനി അടുത്ത സീസണിലല്ലേ കാണാനൊക്കൂ…. റിസോർട്ടിലെ മുറിവാടക ഒരു പ്രശ്നമല്ല. കളിക്കാരെയും കോച്ചിനെയും കാണണം, അഭിനന്ദിക്കണം...’’

blasters-coach-2
ഐഎസ്എൽ ഫൈനലിലെ പരാജയത്തിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കൊപ്പം കോച്ച് ഇവാൻ വുക്കൊമനോവിച്ച്. ചിത്രം: വിഷ്ണു വി. നായർ ∙ മനോരമ

മഡ്ഗാവിലും നഗരത്തിനു പടിഞ്ഞാറ് കോൾവ ബീച്ചിലും ഇന്നലെ രാവിലെ കണ്ട ആരാധകരുടെ മുഖത്തുണ്ടായിരുന്നു ഞായർ രാത്രിയിലെ തോൽവിയുടെ ക്ഷീണം. പക്ഷേ ആവേശം വാർന്നുപോയ ശരീരഭാഷയോ കരഞ്ഞുകലങ്ങിയ കണ്ണുകളോ ആയിരുന്നില്ല. തോൽവിയുടെ നിഴൽവീണൊരു ക്ഷീണംമാത്രം. അതിൽനിന്ന് അവർ കരകയറാൻ ശ്രമിക്കുന്നതിന്റെ ഒരുദാഹരണം മാത്രമാണു ജോസ് പോളിന്റെ മനോഭാവം. ടീം തോറ്റു എന്നല്ല, നമ്മൾ തോറ്റു. കളിച്ചുതന്നെ തോറ്റു. നിങ്ങളെ ഞങ്ങൾ കൈവിടുന്നില്ല എന്ന പ്രഖ്യാപനത്തിലൂടെ തോൽവിക്കുമപ്പുറത്തുള്ള പ്രത്യാശയിലേക്കു ചുവടുവയ്ക്കുകയാണ് ആരാധകർ.

before-finals
ഐഎസ്എൽ ഫൈനലിനു മുൻപ് ഇരുടീമുകളും ഗ്രൗണ്ടിൽ. ചിത്രം: വിഷ്ണു വി. നായർ ∙ മനോരമ

ഫുട്ബോൾ ഫൈനലുകളിലെ തോൽവികൾ ലോകത്തെവിടെയും ആരാധകരെ വല്ലാത്തൊരു ശൂന്യതയിലേക്കും നിസ്സംഗതയിലേക്കും തള്ളിവിടാറുണ്ട്. ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും നെഞ്ചത്തടിയും നിലവിളിയും കൂടുതലാണെങ്കിൽ യൂറോപ്പിൽ അതു വിഷാദരോഗത്തിന്റെ ചില ഭാവങ്ങളിലേക്ക് എത്തും. ചിലരെ അതു ദീർഘനാളത്തേക്കു തളർത്തിക്കളയും. ടീമിനോടുള്ള ഇഷ്ടംകുറയുന്നില്ലെങ്കിൽപ്പോലും വല്ലാത്തൊരു വിരക്തിബാധിക്കാറുണ്ട്. ‘വികാരങ്ങളുടെ മരണവും നിസ്സംഗതയും’ എന്നാണു മനഃശാസ്ത്രവിദഗ്ധർ അത്തരം അവസ്ഥകളെ വിശേഷിപ്പിക്കുന്നത്. ചില യൂറോപ്യൻ രാജ്യങ്ങളിൽ ക്ലബ്ബുകൾതന്നെ മുൻകയ്യെടുത്ത് ആരാധകരിൽ പലർക്കും മനഃശാസ്ത്ര ചികിത്സയ്ക്ക് ഏർപ്പാടു ചെയ്യാറുണ്ട്.

fans-at-goa-4
ഐഎസ്എൽ ഫൈനലിനെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. ചിത്രം: വിഷ്ണു വി. നായർ ∙ മനോരമ

യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും കളിയാരാധകരുമായി താരതമ്യംചെയ്യുമ്പോൾ മഞ്ഞപ്പടക്കാർ ഐഎസ്എൽ ഫൈനലിലെ തോൽവിയിൽ തീരെ തകർന്നടിഞ്ഞിട്ടില്ല. ഞായർ അർധരാത്രിയോടെ ഫറ്റോർഡ സ്റ്റേഡിയത്തിൽനിന്നു മഞ്ഞയിൽപ്പൊതിഞ്ഞ കേരള റജിസ്ട്രേഷൻ ബസ് കളിക്കാരുമായി മടങ്ങുമ്പോൾ ഒന്നാം നമ്പർ ഗേറ്റിനു പുറത്ത് ആർത്തുവിളിച്ചെത്തിയ ജനക്കൂട്ടം തന്നെ അതിനുള്ള ഒന്നാമത്തെ തെളിവ്. തിരിച്ചുവരവിന്റെ ഒന്നാം അധ്യായമാണ് ആ ഒന്നാം നമ്പർ ഗേറ്റിനു പുറത്ത് രാത്രി കൂമ്പിനിന്ന ആ നിമിഷങ്ങളിൽ ആരാധകർ തുറന്നെടുത്തത്. കളിക്കാർക്കതു കണ്ടില്ലെന്നു നടിക്കാനാവുമോ?

fans-at-goa-2
ഐഎസ്എൽ ഫൈനലിനെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. ചിത്രം: വിഷ്ണു വി. നായർ ∙ മനോരമ

കോവിഡ് സൃഷ്ടിച്ച വിളർച്ചയുടെയും തളർച്ചയുടെയും പിടിയിൽനിന്നു കുതറിമാറാൻ ഫുട്ബോൾ കാത്തുവച്ചൊരു മരുന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പും ഗോവയിലെ ഫൈനലും. തിരുവനന്തപുരത്തുനിന്നു മഡ്ഗാവിലേക്ക് ആയിരത്തോളം കിലോമീറ്ററുണ്ട്. കേരളത്തിന്റെ തെക്കേയറ്റംമുതൽ ട്രെയിനിലും വിമാനത്തിലും സ്വന്തം വണ്ടികളിലും ബസ്സുകളിൽ മാറിമാറിക്കയറിയും കളിപ്രേമികൾ കൂട്ടത്തോടെ ഇവിടെയെത്തി. യുവാക്കളിൽ ചിലർ ഇരുചക്രവാഹനങ്ങളിലാണ് എത്തിയത്. മുറിയെടുക്കാതെ, കിടന്നുറങ്ങാതെ അവർ കിക്കോഫിനു കാത്തിരുന്നു. ഗോവക്കാരുമായി ചങ്ങാത്തംകൂടി. നെഹ്റു സ്റ്റേഡിയത്തിനു സമീപത്തെ ഗോവക്കാർ സ്വന്തം വീടുകളിൽ അപരിചിതരായ ബ്ലാസ്റ്റേഴ്സ് ആരാധകരെ സ്വീകരിച്ചു. കുളിക്കാനും വിശ്രമിക്കാനും ഇടംനൽകി. എന്തിന്? എല്ലാം ഫുട്ബോളിനുവേണ്ടി.

fans-at-goa
ഐഎസ്എൽ ഫൈനലിനെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. ചിത്രം: വിഷ്ണു വി. നായർ ∙ മനോരമ

കൈക്കുഞ്ഞിനെ മഞ്ഞയിൽപ്പൊതിഞ്ഞു നെഞ്ചോടടുക്കി സ്റ്റേഡിയത്തിലേക്കു നടന്നുകയറിയ ദമ്പതികളുണ്ട്. പ്ലാസ്റ്ററിട്ട കാലുമായി മുടന്തിനീങ്ങിയ ഭാര്യയുമായി മഞ്ഞക്കുപ്പായത്തിൽ ഗ്യാലറിയുടെ താഴേത്തട്ടിൽ ഇടംപിടിച്ച യുവാവുണ്ട്. അവരെല്ലാം കളി തുടങ്ങുംമുൻപ് കേരളത്തിലെ സ്വന്തം വീട്ടിലേക്കു ഫോൺ ചെയ്തു. ‘‘ഞങ്ങളിതാ സ്റ്റേഡിയത്തിലുണ്ട്. നമ്മുടെ ടീമിനൊപ്പം. ടിവിയിൽ ശ്രദ്ധിക്കണേ… കളിക്കാർക്കു ചുറ്റും ഞങ്ങളുമുണ്ടേ...’’ എല്ലാം ഫുട്ബോളിനുവേണ്ടിയായിരുന്നു.

fans-at-goa-1
ഐഎസ്എൽ ഫൈനലിനെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. ചിത്രം: വിഷ്ണു വി. നായർ ∙ മനോരമ

ബ്ലാസ്റ്റേഴ്സ് ആരാധകരിൽ ഭൂരിഭാഗവും തിരിച്ചറിയുന്നു. ഈ ടീം ഏതു തട്ടിൽനിന്നാണു പടവുകൾ കയറിയതെന്ന്. ഇപ്പോൾ അവർ കൈവരിച്ചിരിക്കുന്നതു വെറും ഫൈനൽ നേട്ടമല്ല. ലക്ഷക്കണക്കിനു ഹൃദയങ്ങൾ അവരെ വരിച്ചുകഴിഞ്ഞു. ഏതിലും കുറ്റംകണ്ടെത്തുന്ന ന്യൂനപക്ഷമേ കേൾക്കുക: ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല ഈ ടീം എന്നു തെളിയിച്ചു. പല വമ്പൻമാരും ബ്ലാസ്റ്റേഴ്സിനെ പേടിച്ചുതുടങ്ങി. ബ്ലാസ്റ്റേഴ്സും അതിന്റെ കോച്ച് ഇവാൻ വുക്കൊമനോവിച്ചും ഇന്ത്യയിലും പുറത്തും ആദരം പിടിച്ചുപറ്റിയിരിക്കുന്നു. യാത്രയുടെ തുടക്കംമാത്രമാണിത്. അഭിനന്ദിക്കുക, അഭിമാനിക്കുക, ഒപ്പംനിൽക്കുക.

ടീമംഗങ്ങൾ ഗോവയിൽനിന്നു സ്വന്തം വീടുകളിലേക്കു മടക്കയാത്ര തുടങ്ങിക്കഴിഞ്ഞു. മാസങ്ങൾക്കുള്ളിൽ അവർ തിരികെ കൊച്ചിയിലെത്തും. വീണ്ടും ഇവാന്റെ കുട്ടികളാകും. സീസണിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിനെ നയിച്ച, പരുക്കുമൂലം കളംവിട്ട ഗോവക്കാരൻ ഡിഫൻഡർ ജെസ്സൽ കാർണെയ്റോയുടെ വാക്കുകൾ: ‘‘ഈ ടീം തോൽക്കാൻ മനസ്സില്ലാത്തവരാണ്.  ഐക്യത്തിന്റെ വിജയം വിളംബരം ചെയ്യുന്നവരാണ്. അതിന്റെ ഭാഗമായിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ട്രോഫിയുമായി കൊച്ചിയിലേക്കു പറക്കാൻ ഞാൻ കൊതിച്ചിരുന്നു. അടുത്ത സീസണിൽ വീണ്ടും പന്തുതട്ടാൻ എന്റെ കാലുകൾ തരിക്കുന്നു.’’

Content Highlights: ISL, Kerala blasters, Fans, Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com