ADVERTISEMENT

കർണാടകയ്ക്കെതിരെ 7 ഗോളടിച്ച് രാജകീയമാണ് കേരളത്തിന്റെ സന്തോഷ് ട്രോഫി ഫൈനൽ പ്രവേശനം. ഗാലറിയിലെ ആരവത്തിനൊപ്പം എതിർവല ചലിപ്പിച്ചും എതിരാളികളുടെ മേൽ സമ്പൂർണ ആധിപത്യം നേടിയുമുള്ള ഫൈനലിലേക്കുള്ള യാത്ര. ഫൈനലിൽ എതിരാളികൾ ആരാണെങ്കിലും ഈ ടീം വിജയത്തിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല. ഈ ആരാധകരും. 74 വയസ്സുള്ള കേരള ഫുട്ബോൾ ടീമിന്റെ 15–ാം സന്തോഷ് ട്രോഫി ഫൈനൽ. ഇതുവരെ കളിച്ച 14 എണ്ണത്തിൽ ജയിച്ചത് 6 തവണ. 8 തവണ റണ്ണേഴ്സ് അപ്. ആദ്യമായി ഫൈനലിലെത്തിയ 1973–74ൽ തന്നെ കപ്പടിച്ചു. 1987–88 മുതൽ 1993–94 വരെ തുടർച്ചയായി 7 ഫൈനലുകൾ കേരളം കളിച്ചു. അതിൽ ജയിച്ചത് 2 തവണ. അവസാനം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത് 2018–19ൽ. 

1973–74 

സ്വന്തം മണ്ണിൽ നടന്ന സന്തോഷ് ട്രോഫിയിലാണ് കേരളം ആദ്യമായി ഫൈനലിലെത്തുന്നത്. കൊച്ചിയായിരുന്നു വേദി. മഹാരാജാസ് കോളജ് ഗ്രൗണ്ട് ഫൈനലിനു വേദിയായി. എതിരാളികൾ റെയിൽവേസ്. ഹാട്രിക്കിലൂടെ കേരളത്തിനു ചരിത്രത്തിലാദ്യമായി ദേശീയ ഫുട്‌ബോൾ കിരീടം നേടിക്കൊടുത്തു. നായകൻ ടി.കെ.എസ്.മണി. റെയിൽവേസിനെ തകർത്തത് 3–2 എന്ന സ്കോറിന്. 

1987–88 മുതൽ 1993–94 വരെയുള്ള ഫൈനൽ കാലം!

∙ ഈ 7 സീസണുകളിലും കേരളം ഫൈനൽ കളിച്ചു. കൊല്ലത്തു വച്ചായിരുന്നു 1987–88 സന്തോഷ് ട്രോഫി മത്സരങ്ങൾ. ഫൈനലിൽ എതിരാളികൾ പഞ്ചാബ്. നിശ്ചിത സമയത്തും ഗോൾ രഹിത സമനിലയിലായ മത്സരത്തിൽ കേരളം സഡൻഡെത്തിൽ പരാജയപ്പെട്ടു. സ്കോർ 4–5 !

∙തൊട്ടടുത്ത വർഷം സന്തോഷ് ട്രോഫിക്ക് ഗുവാഹത്തി വേദിയായി. ഫൈനലിൽ ഫുട്ബോൾ രാജാക്കന്മാരായ ബംഗാൾ. നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം അടിച്ച് സമനിലയിലെത്തിയെങ്കിലും പെനാൽറ്റി വീണ്ടും ചതിച്ചു. 4–3ന് തോൽവി. 

santosh-trophy-kerala

∙1989–90ൽ സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഗോവ ജയിച്ചപ്പോൾ ഫൈനലിൽ കേരളം തോറ്റത് എതിരില്ലാത്ത 2 ഗോളുകൾക്കാണ്. 

∙1990–91 ൽ സന്തോഷ് ട്രോഫിക്ക് വീണ്ടും കേരളം വേദിയായി. പാലക്കാട് ആയിരുന്നു മത്സരം. ഫൈനലിൽ എതിരാളികൾ മഹാരാഷ്ട്ര. തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ ഫൈനൽ ദുരിതം ആവർത്തിച്ചു. കേരളത്തിന്റെ തോൽവി 1–0ന്. 

∙1991–92 ൽ സന്തോഷ് ട്രോഫി അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വച്ച്. കേരളം വീണ്ടും ഫൈനലിൽ. 2 വർഷം മുൻപ് 2 ഗോളിനു പരാജയപ്പെടുത്തിയ ഗോവയായിരുന്നു എതിരാളി. ഫൈനൽ തുടർ തോൽവികൾ അവസാനിപ്പിച്ച് കേരളത്തിനു 2–ാം കിരീടം. പി.എസ്.അഷീമിന്റെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഗോവയെ തകർത്ത് 3–0 എന്ന സ്കോറിന്. 

∙കൊച്ചിയേ തേടി വീണ്ടുമെത്തി സന്തോഷ് ട്രോഫി. 1992–93ൽ. ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ മഹാരാഷ്ട്ര. കേരളത്തിന്റെ ജയം 2–0ന്. 

∙ഗോവയോടും മഹാരാഷ്ട്രയോടും പകരം വീട്ടിയ കേരളത്തിന് ബംഗാളിനെ ഫൈനലിൽ തകർക്കാൻ 1993–94ൽ അവസരം ലഭിച്ചു. ഒഡീഷയിൽ നടന്ന ഫൈനലിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും 2 ഗോളുകൾ വീതം നേടി. എന്നാൽ പെനാൽറ്റിയിൽ കേരളത്തിനു വീണ്ടും പിഴച്ചു. 5–3ന് തോൽവി. 

സന്തോഷം അത്ര എത്തീല്ല ഗഡിയേ!

1999–2000 വർഷത്തിലായിരുന്നു തൃശൂരിൽ സന്തോഷ് ട്രോഫി നടന്നത്. കേരളം ഫൈനലിലെത്തി. എതിരാളികൾ മഹാരാഷ്ട്ര. 1–0 എന്ന സ്കോറിന് കേരളം തോറ്റു. കേരള താരങ്ങളായ സിൽവെസ്റ്റർ ഇഗ്നേഷ്യസ് മികച്ച സ്ട്രൈക്കറും ജോ പോൾ അഞ്ചേരി മികച്ച ഡിഫൻഡറുമായി തിരഞ്ഞെടുക്കപ്പെട്ടു. 

ഹക്കിമിന്റെ സുവർണ ഗോൾ!

57–ാം സന്തോഷ് ട്രോഫി 2001 നവംബര്‍ 1–17 വരെ മുംബൈ വച്ച് നടന്നു. കേരളം ഫൈനലിൽ നേരിട്ടത് ശക്തരായി ഗോവയെ. മത്സരം തുടങ്ങി 3–ാം മിനിറ്റിൽ തന്നെ കേരളത്തിന്റെ വല ചലിപ്പിച്ച് ഗോവ മുന്നറിയിപ്പ് നൽകി. 13,20 മിനിറ്റുകളിൽ അബ്ദുൾ ഹക്കിമിലൂടെ കേരളത്തിന്റെ തിരിച്ചടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നോയൽ വിൽസണിലൂടെ ഗോവയുടെ സമനില ഗോൾ. മത്സരം എക്സ്ട്രാ ടൈമിലേക്ക്. 106–ാം മിനിറ്റിൽ ഹക്കിം വീണ്ടും കേരളത്തിന്റെ രക്ഷകനായി. ഗോൾഡൻ ഗോൾ നിയമം നിലനിന്നിരുന്നതിനാൽ ഗോൾ എക്സ്ട്രാ ടൈം ഗോൾ നേടിയ കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു. 

മണിപ്പൂരിന്റെ ആദ്യ കിരീടം 

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളെ സംഭാവന ചെയ്യുന്ന മണിപ്പൂരിന്റെ ആദ്യ കിരീടം ജയം കേരളത്തിനെതിരെ 2002-03ൽ ആയിരുന്നു. മണിപ്പൂരിലായിരുന്നു മത്സരം. മത്സരത്തിന്റെ 6–ാം മിനിറ്റിൽ തന്നെ മണിപ്പൂർ ലീഡ് നേടി. മത്സരം അവസാനിക്കാൻ 3 മിനിറ്റ് മാത്രമുള്ളപ്പോൾ കേരളത്തിന്റെ സമനില.അധിക സമയത്തിന്റെ 4–ാം മിനിറ്റിൽ സുവർണ ഗോൾ നേടി മണിപ്പൂർ ജേതാക്കളായി. 

തലസ്ഥാനത്തെത്തി തല ഉയർത്തി കേരളം 

2004 ഒക്ടോബര്‍ 14 മുതൽ 31 വരെ ഡൽഹിയിലായിരുന്നു 59–ാം സന്തോഷ് ട്രോഫി. ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ മല്ലന്മാരായ പഞ്ചാബ്. അടിക്ക് തിരിച്ചടി കണ്ട മത്സരം. ലീഡെടുത്ത കേരളത്തിനെതിരെ സമനില നേടിയ പഞ്ചാബ് ഒന്നൂടെ അടിച്ച് ലീഡ് സ്വന്തമാക്കി. കേരളത്തിന്റെ വക സമനില ഗോൾ. സിൽവസ്റ്റർ ഇഗ്നേഷ്യസിന്റെ ഗോൾഡൻ ഗോളിലൂടെ ജയം. കേരളത്തിന്റെ 5–ാം ‘സന്തോഷം’.

santosh-trophy-1
2018 സന്തോഷ് ട്രോഫി ജേതാക്കളായ കേരളം.

വീണ്ടും തോൽവിക്ക് സാക്ഷി കൊച്ചി 

2012–13 സീസണിൽ കൊച്ചി വീണ്ടും വേദിയായി. ഫൈനലിൽ എതിരാളികൾ സർവീസസ്. പെനാൽറ്റിയിൽ വീണ്ടും വീണു. 4–3.

പെനാൽറ്റി ശാപത്തിന് അവസാനം !

സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് പകരം വീട്ടാനുണ്ടായിരുന്നു. ബംഗാളിനോടും പെനാൽറ്റിയോടും. ഫൈനലിൽ മുൻവർഷത്തെ ചാംപ്യന്മാരായിരുന്ന ബംഗാളിനെ തോൽപ്പിച്ചത് പെനാൽറ്റിയിലായിരുന്നു. 4–2. കേരളത്തിന്റെ എം.എസ്.ജിതിൻ ഗോൾഡൻ ബൂട്ടിന് അർഹനായി. കേരളം അവസാനം ഫൈനൽ കളിച്ചതും ജയിച്ചതും 2017–18 കൊൽക്കത്ത സന്തോഷ് ട്രോഫിയിലായിരുന്നു. 

English Summary: What is Kerala's Santosh Trophy final history? An analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com