ADVERTISEMENT

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നഷ്ടമായ ഇറ്റാലിയൻ പരിശീലകൻ അന്റോണിയോ കോൻടെ ടോട്ടനം ഹോട്സ്പറിന്റെ നേട്ടവും പ്രതീക്ഷയും സ്വപ്നവുമെല്ലാമാവുകയാണ് ഈ സീസണിൽ. ലീഗിൽ ഒൻപതാം സ്ഥാനത്തായിരുന്ന ടോട്ടനം 

ഇറ്റാലിയൻ പരിശീകന്റെ മികവിൽ നാലാം സ്ഥാനത്തേക്ക് പൊരുതിക്കയറിയെത്തിയിരിക്കുകയാണ്. ഫുട്ബോളിലെ പേരുകേട്ട ‘കോൻടെ മാജിക്’ അനുഭവിച്ചറിയുകയാണ് ടോട്ടനമും അവരുടെ ആരാധകരും. 

ഒലേ ഗുണാർ സോൾഷെർക്കും മുൻപേ തന്നെ യുണൈറ്റഡിന് കോൻടെയെ സ്വന്തമാക്കാൻ അവസരമൊരുങ്ങിയതായിരുന്നു. എന്നാൽ യുണൈറ്റഡ് ബോർഡിന്റെ പിടിപ്പുകേടിൽ അവസരം നഷ്ടമായി. പിന്നീട് സോൾഷെറെ പുറത്താക്കിയ സമയത്ത് വീണ്ടും അവസരം കിട്ടിയെങ്കിലും തീരുമാനമെടുക്കാൻ യുണൈറ്റഡിന്റെ ഉടമകളായ ഗ്ലേസർ സഹോദരൻമാർ സമയമെടുത്തു. എന്നാൽ ടോട്ടനം ഉടമ ഡാനിയൽ ലെവിക്ക് ഇക്കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഓൾഡ് ട്രാഫഡിലെ ആരാധകർക്ക് നിരാശ നൽകി ഇറ്റാലിയൻ സൂപ്പർകോച്ചിനെ പിന്നീട് കണ്ടത് ടോട്ടനമിന്റെ വൈറ്റ്ഹാർട് ലെയ്ൻ സ്റ്റേഡിയത്തിലായിരുന്നു. 

ടോട്ടനമിന്റെ സമീപകാല ചരിത്രത്തിൽ ഉടമ ലെവിക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്നതായിരുന്നു കണ്ടിരുന്നത്. പക്ഷേ കോൻടെയ്ക്കു വേണ്ടിയുള്ള നീക്കം ലെവിയുടെ മാസ്റ്റർസ്ട്രോക്ക് ആയിമാറി. യഥാർഥത്തിൽ ടോട്ടനം ഫുട്ബോൾ ഡയറ്കടർ ഡാനിയൽ പാരാച്ചിറ്റിയായിരുന്നു ആ നീക്കത്തിന് കരുത്തായത്. മുൻപ് യുെവെന്റസിൽ ഒരുമിച്ചുണ്ടായിരുന്ന പാരാച്ചിറ്റിയും കോൻടെയും ഉറ്റ സുഹൃത്തുക്കളാണ്. അതു തന്നെയായിരുന്നു ടോട്ടനമിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ കോൻടെയ്ക്കും ആത്മവിശ്വാസം നൽകിയത്.  

ടോട്ടനമിൽ കോൻടെയുടെ തുടക്കം അത്ര മെച്ചമല്ലായിരുന്നു. ഒരു സീസൺ പകുതിയിൽ ടീമിന്റെ ചുമതലയേൽക്കുക എന്നതുതന്നെ വലിയൊരു വെല്ലുവിളിയാണ്. പക്ഷേ തന്റെ കഴിവിലും ടോട്ടനമിന്റെ പദ്ധതിയിലും കോൻടെയ്ക്ക് വിശ്വാസമുണ്ടായിരുന്നു. അതിന് അദ്ദേഹത്തിന് വ്യക്തമായ രൂപരേഖയുമുണ്ടായിരുന്നു. സ്ഥാനമേറ്റെടുക്കും മുൻപ് ലെവിക്കും ബോർഡിനും മുൻപിൽ അതെല്ലാം വിശദമായി അവതരിപ്പിക്കുകയും ചെയ്തു. 

കോൻടെയുടെ പരിശീലന സിദ്ധന്തത്തിന്റെ അടിസ്ഥാനം കളിക്കാരുടെ ശാരീരിക ക്ഷമതയാണ്. ഇക്കാര്യം ശ്രദ്ധിക്കാനായി പ്രത്യേക സംഘം തന്നെ ഒപ്പമുണ്ട്. അനുജൻ ജിയാൻലൂക്ക കോൻടെയാണ് അവരെ നയിക്കുന്നത്. ടോട്ടനമിന്റെ ടെക്നിക്കൽ - അനലിറ്റിക്കൽ കോച്ചായ ജിയാൻലൂക്കയാണ് കളിക്കരുടെ ഫിറ്റ്നനസ് കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത്. പരിശീലനത്തിലെയും ഫിറ്റനസ് കേന്ദ്രത്തിലെയും കോൻടെയുടെ കഠിനാധ്വാനമെല്ലാം ഇപ്പോൾ കളിക്കളത്തിലെ മികച്ച പ്രകടനങ്ങളായി മാറുകയാണ്. കളിക്കാരുടെ ഏറ്റവും മികച്ച ശാരീരിക ക്ഷമതയിലാണ് അദ്ദേഹത്തിന്റെ തന്ത്രങ്ങളെല്ലാം അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത്. 

3-4-3 എന്ന ശൈലിയിൽ പതിവിൽക്കവിഞ്ഞ് മികവിൽ കളിക്കുന്ന കളിക്കാരെയാണ് ആവശ്യം. 

തുടക്കത്തിൽ പരിശീലനം കളിക്കാർക്ക് ഏറെ കടുപ്പമായിരുന്നു. ഓരോ കളിക്കാരുടെയും വ്യക്തിഗത മികവു വിലയിരുത്തിയ കോൻടെ അവർക്ക് കൂടുതൽ മെച്ചപ്പെടാനുള്ള വഴികളാണ് തേടിയത്. കോൻടെ ഫുട്ബോളുമായി ഒത്തിണങ്ങൻ ഏറെ സമയമൊന്നും വേണ്ടിവന്നില്ല ടീമിന്. ഇറ്റലിക്കാരന്റെ പരിശീലന മുറകളിലൂടെ മികവിന്റെ പുതിയ ഉയരങ്ങൾ കണ്ടെത്തിയ അവർ മൈതാനത്തെ ഉജ്വല പ്രകടനങ്ങളിലൂടെ ആരാധകരുടെയും മനം കവരുകയാണ്. ലീഗിൽ കഴിഞ്ഞ 7 കളികളിൽ ആറിലും അവർ ജയിച്ചു കയറി. അതും ലീഗിലെ ഏറ്റവും നിർണായകമായ ഘട്ടത്തിൽ. വിജയത്തിനായി, ഏറ്റവും മികച്ച പ്രകടനത്തിനായി ഒരോ നിമിഷവും ശ്രമിച്ചുകൊണ്ടേയിരിക്കുക എന്ന കോൻടെയുടെ വിജയമന്ത്രം കളിക്കാർ ഓരോരുത്തരും ഏറ്റെടുക്കുകയാണ്. 2022 ൽ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ടോട്ടനമാണ്. അതും ഹാരി കെയ്നിനെ കൂടുതൽ ആശ്രയിക്കാതെ. ഓരോ കളിക്കാരനും മറ്റുള്ളവർക്കായി കളിക്കുയെന്ന സംഘബലമാണ് ടോട്ടനം പുറത്തെടുക്കുന്നത്. 

കോൻടെയുടെ കീഴിൽ ഏറ്റലും മികവു കണ്ടെത്തിയത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നാണ്. മുൻ പരിശീകൻ നുനോ എസ്പിറ്റോ സാഞ്ചസിനു കീഴിൽ ഒരു ഗോളും ഒരു അസിസ്റ്റുമായിരുന്നു കെയ്നിനുണ്ടായിരുന്നത്. എന്നാൽ കോൻടെയ്ക്കു കീഴിൽ കെയ്ൻ തന്റെ ഓൾറൗണ്ട് മികവ് കണ്ടെത്തുകായായിരുന്നു. 12 ഗോളുകളും 8 അസിസ്റ്റുകളുമാണ് പുതിയ കോച്ചിനു കീഴിൽ കെയ്നിന്റെ നേട്ടം. മറ്റുകളിക്കാരെപ്പോലെ ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ മെച്ചപ്പെട്ടുകഴിഞ്ഞു. മധ്യനിരയിലേക്ക് കൂടുതൽ ഇറങ്ങിക്കളിക്കുന്ന കെയ്ൻ മുൻനിരക്കാർക്ക് കൂടുതൽ അവസരങ്ങളുമൊരുക്കുന്നുണ്ട്. സൺ ഹ്യൂങ് മിൻ അടക്കമുള്ള മറ്റു കളിക്കാർ ഗോളുകൾ കണ്ടെത്തുന്നത് കെയ്നിന് സമർദ്ദമില്ലാതെ കളിക്കാനുള്ള അവസരവുമൊരുക്കുന്നു. 

∙ കോൻടെ സിസ്റ്റം

ഏറ്റവും മികച്ച രീതിയിൽ പ്രകടനം നടത്തുന്ന ഒരു ടീമിന്റെ മുഖമുദ്രയെന്നത് കളിക്കാർ മാറിമാറി വന്നാലും ടീമിന്റെ കാര്യക്ഷമതയെ അതു ബാധിക്കില്ലെന്നതാണ്. മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഈ സിദ്ധാന്തത്തിന്റെ മികച്ച വക്താക്കളാണ്. കോൻടെയ്ക്കു കീഴിൽ ടോട്ടനം ഹോട്പറും അതേ മികവിലേക്കെത്തുകയാണ് എന്നതിന്റെ ഉദാഹരണമായിരുന്നു ന്യൂകാസിലിനെതിരെ നേടിയ തകർപ്പൻ ജയം. 

ആദ്യഘട്ടങ്ങളിലെല്ലാം രണ്ടാം നിര താരങ്ങളെ ആശ്രയിക്കാൻ കോൻെടെയ്ക്ക് അത്ര ആത്മവിശ്വാസം പോരായിരുന്നു. 

ന്യൂകാസിൽ മത്സരത്തിനു മുൻപ് 3 കളികളിലും ഒരേ ടീമിനെയാണ് അദ്ദേഹമിറക്കിയത്. എന്നാൽ ന്യൂകാസിലിനെതിരെ അവസരം കിട്ടിയ രണ്ടാം നിര താരങ്ങൾ തിളങ്ങിയപ്പോൾ അത് പരിശീലകനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പരുക്കേറ്റ സെർജിയോ റെഗുലിയോണിനു പകരമെത്തിയ പ്രതിരോധനിരതാരം എമേഴ്സൺ റൊയാൽ പിഴവറ്റ പ്രകടനമാണ് പുറത്തെടുത്തത്. റൈറ്റ് വിങ് ബാക്കായി ഇറങ്ങിയ റൊയാൽ ടീമിനായി ഒരു ഗോളും നേടി. ആ ഗോളിനു വഴിയൊരുക്കിയ ക്രോസ് വന്നത് ഇടതു വിങ് ബാക്കായ ഡോഹെർത്തിയുടെ ബൂട്ടിൽ നിന്നായിരുന്നു എന്നത് കോൻടെയ്ക്ക് ഇരട്ടി ആഹ്ലാദമേകും. 

വിങ് ബാക്കുകൾ മുന്നേറ്റ നിരയിൽ പരപ്സരം അവസരമൊരുക്കിയെന്നതാണ് കോൻടെബോൾ എന്ന സിസ്റ്റത്തിന്റെ ഏറ്റവും സംശുദ്ധമായ രൂപം. പ്രകടനത്തിന്റെ പേരിൽ ഏറ്റവുംമേറെ പഴി കേൾക്കേണ്ടിവന്ന 2 കളിക്കാരാണ് അസാധാരണമാംവിധം മികവു കണ്ടെത്തിയത് എന്നത് ടോട്ടനമിൽ കോൻടെയുടെ സാന്നിധ്യം എത്രത്തോളം നല്ല മാറ്റങ്ങൾക്കു വഴിയൊരുക്കുന്നു എന്നതിനു ഉദാഹരണമാണ്. 

ന്യൂകാസിലിനെതിരെ നേടിയ അഞ്ചാം ഗോളിനു വഴിയൊരുക്കിയത് പകരക്കാരയ ലൂക്കാസ് മൗറയും സ്റ്റീവൻ ബെർഗ്വിനുമായിരുന്നു. ദേയാൻ കുലുസേവ്സ്കി ടീമിലെത്തിയപ്പോൾ അവസരം നഷ്ടപ്പെട്ടവരാണ് ഇരുവരും. പക്ഷേ കിട്ടിയ അവസരം മുതലാക്കിയ ഇവർ പകരക്കാരുടെ ബഞ്ചിലും മത്സരം മാറ്റിമറിക്കാൻ കെൽപ്പുള്ളവരുണ്ടെന്ന് തെളിയിക്കുകയായിരുന്നു.  

tottenham

കോൻടെ സിസ്റ്റം കളിക്കാർ കൂടുതലായി മനസ്സിലാക്കിത്തുടങ്ങിയതാണ് ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിൽ വഴിത്തിരിവാകുന്നതെന്നാണ് പരിശീലകന്റെ കണക്കുകൂട്ടൽ

‘ ഇതാണു വിജയത്തിലേക്കുള്ള ശരിയായ വഴിയെന്ന് അവർ മനസ്സിലാക്കുന്നു. അവർ എന്നെ വിശ്വസിക്കുന്നു, ഞാൻ അവരെയും. ആദ്യ നാലുപേരിൽ ഇടം നേടാനുള്ള പോരാട്ടത്തിലാണ് ഞങ്ങൾ. ഈ ടീം ഒരു ടീമായത് ഇപ്പോഴാണ്. ഓരോ മത്സരത്തിലും എന്താണ് ചെയ്യേണ്ടതെന്ന് ഒരോരുത്തർക്കുമറിയാം. ’ കോൻടെ പറയുന്നു. 

പകരക്കാരുടെ മികച്ച പ്രകടനം സംഘത്തിലെ ഏല്ലാവർക്കം തന്റെ പദ്ധതികൾ കൃത്യമയി മനസ്സിലായിത്തുടങ്ങി എന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

‘ ഈ പദ്ധതിയിൽ ടീമിലെ എല്ലാവരും പങ്കാളികളാകുന്നവെന്നത് ഏറെ അഭിമാനകരമാണ്. കഠിനപരിശ്രമത്തിൽ അവർ വിശ്വസിക്കുന്നു. ഏറ്റവും മികച്ച ടീമിനെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്നത് അവർ മനസ്സിലാക്കുന്നു.’

തന്റെ പദ്ധതി മികച്ച രീതിയിൽ നടപ്പാകുന്നു എന്നത്, പരുക്കും സസ്പെൻഷനും കാരണം കളിക്കാരെ നഷ്ടമായാലും ഒത്ത പകരക്കാരുണ്ടെന്ന ആത്മവിശ്വസം കോൻടെയ്ക്കു നൽകും. ഒപ്പം പ്ലാൻ എ ഫലപ്രദമല്ലെങ്കിൽ ബദൽ മാർഗങ്ങൾ ഉണ്ടെന്ന ധൈര്യവും. 

ഫുട്ബോൾ കോൻടെയ്ക്ക് വികാരമാണ്, വിശ്വാസമാണ്, ശ്വാസമാണ്. പരിശീലനവും വിജയവും അദ്ദേഹത്തിന് ലഹരിയാണ്. ഓരോ വിജയവും കൂടുതൽ വിജയത്തിലേക്കുള്ള വെല്ലുവിളിയായണ് അദ്ദേഹം കരുതുന്നത്. പരാജയം പാഠമായും. ഒരു ദിവസം പോലും മുടക്കമില്ലാതെ പരിശീലനത്തിന് കളിക്കാർക്കൊപ്പമുണ്ട് കോൻടെ. 

കളിക്കളത്തിൽ നടപ്പാക്കേണ്ട പദ്ധതികൾ പഠിപ്പിച്ചും ഫോർമേഷനുകൾ മനഃപ്പാഠമാക്കിയും. മത്സരദിനത്തിൽ കുമ്മായവരയ്ക്കരികിൽ നിർദേശങ്ങൾ ഉറക്കെ വിളിച്ചുപറഞ്ഞും ശാസിച്ചും കയ്യടിച്ചും ടീമിലെ പന്ത്രണ്ടാമനാകുന്ന കോൻടെ ഇപ്പോൾ ആവേശമുണർത്തുന്ന കാഴ്ചയാണ്. 

ലീഗിലെ ഒന്നാം സ്ഥാനക്കാരും കരുത്തരുമായ മാഞ്ചസ്റ്റർ സ്റ്റിയെ 3-2 നു തോൽപ്പിച്ചതാണ് കോൻെയുടെ ഇതുവരെയുള്ള ഏറ്റവം മികച്ച മത്സരം. പക്ഷേ ടീമിന്റെ ഓൾറൗണ്ട് മികവിന്റെ കാര്യത്തിൽ അദ്ദേഹത്തിന് ഏറ്റവും സംതൃപ്തി നൽകുന്നത് ന്യൂകാസിനെതിരെ നേടിയ 5-1 ന്റെ ഉജ്വലവിജയമാണ്. 

കഴിഞ്ഞ സീസൺ തുടക്കത്തിലായിരുന്നു ടോട്ടനം ഏതാണ്ട് ഇതുപോലെ മികച്ച പ്രകടനം തുടർന്ന സമയം. മൗറിഞ്ഞോയ്ക്കു കീഴിൽ എട്ടിൽ ആറു കളികളും ജയിച്ചായിരുന്നു അന്നത്തെ കുതിപ്പ്. പക്ഷേ അതു തീർത്തും വ്യത്യസ്തമായ കേളീശൈലിയുമായിട്ടായിരുന്നു. അന്ന് ഇത്രയും ഗോൾ നേടാനായിരുന്നില്ല. മാത്രമല്ല സ്കോറിങ്ങിന് അവർക്ക് ആശ്രയം കെയ്ൻ - സൺ സഖ്യത്തിന്റെ മികവു മാത്രമായിരുന്നു. അതിനും മുൻപ് മൗറിസിയോ പോച്ചെറ്റിനോയുടെ കാലത്താണ് ഇതുപോലൊരു മികച്ച പ്രകടനം കാണാനായത്. 2018 – 19 സീസണിൽ ഡിസംബറിൽ തുടർച്ചയായി 5 കളികൾ ജയിച്ച അവർ ജനുവരിയിലും ഫെബ്രുവരിയുടെ തുടക്കത്തിലുമായി 6 ൽ 5 കളികളിലും ജയം നേടി. മൂന്നു വർഷത്തിലേറെ കാലത്തിനു ശേഷം ആദ്യമായാണ് ടോട്ടനം ഇതുപോലെ മികച്ച ഫോമിലേക്കെത്തുന്നത്. 

ടോട്ടനമിലെ പരിശീകരിൽ മികവിന്റെ കാര്യത്തിലും കോൻടെ മുൻനിരയിലുണ്ട്. സീസണിൽ ഇതുവരെ 21 കളികളിൽ ടോട്ടനമിനു തന്ത്രമൊരുക്കിയ അദ്ദേഹം 11 വിജയങ്ങൾ നേടി. 3 സമനില. ഏഴു കളികളിൽ തോൽവിയറിഞ്ഞു. വിജയശതമാനം 52 ശതമാനം. ഹോസെ മൌറിഞ്ഞോ ഇക്കാര്യത്തിൽ പിന്നിലാണ് – 51ശതമാനം. രണ്ടപേരാണ് കോൻടെയുടെ മുന്നിലുള്ളത്. ആന്ദ്രെ വിലാസ് ബോയെസും (55), മൌറിസിയോ പെച്ചെറ്റിനോയും (54). 

∙ ക്രോസുകളുടെ രാജാക്കന്മാർ

ഓപ്പൺ പ്ലേ സമയത്തെ ക്രോസുകളിൽ നിന്ന് ഗോളവസരങ്ങളുണ്ടാക്കുന്നതിൽ ടോട്ടനത്തെ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തെത്തിച്ചു എന്നതാണ് കോൻടെ സിസ്റ്റത്തിന്റെ ഏറ്റവും വലിയ നേട്ടം. നവംബറിൽ കോൻടെ ചുമതലയേറ്റ ശേഷം ക്രോസുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ മത്സര ശരാശരി 0.7 എന്നതിൽ നിന്ന് 1.9 എന്ന നിലയിലേക്കാണ് മാറിയത്. ആ കണക്ക് ലീഗിലെ ഏറ്റവും മികച്ചതുമായി. 

മത്സരത്തിനിനിടെ ഓടിത്തീർക്കുന്ന ദൂരത്തിന്റെ കാര്യത്തിലെന്നപോലെതന്നെ ഇരു വിങ്ങുകളിൽ നിന്നും ഗോൾമുഖത്തേയ്ക്കു ക്രോസുകൾ ഒരുക്കുന്നതിലും ടോട്ടനം മുന്നിലെത്തുമ്പോൾ ടീമിന്റെ ശാരീരിക മികവിൽ കോൻടെ കൊണ്ടുവന്ന അസാധാരണമായ മികവാണ് വീണ്ടും ശ്രദ്ധേയമാകുന്നത്. ക്രോസുകളുടെ എണ്ണം എന്നതുപോലെ തന്നെ സ്വാഭവികമായും ഗോളുകളുടെ എണ്ണവും കൂടി. ആ കണക്കിലും കോൻടെ വന്നശേഷമുള്ള കാലത്ത് ലീഗിൽ മൂന്നാം സ്ഥാനത്തേയ്ക്കെത്തി ടോട്ടനം. 

ന്യൂകാസിലിനെതിരെയുള്ള മത്സരത്തിലായിരുന്നു ടോട്ടനമിന്റെ ക്രോസുകളുടെ നിലവാരം ഏറ്റലും മികച്ചു നിന്നത്. 5 ഗോളുകളിൽ മൂന്നെണ്ണത്തിനും വഴി തുറന്നത് ഓപ്പൺ പ്ലേയിലെ വിങ്ങുകളിൽ നിന്നു ക്രോസുകളായിരുന്നു. കഴിഞ്ഞ 8 മത്സങ്ങളെടുത്താൽ ആകെ നേടിയ 24 ഗോളുകളിൽ 10 എണ്ണവും വന്നത് ഇരു വിങ്ങുകളിൽ നിന്നുമെത്തിയ ക്രോസുകളിൽ നിന്നാണ്. ഗോളവസരങ്ങൾക്കു പുറമെയുള്ള കണക്കെടുത്താലും ക്രോസുകളുടെ മത്സര ശരാശരിയിൽ ടോട്ടനം ബഹുദൂരം മുനോട്ടുപോയതായി കാണാം. കോൻടെയ്ക്കു കീഴിൽ അവരുടെ ക്രോസുകളുടെ മത്സര ശരാശരി 13.3 ആണ്. 

ലീഗിൽ ഈ സമയത്തെ മികച്ച അഞ്ചാമത്തെ ശരാശരിയാണിത്. കോൻടെയുടെ മുൻഗാമി നുനോയുടെ കാലത്ത് അത് 10.7 ആയിരുന്നു.  ലീഗിൽ ഇക്കാര്യത്തിൽ ടോട്ടനമിന്റെ സ്ഥാനം പതിനഞ്ചും. ഈ അടുത്ത കാലത്തായി എണ്ണത്തിന്റെ കാര്യത്തേക്കാൾ ശ്രദ്ധ നേടുന്നത് ക്രോസുകളുടെ കാര്യക്ഷമതയാണ്. 

കോൻടെ സിസ്റ്റത്തിന്റെ അടിസ്ഥാനമായ കയറിക്കളിക്കുന്ന വിങ് ബാക്കുകളാണ് ക്രോസുകളുടെ ഈ മികവിനു പിന്നിൽ. കയറികളിക്കുക മാത്രമല്ല എതിർ കാവൽനിരയുടെ കണക്കു തെറ്റിച്ച് അവർ ഗോൾ നേടുകയും ചെയ്യുന്നതോടെ ആക്രമണത്തിന്റെ ടോപ് ഗിയറിൽ ടോട്ടനമിനെ തടയുക എതിരാളികൾക്ക് വലിയ വെല്ലുവിളിയാവുകയാണ്. 

വിങ്ബാക്ക് വിങ്ബാക്കിനായി ക്രോസ് നൽകുകയെന്നതാണ് കോൻടെയുടെ ഏറ്റവും മികച്ച തന്ത്രങ്ങളിലൊന്ന്. ലീഡ്സിനെതിരെ നേടിയ 4-0 ജയത്തിൽ വലതുവിങ്ങിൽ നിന്നു കയറിയെത്തിയ പ്രതിരോധനിര താരം ഡോഹെർത്തിക്ക് ഗോളടിക്കാൻ പന്തെത്തിച്ചത് ഇടതുവിങ്ങിലൂടെ കയറിയെത്തിയ പ്രതിരോധനിരക്കാരൻ സെസ്സിനോണായിരുന്നു. 

‘ആദ്യമായിട്ടായിരുന്നു വിങ് ബാക്കുകൾ ഞാൻ ഉദ്ദേശിച്ചരീതിയിൽ കളിച്ചത്. എന്റെ സിസ്റ്റം ടീമിൽ ഫലപ്രദമായിത്തുടങ്ങി എന്നതിന്റെ ലക്ഷണമാണിത്.’  കോൻടെ പറയുന്നു. 

വിങ് ബാക്കുകൾ മാത്രമല്ല സെൻട്രൽ ഡിഫൻഡർ ക്രിസ്റ്റ്യൻ റോമിറോ പോലും ആക്രമണത്തിന്റെ ഭാഗമായി എതിർ ഗോളുമുഖം വരെയെത്തുകയും ഗോൾ നേടുകയും ചെയ്യന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ബ്രൈട്ടനെതിരെ നടന്ന കളിയിൽ റോമിറോ തന്റെ ആദ്യ ഗോളും നേടി. 

antonio-conte-inter

∙ കളിക്കാരുടെ കോച്ച്

ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് കളിക്കാരെ മെച്ചപ്പെടുത്തിയെടുക്കുന്നതിൽ കോൻടെയെക്കാൾ മികച്ച പരിശീലകർ കുറവാണ്. മുൻപ് മാഞ്ചസ്റ്ററിനു വേണ്ടാതായ റോമെലു ലുക്കാക്കയെ കോൻടെ ഇന്റർ മിലാനിലേക്കു കൊണ്ടുപോയി. അവിടെ 2 സീസണുകളിലായി 64 ഗോളുകളാണ് ലുക്കാക്കു നേടിയത്. സ്കോറിങ് മികവിൽ മാത്രമല്ല ഫിറ്റ്നെസിന്റെ കാര്യത്തിലും ബൽജിയൻ താരത്തെ കോൻടെ അസാധാരണമായ രീതിയിൽ മെച്ചപ്പെടുത്തിയെടുത്തു. 

ടോട്ടനമിൽ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്താതിരുന്ന മാറ്റ് ഡോഹെർത്തിയെന്ന പ്രതിരോധനിരതാരം കോൻടെയ്ക്കു കീഴിൽ പുതിയൊരു ജീവിതം കണ്ടെത്തുകയാണ്. 2 ഗോളുകളും 4 അസിസ്റ്റുമായി ടീമിലെ പ്രധാന താരങ്ങളിലൊരൊളായി മാറിക്കഴിഞ്ഞു ഈ അയർലൻഡ് താരം. 

ട്രാൻസ്ഫർ വിപണിയിൽ തന്റെ സിസ്റ്റത്തിന് ആവശ്യമായ കളിക്കാരെ കണ്ടെത്തുന്നതിലും കോൻടെ മിടുക്കനാണ്. ജനുവരി ട്രാൻസ്ഫർ വിപണയിൽ ടോട്ടനം വലിയ നീക്കങ്ങൾ നടത്തുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ വിപണിയുടെ അവസാന ആഴ്ചവരെയും തീരുമാനമൊന്നുമായിരന്നില്ല. അവസാനത്ത ആഴ്ചയാണ് അവർ വിപണിയിലിറങ്ങിയത്. സൂപ്പർതാരങ്ങളെ സ്വന്തമാക്കുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും പുതുതായി വന്നത് യുവെന്റസ് താരങ്ങളായ ദെയാൻ കുലുസെവ്സ്കിയും റോഡ്രിഗോ ബെൻറ്റൻകോറുമാണ്. 

യുവെയിൽ അത്രമികച്ച പ്രകടനമൊന്നും പുറത്തെടുക്കാതിരുന്ന 2 കളിക്കാരെ ടോട്ടനം ടീമിലെടുത്തപ്പോൾ ഏവർക്കും ആശങ്കയുണ്ടായിരുന്നു. പക്ഷേ കോൻടെയ്ക്ക് അവരിൽ വിശ്വാസമായിരുന്നു. 

ആ വിശ്വാസം വെറുതെയായില്ലെന്ന് ആദ്യ മത്സരം മുതൽ തന്നെ ഇരുവരും തെളിയിച്ചു. വെള്ളത്തിലേക്കിട്ട മീൻ പോലെയായിരുന്നു സ്വീഡൻ താരം കുലുസേവ്സ്കി. ടോട്ടനമിൽ ഏറെ നാളായുള്ള ഒരു താരത്തെ പോലെ അയാൾ ടീമുമായി ഒത്തിണങ്ങി. 

കെയ്നിന്റെയും സണന്റിയും കേളീ ശൈലികൾ ഏറക്കാലമായി മനപ്പാഠമായപോലെ പാസുകൾ നീട്ടി നൽകി. ക്രിസ്റ്റ്യൻ എറിക്സൻ ഒഴിച്ചിട്ടുപോയ പ്രധാനപ്പെട്ട സ്ഥാനത്തേയ്ക്കുള്ള കുലുസേവ്സകിയുടെ വരവ് സ്വാഭാവികമായിരുന്നു എന്നു തന്നെ പറയാം. 

മൂസാ ഡെംബലെയ്ക്കും വിക്ടർ വെന്യാമയ്ക്കും ശേഷം മധ്യനിരയിൽ നീക്കങ്ങൾക്ക് ചരടുപിടിക്കാൻ മികവുള്ള കളിക്കാർ കുറവായിരുന്നു. ആ സ്ഥാനത്തേയ്ക്ക് പെട്ടെന്നു തന്നെ നടന്നു കയറുകയായിരുന്നു യുറഗ്വായ് താരം ബെൻറ്റൻകോർ. പ്രതിരോധത്തിലേക്കിറങ്ങിയും കയറിയും എതിർനീക്കങ്ങൾ മുറിച്ചും മുന്നേറ്റനിരയ്ക്ക് വഴിയൊരുക്കിയും അയാൾ മധ്യനിരയെ സജീവമാക്കുകയാണ്. 

ഇരുവരുയെടുും വരവ് ടീമെന്ന നിലയിൽ ടോട്ടനമിനെ ഏറെ കരുത്തുറ്റതാക്കുന്നു. ഇതുവരെയുള്ള പ്രകടനം വച്ചുനോക്കിയാൽ അടുത്തകാലത്തെ ടോട്ടനമിന്റെ ഏറ്റവും മികച്ച ട്രാൻസ്ഫർ വിപണി ഇടപെടലായിരുന്നു ഇതെന്നു കാണാം. 

∙ കോൻടെ എത്രകാലം

വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്കു കുതിക്കുമ്പോളും ഒരുചോദ്യം ബാക്കിയാകുന്നുണ്ട്. ടോട്ടനമിൽ കോൻടെ എത്രകാലമുണ്ടാകും എന്നത്. തന്റെ നിലപാടുകളിലും സിദ്ധാന്തങ്ങളിലും വിട്ടുവീഴ്ച ചെയ്യാത്ത ഈ ഇറ്റലിക്കാരൻ ഒരു ക്ലബിലും 3 സീസണിൽ കൂടുതൽ നിന്നിട്ടില്ല. ചെൽസിയിലും ഇന്റർമിലാനിലും കിരീടവിജയങ്ങൾ നേടിയെങ്കിലും അവർക്കൊപ്പം നിന്നത് 2 സീസൺ വീതമാണ്. 

യുവെയിലാണ് 3 സീസൺ നീണ്ടത്. ക്ലബ് ഉടമകളും ഡയറക്ടർമാരുമായുള്ള തർക്കം തന്നെയായിരുന്നു ടീമുകൾ വിടാനുള്ള കാരണം. 

തന്റെ സിസ്റ്റവുമായി ക്ലബുകൾക്ക് ഒത്തുപോകാൻ പറ്റുന്നില്ലെങ്കിൽ തനിക്കു തന്റെ വഴി എന്നതാണ് കോൻടെയുടെ നിലപാട്. മാത്രമല്ല പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള താൽപര്യവും മറ്റൊരു ഘടകമാണ്. ടോട്ടനം കോൻടെയ്ക്കു കീഴിൽ മികവിന്റെ പുതിയ ഉയരങ്ങളിലേക്കാണെന്നത് ആരാധകർക്ക് ആവേശം നൽകുന്നതാണ്. പക്ഷേ ചാംപ്യൻസ് ലീഗ് യോഗ്യത നഷ്ടമായാൽ അതൊരു വലിയ നിരാശയായിരിക്കും. 

ടോട്ടനമിൽ ഉടമ ഡെവിഡ് ലെവിക്ക് പരിശീകരുമായി നല്ല ബന്ധത്തിന്റെ ചിരത്രമല്ല ഉള്ളത്. പരിശീകർക്ക് വേണ്ട താരങ്ങളെ ക്ലബിലെത്തിക്കുന്നതിൽ ലെവി എന്നും മടി കാണിക്കാറാണ് പതിവ്. പക്ഷേ ഇത്തവണ കോൻടെയുടെ കൂട്ടുകാരൻ പാരാറ്റിച്ചി ഡയറക്ടറായി ഇരിക്കുന്നത് കോൻടെ തുടരാൻ ഒരു കാരണമായേക്കാം.  

സീസൺ അവസാനിക്കാൻ ഇനി ഏഴു പോരാട്ടദിനങ്ങൾക്കൂടിയുണ്ട്. നാലാം സ്ഥാനത്തിനായി ടോട്ടനമും ആർസനലും ഒപ്പത്തിനപ്പമുള്ള പോരാട്ടത്തിലാണ്. നാലാം സ്ഥാമുറപ്പാക്കി കോൻടെയുടെ സംഘം അടുത്ത സീസണിൽ ചാംപ്യൻസ് ലീഗിന് ഇറങ്ങിയേക്കാം. അല്ലെങ്കിൽ അടിതെറ്റി അഞ്ചാമതോ ആറാമതോ അയിപ്പോയേക്കാം. പക്ഷേ എന്തായാലും അടുത്ത സീസണിലേക്ക് കോൻടെ മാജിക് വൈറ്റ്ഹാർട് ലെയ്നു നൽകുന്ന പ്രതീക്ഷകൾ വാനോളമാണ്. 

 

English Summary: 'Conte Magic' clicks in at Tottenham as well.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com