ADVERTISEMENT

ലിമ∙ ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ പാരഗ്വായെ വീഴ്ത്തി പെറു പ്ലേഓഫിന് യോഗ്യത നേടി. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനം നേടിയാണ് പെറു പ്ലേഓഫിന് യോഗ്യത ഉറപ്പാക്കിയത്. ജൂണിൽ നടക്കുന്ന പ്ലേ ഓഫ് മത്സരത്തിൽ ഓസ്ട്രേലിയയോ യുഎഇയോ ആകും പെറുവിന്റെ എതിരാളികൾ. ഇതോടെ ചിലെ, കൊളംബിയ തുടങ്ങിയ ടീമുകൾ ഖത്തർ ലോകകപ്പിന് ഉണ്ടാകില്ലെന്ന് ഉറപ്പായി. 2018ലെ റഷ്യൻ ലോകകപ്പിനും പ്ലേഓഫ് ജയിച്ചാണ് പെറു യോഗ്യത നേടിയത്. അന്ന് ന്യൂസീലൻഡിനെയാണ് അവർ തോൽപ്പിച്ചത്.

ദക്ഷിണ അമേരിക്കയിൽനിന്ന് ബ്രസീൽ, അർജന്റീന, യുറഗ്വായ്, ഇക്വഡോർ എന്നീ ടീമുകളാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയത്. ഇന്നു പുലർച്ചെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീൽ ബൊളീവിയയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചു. റിച്ചാർലിസന്റെ ഇരട്ടഗോളും (45, 90+1), ലൂക്കാസ് പക്വേറ്റ (24), ബ്രൂണോ ഗ്വിമാറസ് (66) എന്നിവരുടെ ഗോളുകളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. സസ്പെൻഷനിലായ സൂപ്പർതാരം നെയ്മർ, വിനീസ്യൂസ് ജൂനിയർ എന്നിവരെ കൂടാതെയാണ് ബ്രസീൽ കളിച്ചത്.

ഇതോടെ, ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീൽ പുതിയ റെക്കോർഡും സ്ഥാപിച്ചു. തോൽവിയറിയാതെ മുന്നേറുന്ന ബ്രസീൽ, 45 പോയിന്റുമായി ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ദക്ഷിണ അമേരിക്കയിൽനിന്ന് ഏറ്റവും കൂടുതൽ പോയിന്റ് സ്വന്തമാക്കുന്ന ടീമായി. 2002ൽ 43 പോയിന്റുമായി അർജന്റീന സ്ഥാപിച്ച റെക്കോർഡാണ് അവർ തകർത്തത്. ബൊളീവിയയ്ക്കെതിരായ വിജയത്തോടെ ബ്രസീൽ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനും വഴിതെളിഞ്ഞു.

മറ്റൊരു മത്സരത്തിൽ അർജന്റീനയും ഇക്വഡോറും സമനിലയിൽ പിരിഞ്ഞു. 24–ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് നേടിയ ഗോളിൽ ലീഡെടുത്ത അർജന്റീനയെ, തോൽവിയുടെ വക്കിൽനിന്ന് ഇൻജറി ടൈമിൽ എന്നർ വലൻസിയ (90+3) നേടിയ ഗോളിലാണ് ഇക്വഡോർ സമനിലയിൽ തളച്ചത്. ഇതോടെ, ഇക്വഡോർ നാലാം സ്ഥാനത്തേക്ക് വീണു. മറ്റൊരു മത്സരത്തിൽ ചിലെയെ തോൽപ്പിച്ച് യുറഗ്വായാണ് മൂന്നാം സ്ഥാനം നേടിയത്. ലൂയിസ് സ്വാരസ് (79), ഫെഡറിക്കോ വാൽവെർദെ എന്നിവരാണ് യുറഗ്വായ്ക്കായി ലക്ഷ്യം കണ്ടത്.

അതേസമയം, കോവിഡ് പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ട് നിർത്തിവച്ച ബ്രസീൽ – അർജന്റീന മത്സരം ജൂണിൽ നടത്താൻ ഫിഫ തീരുമാനിച്ചു. അപ്പോൾ മാത്രമേ ഇരു ടീമുകളെയും യോഗ്യതാ മത്സരങ്ങൾ പൂർത്തിയാകൂ. പെറുവിന്റെ പ്ലേഓഫ് മത്സരവും മാറ്റിനിർത്തിയാൽ മറ്റു ടീമുകളുടെ യോഗ്യതാ മത്സരങ്ങൾ അവസാനിച്ചു.

English Summary: FIFA World Cup 2022 Qualifiers: Peru Beat Paraguay 2-0, Enter Playoffs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com