ADVERTISEMENT

ആംസ്റ്റർഡാം ∙ ആദ്യം ജീവിതത്തിലേക്കും ഇപ്പോൾ ഫുട്ബോളിലേക്കുള്ള തിരിച്ചുവരവിൽ വീണ്ടും ഗോള്‍വഴി കണ്ടെത്തി ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൻ. കഴിഞ്ഞ ദിവസം നെതർലൻഡ്സിനെതിരെ സൗഹൃദ ഫുട്ബോൾ മത്സരത്തിന്റെ 46–ാം മിനിറ്റിൽ പകരക്കാരനായിറങ്ങി ഗോളടിച്ച എറിക്സൻ, ഇത്തവണ ഡെൻമാർക്ക് ടീമിന്റെ ക്യാപ്റ്റനായി വീണ്ടും ഗോൾപട്ടികയിൽ ഇടംപിടിച്ചു. സെർബിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ ഡെൻമാർക്ക് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ജയിക്കുകയും ചെയ്തു. 57–ാം മിനിറ്റിലായിരുന്നു എറിക്സന്റെ ഗോൾ.

ഫുട്ബോളിൽ നിന്ന് ഒരു വർഷത്തോളം വിട്ടു നിന്ന ശേഷം തിരിച്ചെത്തിയ എറിക്സൻ, അന്ന് സകലരെയും ഞെട്ടിച്ച് തളർന്നുവീണ പാർക്കൻ സ്റ്റേഡിയത്തിലാണ് ഇക്കുറി ക്യാപ്റ്റനായും ഗോളടിച്ചും തിരിച്ചുവരവ് നടത്തിയത്. നെതർലൻഡ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ താരം ഗോൾ നേടിയെങ്കിലും മത്സരം അവരുടെ തട്ടകത്തിലായിരുന്നു. ഈ മത്സരം ഡെൻമാർക്ക് 2–4നു തോറ്റിരുന്നു.

കഴി‍ഞ്ഞ വർഷം ജൂണിൽ ഫിൻലൻഡിനെതിരെ യൂറോകപ്പ് മത്സരത്തിനിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് എറിക്സന് ഫുട്ബോളിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്നിരുന്നു. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്ന കാർഡിയോവെർട്ടർ ഡിഫ്രിബിലേറ്റർ ശരീരത്തിൽ ഘടിപ്പിച്ചാണ് എറിക്സൻ പിന്നീട് ഫുട്ബോളിലേക്കു തിരിച്ചെത്തിയത്. കഴിഞ്ഞ മാസം ഇംഗ്ലിഷ് ക്ലബ് ബ്രെന്റ്ഫോഡ് ടീമിലൂടെയ‌ായിരുന്നു ക്ലബ് ഫുട്ബോളിലേക്കുള്ള തിരിച്ചു വരവ്.

കഴിഞ്ഞ ദിവസം ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്തായ ഇറ്റലി, അതിനുശേഷം കളത്തിലിറങ്ങിയ ആദ്യ മത്സരത്തിൽ തുർക്കിയെ തോൽപ്പിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇറ്റലിയുടെ വിജയം.

മറ്റു മത്സരങ്ങളിൽ ഫ്രാൻസ് ദക്ഷിണാഫ്രിക്കയേയും (5–0), സ്പെയിൻ ഐസ്‍ലൻഡിനെയും (5–0), ബെൽജിയം ബുർകിനോ ഫാസോയേയും (3–0), നോർവേ അർമേനിയയേയും (9–0), ഇംഗ്ലണ്ട് ഐവറി കോസ്റ്റിനെയും (3–0), ഹംഗറി വടക്കൻ അയർലൻഡിനെയും തോൽപ്പിച്ചു. ഓസ്ട്രേലിയ – സ്കോട്‌ലൻഡ് (2–2) മത്സരവും ജർമനി – ഹോളണ്ട് (1–1) മത്സരവും വെയ്ൽസ് – ചെക് റിപ്പബ്ലിക് മത്സരവും (1–1) സമനിലയിൽ അവസാനിച്ചു.

English Summary: Christian Eriksen Scores on Parken Return After Euro Heart Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com