ADVERTISEMENT

സന്തോഷ് ട്രോഫി സെമിയിൽ കേരളത്തിന്റെ വിജയശിൽപിയായ ടി.കെ.ജെസിന്റെ വീട്ടിലെ വിശേഷങ്ങൾ..

നിലമ്പൂർ മിനർവപ്പടി തോണിക്കര വീട്ടിൽ മൂന്ന് ഓട്ടക്കാരാണുള്ളത്– ഓട്ടമാറ്റിക് മോഡിലെന്ന പോലെ ഗോളടിച്ചു കൂട്ടുന്ന കേരള സന്തോഷ് ട്രോഫി താരം ടി.കെ.ജെസിൻ, മുൻ അത്‌ലീറ്റായ പിതാവ് മുഹമ്മദ് നിസാർ, പിന്നെ കുടുംബത്തിനു വേണ്ടി നിർത്താതെ ഓട്ടം തുടരുന്ന ‘കെഎൽ 10 എ.എച്ച് 8840’ ഡീസൽ എൻജിൻ ഓട്ടോറിക്ഷ. സന്തോഷ് ട്രോഫി സെമിയിൽ കർണാടകയ്ക്കെതിരെ ജെസിൻ അഞ്ചു ഗോളടിച്ചതോടെ സന്തോഷം സവാരിക്കിറങ്ങിയിറങ്ങിയിരിക്കുകയാണ് തോണിക്കര വീട്ടിലിപ്പോൾ. നിലമ്പൂർ ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ജെസിന്റെ പിതാവ് മുഹമ്മദ് നിസാറിനു വരുന്ന ഫോൺ കോളുകളെല്ലാം ഇപ്പോൾ ട്രിപ്പിനു വേണ്ടിയുള്ളതല്ല. ‘ഒറ്റ ട്രിപ്പിൽ അഞ്ചു ഗോളടിച്ച’ ജെസിന്റെ വിശേഷങ്ങൾ അന്വേഷിച്ചാണ്.

ഓട്ടോയാത്ര

കളഞ്ഞു കിട്ടുന്ന ആഭരണം തിരിച്ചു നൽകി മാതൃകയാകുന്നവരാണ് ഓട്ടോറിക്ഷാ തൊഴിലാളികളെങ്കിൽ മകനിൽ ഒളിഞ്ഞിരിക്കുന്ന തിളക്കം കണ്ടെത്തി തേച്ചുമിനുക്കിയാണ് മുഹമ്മദ് നിസാർ എന്ന പിതാവ് കയ്യടി നേടുന്നത്. ജെസിൻ പഠിക്കുന്ന മമ്പാട് എംഇഎസ് കോളജിലെ പൂർവ വിദ്യാർഥിയായിരുന്നു നിസാർ. 100, 200 മീറ്റർ മത്സരങ്ങളിൽ പങ്കെടുത്തിരുന്ന വേഗ താരം. കായികരംഗത്തു ഒരുപാട് ഓടിയിട്ടും എവിടെയുമെത്തുന്നില്ലെന്നു കണ്ടതോടെ നിസാർ ഓട്ടം നിർത്തി ഓട്ടോ തൊഴിലാളിയായി. സ്പോർട്സിനോടുള്ള സ്നേഹം പക്ഷേ, അപ്പോഴും മനസ്സിന്റെ പിൻസീറ്റിൽ യാത്ര തുടർന്നു. മകൻ ജെസിനെ അത്‌ലറ്റിക്സിലേക്കും പിന്നീട് ഫുട്ബോളിലേക്കും വഴിതിരിച്ചു വിടാൻ പ്രേരണയായതും ഈ സ്പോർട്സ് മാൻ സ്പിരിറ്റ് തന്നെയാണ്. ട്രയൽസിൽ പങ്കെടുക്കാനും ഫുട്ബോൾ ക്യാംപുകളിൽ അംഗമാകാനും ജെസിൻ നടത്തിയ യാത്രകളിൽ ഭൂരിഭാഗവും പിതാവ് ഓടിച്ച ഓട്ടോയിലായിരുന്നു. നിസാർ അന്നു നടത്തിയ ഈ കൂലിയില്ലാ യാത്രകൾക്കെല്ലാം ഇപ്പോൾ ഫലം കിട്ടിത്തുടങ്ങിയിരിക്കുന്നു.  

ടോട്ടൽ ഫുട്ബോൾ ഫാമിലി

ഒന്നോ രണ്ടോ പേർ മാത്രമല്ല, തോണിക്കര വീട്ടിലെ ടോട്ടൽ അംഗങ്ങളും ഫുട്ബോളിന്റെ ആൾക്കാരാണ്. ജെസിന്റെ അനുജൻ ഹയർസെക്കൻഡറി വിദ്യാർഥിയായ ടി.കെ. ജാസിദ് ഫുട്ബോൾ താരമാണ്. മിഡ്ഫീൽഡിൽ മറ്റൊരു ജെസിനാകാൻ പഠിച്ചുകൊണ്ടിരിക്കുന്നു. മൂന്നാം ക്ലാസുകാരി അനുജത്തി ആമിന നൗറിനാണ് ജെസിന്റെ ബൂട്ടുകളുടെയും ട്രോഫികളുടെയും ചുമതല. പക്ഷേ, ഇവയെല്ലാം വൃത്തിയാക്കി സംരക്ഷിക്കുന്നതിന് ഷവർമ കൂലിയായി കിട്ടണം. ഇത്രയും ഫുട്ബോൾ ആരാധകരെ ഒരുമിച്ചു കൊണ്ടുപോകേണ്ട സംഘാടനച്ചുമതലയാണ് ജെസിന്റെ മാതാവ് എൻ.കെ.സുനൈനയ്ക്ക്. 

ജെസിൻ പ്ലെയർ ഓഫ്‌ ദ് മാച്ച് പുരസ്‌കാരവുമായി. ചിത്രം: ട്വിറ്റർ
ജെസിൻ പ്ലെയർ ഓഫ്‌ ദ് മാച്ച് പുരസ്‌കാരവുമായി. ചിത്രം: ട്വിറ്റർ

ഭാഗ്യ ബൂട്ട് ‌

ഗ്രൂപ്പ് റൗണ്ടിൽ പഞ്ചാബിനെതിരെയുള്ള അവസാന മത്സരത്തിൽ ജെസിന്റെ ബൂട്ടിനു കേടു പറ്റിയിരുന്നു. ജെസിന്റെ കസിൻ കൂടിയായ സഫ്ദറാണ് നിലമ്പൂരിൽനിന്നു പുത്തൻ ബൂട്ട് വാങ്ങി ജെസിനെത്തിച്ചുകൊടുത്തത്. ഈ ബൂട്ടിട്ടായിരുന്നു കർണാടകയ്ക്കെതിരെ ജെസിന്റെ അഞ്ചു ഗോളുകളും. നിസാറും കുടുംബവും വീട്ടിലെ ടിവിയിലാണ് സെമി മത്സരം കണ്ടത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നല്ല തിരക്കായിരിക്കുമെന്നതിനാൽ ഫൈനൽ മത്സരം ടിവിയിൽ കാണാൻ തന്നെയാണു കുടുംബത്തിന്റെ തീരുമാനം.

English Summary: Life of Santosh Trophy player TK Jesin 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com