ADVERTISEMENT

സാവോ പോളോ∙ ലാറ്റിനമേരിക്കയിൽനിന്ന് ഖത്തർ ലോകകപ്പിനു നേരിട്ട് യോഗ്യത നേടി ലൂയി സ്വാരസിന്റെ യുറഗ്വായും ഇക്വഡോറും. ഇന്നു പുലർച്ചെ നടന്ന യോഗ്യതാ മത്സരത്തിൽ പാരഗ്വായോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തോറ്റെങ്കിലും, ആദ്യ നാലു സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ചാണ് ഇക്വഡോർ ഖത്തർ ലോകകപ്പിന് ടിക്കറ്റെടുത്തത്. മറ്റൊരു മത്സരത്തിൽ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് യുറഗ്വായും ലോകകപ്പിന് യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽ ഓരോ മത്സരങ്ങൾ മാത്രം ശേഷിക്കെ യുറഗ്വായ്ക്കും ഇക്വഡോറിനും 25 പോയിന്റ് വീതമുണ്ട്. അഞ്ചാം സ്ഥാനത്തുള്ള പെറുവിന് 21 പോയിന്റായതിനാൽ, ഇനി ഇവരെ മറികടക്കാനാകില്ല. ലാറ്റിനമേരിക്കയിൽനിന്ന് ബ്രസീലും അർജന്റീനയും നേരത്തേതന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു.

42–ാം മിനിറ്റിൽ ജോർജിയൻ ഡി അറാസ്കറ്റ നേടിയ ഗോളാണ് പെറുവിനെതിരെ യുറഗ്വായ്ക്ക് വിജയവും ലോകകപ്പ് യോഗ്യതയും സമ്മാനിച്ചത്. പാരഗ്വായോടു തോറ്റ ഇക്വഡോറിനും യോഗ്യത ഉറപ്പാക്കിയത് പെറുവിനെതിരെ യുറഗ്വായ് നേടിയ വിജയം തന്നെ. റോബർട്ട് മൊറാലസ് (9), മിഗ്വേൽ അൽമിറോൺ (54) എന്നിവരുടെ ഗോളുകൾക്കൊപ്പം ഇക്വഡോർ താരം പിയേറോ ഹിൻകാപിയുടെ സെൽഫ്ഗോളും ചേർന്നതോടെയാണ് പാരഗ്വായ് വിജയം പിടിച്ചത്. 85–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ജോർഡി കയ്സീഡോയാണ് ഇക്വഡോറിന്റെ ആശ്വാസഗോൾ നേടിയത്.

ഏഷ്യൻ ടീമുകളിലൊന്നിനെതിരെ പ്ലേഓഫ് കളിച്ച ലോകകപ്പ് യോഗ്യത നേടാൻ അവസരം നൽകുന്ന അഞ്ചാം സ്ഥാനത്തിനായി പെറുവും കൊളംബിയയുമാണ് മത്സരിക്കുന്നത്. അവസാന മത്സരത്തിൽ പാരഗ്വായെ തോൽപ്പിച്ചാൽ പെറുവിന് പ്ലേഓഫ് കളിക്കാം. പെറു തോൽക്കുന്നപക്ഷം ബൊളീവിയയെ വീഴ്ത്തിയാൽ കൊളംബിയയ്ക്ക് പ്ലേഓഫ് യോഗ്യത നേടാം. ഇരു ടീമുകളും തോറ്റാൽ 19 പോയിന്റുള്ള ചിലെയ്ക്കും പ്ലേഓഫ് സാധ്യതയുണ്ട്.

ഒന്നാം സ്ഥാനത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ ബ്രസീൽ, നാട്ടിൽ നടന്ന തുടർച്ചയായ എട്ടാം യോഗ്യതാ മത്സരത്തിലും തകർപ്പൻ വിജയം നേടി കരുത്തുകാട്ടി. ചിലെയെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ബ്രസീൽ വീഴ്ത്തിയത്. സൂപ്പർതാരം നെയ്മാർ (44, പെനൽറ്റി), വിനീസ്യൂസ് ജൂനിയർ (45+1), ഫിലിപ്പെ കൂടീഞ്ഞോ (72, പെനൽറ്റി), റിച്ചാർലിസൻ (90+1) എന്നിവരാണ് ബ്രസീലിനായി ഗോളുകൾ നേടിയത്. ഇതോടെ ബ്രസീലിന് 16 മത്സരങ്ങളിൽനിന്ന് 42 പോയിന്റായി. ഒരു മത്സരം കുറച്ചുകളിച്ച അർജന്റീനയ്ക്ക് 35 പോയിന്റുണ്ട്. അവർ നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ വെനസ്വേലയെ നേരിടും.

English Summary: Ecuador, Uruguay Claim South America’s Remaining Automatic World Cup Berths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com