ADVERTISEMENT

ലണ്ടൻ ∙ മാഞ്ചസ്റ്റർ യുണൈറ്റഡിനും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കളത്തിനു പുറത്തും കഷ്ടകാലം തന്നെ. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ എവർട്ടനോട് യുണൈറ്റഡ് തോറ്റതിനു പിന്നാലെ ഡ്രസ്സിങ് റൂമിലേക്കു മടങ്ങും വഴി ആരാധകന്റെ ഫോൺ തട്ടിപ്പറിച്ച് ക്രിസ്റ്റ്യാനോ വിവാദത്തിൽ ചാടി. എവർട്ടന്റെ കുഞ്ഞ് ആരാധകനോടു മാപ്പു ചോദിച്ച ക്രിസ്റ്റ്യാനോ അവനെ മാഞ്ചസ്റ്റർ യുണൈറ്റ‍ഡിന്റെ മത്സരം കാണാൻ ഓൾഡ് ട്രാഫഡിലേക്കു ക്ഷണിച്ചെങ്കിലും സംഭവം അന്വേഷിക്കാൻ തന്നെയാണ് പൊലീസിന്റെ തീരുമാനം. 

തോറ്റതിന് ജെയ്കിനോട്..

എവർട്ടന്റെ മൈതാനമായ ഗൂഡിസൻ പാർക്കിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ 0–1നായിരുന്നു യുണൈറ്റഡിന്റെ തോൽവി. തോൽവിയോടെ യുണൈറ്റഡിന്റെ ചാംപ്യൻസ് ലീഗ് യോഗ്യതയും ആശങ്കയിലായി. നിലവിൽ പോയിന്റ് പട്ടികയിൽ 7–ാം സ്ഥാനത്താണ് യുണൈറ്റഡ്. നിരാശനായി ഡ്രസ്സിങ് റൂമിലേക്കു മടങ്ങും വഴിയാണ് ക്രിസ്റ്റ്യാനോയ്ക്കു നിയന്ത്രണം കൈവിട്ടത്. ടണലിലേക്കു നീട്ടിപ്പിടിച്ചിരുന്ന ഫോൺ ക്രിസ്റ്റ്യാനോ തട്ടിപ്പറിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യം പിന്നീട് വ്യാപകമായി പ്രചരിച്ചു. 14 വയസ്സുള്ള തന്റെ മകൻ ജെയ്ക് ഹാർഡിങ്ങിന്റെ കയ്യിൽ നിന്നാണ് ക്രിസ്റ്റ്യാനോ മൊബൈൽ തട്ടിപ്പറിച്ചതെന്ന് ജെയ്കിന്റെ അമ്മ പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു. 

മാപ്പ്, കളി കാണാൻ ടിക്കറ്റ് 

സംഭവം ചർച്ചയായതോടെ ക്രിസ്റ്റ്യാനോ ഇൻസ്റ്റഗ്രാമിലൂടെ മാപ്പു പറഞ്ഞു. ‘കഷ്ടകാലം പിടിച്ച നിമിഷങ്ങളിൽ വികാരങ്ങളെ നിയന്ത്രിക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന വളർന്നു വരുന്ന കുട്ടികൾക്ക് മാതൃകയാവേണ്ടത് തീർച്ചയായും ഒരു ഉത്തരവാദിത്തമാണ്. നിയന്ത്രണം വിട്ട എന്റെ പെരുമാറ്റത്തിന് ഞാൻ മാപ്പു ചോദിക്കുന്നു. ആ ആരാധകനെ ഓൾഡ് ട്രാഫഡിൽ യുണൈറ്റഡിന്റെ ഒരു മത്സരം കാണാൻ ക്ഷണിക്കുന്നു..’’– ക്രിസ്റ്റ്യാനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

manchestor
കന്റോണയുടെ കുങ്ഫു കിക്ക്.

കന്റോണയുടെ കുങ്ഫു കിക്ക് 

ഫുട്ബോളിൽ കളിക്കാർ ആരാധകർക്കു നേരെ തിരിയുന്നത് വലിയ വാർത്തയാണ്. അതിൽ ഏറ്റവും കുപ്രസിദ്ധം മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എറിക് കന്റോണയുടെ കുങ്ഫു കിക്ക് തന്നെ. 1995 ജനുവരി 25ന് ക്രിസ്റ്റൽ പാലസിനെതിരെ മത്സരത്തിൽ ചുവപ്പു കാർഡ് കണ്ടതിനു പിന്നാലെയായിരുന്നു ഫ്രഞ്ച് താരം കന്റോണയുടെ അതിക്രമം. ഡ്രസ്സിങ് റൂമിലേക്കു മടങ്ങും വഴി തന്നെ പരിഹസിച്ച മാത്യു സിമണ്ട്സ് എന്ന പാലസ് ആരാധകനെ കന്റോണ കുങ്ഫു സ്റ്റൈലി‍ൽ ചാടി ചവിട്ടുകയായിരുന്നു. കേസ് കോടതിയിലെത്തിയപ്പോൾ കൂടുതൽ കുഴപ്പത്തിൽ ചാടിയത് ഇരുപത്തൊന്നുകാരൻ സിമണ്ട്സ് തന്നെയാണ്. വംശീയമായി അധിക്ഷേപിച്ചതിനാണ് കന്റോണ ചവിട്ടിയതെന്നു പറഞ്ഞ അഭിഭാഷകനു നേരെ സിമണ്ട്സ് ‘കന്റോണ സ്റ്റൈലിൽ’ തന്നെ ഓടിയടുത്തു. എല്ലാം കൂടി സിമണ്ട്സിന് ഒരാഴ്ച ജയിൽവാസവും 700 പൗണ്ട് പിഴയും കിട്ടി. കന്റോണയ്ക്ക് 8 മാസം വിലക്കും 150 മണിക്കൂർ നിർബന്ധിത സാമൂഹിക സേവനവും.

English Summary: Cristiano Ronaldo smashes young fan's phone in anger before apologising

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com