ADVERTISEMENT

വില്യം ഷെയ്ക്സ്പിയറിന്റെ  ‘ജൂലിയസ് സീസർ’ നാടകത്തിൽ, ഭാവി പ്രവചിക്കുന്നൊരാൾ സീസറിനോടു പറയുന്നുണ്ട്: ‘‘സീസർ, മാർച്ച് മാസം പകുതിയെ സൂക്ഷിക്കുക..’’.  ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങൾക്ക് അതുപോലൊരു വിധി നിർണായകമായ ദിനമാണിന്ന്. ഖത്തർ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ പോർച്ചുഗലും പോളണ്ടും സ്വീഡനും സെനഗലും ഈജിപ്തുമെല്ലാം കളത്തിലിറങ്ങുന്നു. ടീമുകൾക്കൊപ്പം സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, റോബർട്ട് ലെവൻഡോവ്സ്കി, മുഹമ്മദ് സലാ, സാദിയോ മാനെ, സ്‌ലാറ്റൻ ഇബ്രാഹിമോവിച്ച് തുടങ്ങിയവരും. നവംബറിൽ തുടങ്ങുന്ന ലോകകപ്പിന്റെ ‘മാർച്ച് പാസ്റ്റിൽ’ ഇവരിലാരൊക്കെയുണ്ടാകുമെന്ന് ഇന്നറിയാം. ‌

ക്രിസ്റ്റ്യാനോ റൊണാൾഡോ 

പോർച്ചുഗൽ– നോർത്ത് മാസിഡോണിയ (രാത്രി 12.15) 

യൂറോപ്യൻ യോഗ്യതാ പ്ലേ ഓഫ് സെമിഫൈനലിൽ നോർത്ത് മാസിഡോണിയ ഇറ്റലിയെ അട്ടിമറിച്ചപ്പോൾ ലോകം ഞെട്ടിയെങ്കിൽ പോർച്ചുഗൽ ഉള്ളാലെ സന്തോഷിക്കുകയായിരുന്നു. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെക്കാളും ഭേദം മാസിഡോണിയ ആകും എന്ന കണക്കുകൂട്ടലിലാണത്. പോർട്ടോയിലെ ഡ്രഗാവോ സ്റ്റേഡിയത്തിൽ ആ കണക്കുകൂട്ടൽ ശരിയായാൽ പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഖത്തറിൽ 5–ാം ലോകകപ്പ് കളിക്കും. മറിച്ചായാൽ മാസിഡോണിയ ചരിത്രത്തിലാദ്യമായി ലോകകപ്പിനു യോഗ്യത നേടും. കണക്കിലും കടലാസിലുമെല്ലാം പോർച്ചുഗലിനാണ് മുൻതൂക്കം. ഫിഫ റാങ്കിങ്ങിൽ മാസിഡോണിയയെക്കാൾ (67) എത്രയോ മുന്നിലാണ് പോർച്ചുഗൽ (8). ക്രിസ്റ്റ്യാനോയ്ക്കു മാത്രമല്ല, ബ്രൂണോ ഫെർണാണ്ടസ്, ഡിയേഗോ ജോട്ട, ജോവ ഫെലിക്സ്, പെപ്പെ തുടങ്ങിയ പോർച്ചുഗീസ് താരങ്ങളും ഒന്നുകിൽ ഖത്തറിലേക്കു ടിക്കറ്റെടുക്കും, അല്ലെങ്കിൽ വീട്ടിലിരുന്ന് കളി കാണും! 

ronaldo

റോബർട്ട് ലെവൻഡോവ്സ്കി, സ്‌ലാറ്റൻ ഇബ്രാഹിമോവിച്ച് 

പോളണ്ട്–സ്വീഡൻ (രാത്രി 12.15)

റോബർട്ട് ലെവൻഡോവ്സ്കി ഇപ്പോൾ പോളണ്ടിന് എന്താണോ അതായിരുന്നു ഒരുകാലത്തു സ്വീഡനു സ്‌ലാറ്റൻ ഇബ്രാഹിമോവിച്ച്. ഇരുവരും ഒരു ലോകകപ്പേ കളിച്ചിട്ടുള്ളൂ. അതിൽ വലിയ സാന്നിധ്യമറിയിക്കാനുമായില്ല. ലെവൻഡോവ്സ്കിയുടെ പോളണ്ട് ടീം കഴി‍ഞ്ഞ തവണ ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായി. 2006ലാണ് ഇബ്ര ലോകകപ്പ് കളിച്ചത്. അതിനു ശേഷം കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടറിലെത്തിയ സ്വീഡൻ ടീമിൽ ഇബ്രയ്ക്ക് ഇടമുണ്ടായിരുന്നില്ല. ഇത്തവണ പ്ലേ ഓഫ് സെമിഫൈനലിലും ഇബ്ര ഇല്ലാതെയാണ് സ്വീഡൻ എക്സ്ട്രാ ടൈമിൽ ചെക്ക് റിപ്പബ്ലിക്കിനെ മറികടന്നത്. യോഗ്യത നേടിയാൽ ഇബ്രയ്ക്കു ലോകകപ്പ് കളിച്ച് വിടപറയാനുള്ള അവസരം കോച്ച് യാൻ ആൻഡേഴ്സൻ നൽകിയേക്കാം. യുക്രെയ്നിലേക്കുള്ള അധിനിവേശത്തിന്റെ പേരിൽ എതിരാളികളായ റഷ്യയ്ക്ക് വിലക്കു വന്നതിനാൽ പോളണ്ടിനു പ്ലേ ഓഫ് സെമിഫൈനൽ കളിക്കേണ്ടി വന്നില്ല. 

സാദിയോ മാനെ, മുഹമ്മദ് സലാ 

സെനഗൽ–ഈജിപ്ത് (രാത്രി 10.30) 

അൽജീരിയ–കാമറൂൺ (രാത്രി 1.00) 

മൊറോക്കോ–കോംഗോ (രാത്രി 1.00) 

ഇംഗ്ലിഷ് ക്ലബ് ലിവർപൂളിന്റെ ആരാധകർ ഇരട്ടമനസ്സോടെയായിരിക്കും സെനഗൽ–ഈജിപ്ത് മത്സരം കാണുക. അവരുടെ പ്രിയതാരങ്ങളിൽ ഒരാൾ മാത്രമേ ലോകകപ്പിനുണ്ടാവൂ. ആദ്യപാദത്തിൽ 1–0നു ജയിച്ചതിന്റെ മുൻതൂക്കം മുഹമ്മദ് സലായുടെ ഈജിപ്തിനുണ്ട്. എന്നാൽ ഇന്നത്തെ 2–ാം പാദം സ്വന്തം സ്റ്റേഡിയത്തിലാണെന്നത് സാദിയോ മാനെയുടെ സെനഗലിനുള്ള ആനുകൂല്യം. സെനഗലിനെ മറികടന്ന് യോഗ്യത നേടിയാൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിലെ തോൽവിക്കുള്ള മധുരപ്രതികാരം കൂടിയാകും ഈജിപ്തിനും സലായ്ക്കുമത്. അൽ‌ജീരിയൻ താരം റിയാദ് മഹ്റേസ്, മൊറോക്കൻ താരം അച്റഫ് ഹാക്കിമി തുടങ്ങിയവർക്കും ഇന്നു നിർണായക മത്സരങ്ങൾ.

 

English Summary: FIFA world cup; qualifying matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com