ADVERTISEMENT

മഞ്ചേരി∙ കയ്യും മെയ്യും മറന്ന കളി! പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ഫൈനലിൽ ബംഗാളിനെ തകർത്ത് (5–4) കേരളത്തിന് സന്തോഷ് ട്രോഫി കിരീടം. കാത്തിരുന്ന കിരീടം നേടിയതോടെ ‘സന്തോഷപ്പെരുന്നാൾ’ ദിനത്തിലേക്കാണ് കേരളത്തിലെ ഫുട്ബോൾ ആരാധകർ കടന്നെത്തിയത്.

സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന്റെ കിരീടനേട്ടത്തിൽ മലയാള മനോരമ പുറത്തിറക്കിയ പ്രത്യേക ഇ–എഡിഷൻ വായിക്കാം >>

നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈം പൂർത്തിയായപ്പോൾ 1–1 സമനിലയിലായി. പെനൽറ്റിയിൽ കിക്ക് എടുത്ത 5 താരങ്ങളും കേരളത്തിനായി ലക്ഷ്യം കണ്ടപ്പോൾ, കർണാടകയുടെ 2–ാം കിക്ക് പോസ്റ്റിനു പുറത്തേക്കു പറന്നു. സന്തോഷ് ട്രോഫിയിൽ ഇത് ഏഴാം തവണയാണു കേരളം കിരീടം നേടുന്നത്. 2018–19 ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്. 1992–93 നു ശേഷം ആദ്യമായാണ് കേരളത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ കേരള ടീം കപ്പ് ഉയർത്തുന്നതും.

ഗോള്‍ അകന്നുനിന്ന ഇരു പകുതികൾക്കും ശേഷം അധിക സമയത്തേക്കു നീണ്ട സന്തോഷ് ട്രോഫി ഫൈനലിൽ, 97–ാം മിനിറ്റിൽ ദിലീപ് ഓർവാന്റെ ബുള്ളറ്റ് ഹെഡറിലാണു ബംഗാള്‍ ലീഡ് എടുത്തത് (1–0). പിന്നാലെ എക്സ്ട്രാ ടൈം അവസാനിക്കാൻ മൂന്നു മിനിറ്റ് മാത്രം ശേഷിക്കെ, മറ്റൊരു ഉജ്വല ഹെഡറിലൂടെ മുഹമ്മദ് സഫ്നാദ് കേരളത്തിനായി ഗോൾ മടക്കി (1–1). ഇരുപകുതികളിലും മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ബംഗാൾ ഗോൾകീപ്പറുടെ ഉജ്വല സേവുകളും ഒപ്പം നിർഭാഗ്യവുമാണു കേരളത്തിനു തിരിച്ചടിയായത്.

kerala-santhosh-trophy-winners

∙ ഗോളരഹിതം ആദ്യ പകുതി

ആദ്യ ഇലവനില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് കേരളം ബംഗാളിനെതിരെ ഫൈനലിന് ഇറങ്ങിയത്. ഒരു മധ്യനിരതാരത്തിന് പകരം പ്രതിരോധ താരം നബി ഹുസൈന്‍ ഖാനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി 5-3-2 ഫോര്‍മേഷനിലാണ് ബംഗാള്‍ ഇറങ്ങിയത്. അഞ്ചാം മിനിറ്റില്‍ തന്നെ ബംഗാളിന് അവസരം ലഭിച്ചു. വലതു കോര്‍ണറില്‍ നിന്ന് ഫര്‍ദിന് അലി മൊല്ല എടുത്ത കിക്ക് നബി ഹുസൈന്‍ ഹെഡറിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. 10 ാം മിനിറ്റില്‍ കേരളത്തിന് ആദ്യ അവസരം ലഭിച്ചു. ബോക്‌സിന് പുറത്തുനിന്ന് നിജോ ഗില്‍ബേര്‍ട്ട് നല്‍കിയ പാസ് സ്‌ട്രൈക്കര്‍ വിഘ്നേഷിന് സ്വീകരിക്കാന്‍ സാധിച്ചില്ല.

19 ാം മിനിറ്റില്‍ ഷികിലിനെ ബോക്‌സിന് പുറത്തുനിന്ന് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റന്‍ ജിജോ ജോസഫ് ലക്ഷ്യത്തിലെത്തിച്ചെങ്കിലും ബംഗാള്‍ ഗോള്‍കീപ്പര്‍ പിടിച്ചെടുത്തു. 23 ാം മിനിറ്റില്‍ ബംഗാളിന് സുവര്‍ണാവസരം ലഭിച്ചു. ഇടതു വിങ്ങില്‍ നിന്ന് ഉയര്‍ത്തി നല്‍കിയ ക്രോസ് കേരളാ പ്രതിരോധ താരങ്ങളുടെ പിന്നില്‍ നിലയുറപ്പിച്ചിരുന്ന മഹിതോഷ് റോയ് ഗോളിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. 33 ാം മിനിറ്റില്‍ സ്വന്തം പകുതിയില്‍ നിന്ന് അര്‍ജുന്‍ ജയരാജും ക്യാപ്റ്റന്‍ ജിജോ ജോസഫും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിന് ഒടുവില്‍ അര്‍ജുന്‍ ബോക്‌സിലേക്ക് പന്ത് നല്‍കിയെങ്കിലും സ്വീകരിച്ച വിഘ്നേഷ് പുറത്തേക്ക് അടിച്ചു.

ഗോളെന്ന് ഉറപ്പിച്ച അവസരമാണ് വിക്‌നേഷ് പുറത്തേക്ക് അടിച്ചത്. രണ്ട് മിനിറ്റിനു ശേഷം ഇടതു വിങ്ങിലൂടെ മുന്നേറിയ സഞ്ജു വിങ്ങില്‍ നിന്ന് ലോങ് റൈഞ്ചിന് ശ്രമിച്ചെങ്കിലും ബംഗാള്‍ ഗോള്‍കീപ്പര്‍ മനോഹരമായി തട്ടിഅകറ്റി. 40 ാം മിനിറ്റിൽ അര്‍ജുന്‍ എടുത്ത ഉഗ്രന്‍ ഫ്രീകിക്ക് കീപ്പര്‍ പിടിച്ചെടുത്തു. ആദ്യ പകുതി അധികസമയത്തേക്ക് നിങ്ങിയ സമയത്ത് ഇടത് വിങ്ങില്‍ നിന്ന് നല്‍കിയ പാസില്‍ ബംഗാള്‍ ടോപ് സ്‌കോററ് ഫര്‍ദിന്‍ അലി മൊല്ല ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ഉഗ്രന്‍ ഷോട്ട് എടുത്തിങ്കിലും കേരളാ കീപ്പര്‍ മിഥുന്‍ തട്ടിഅകറ്റി.

kerala
കേരള– ബംഗാഴൾ ഫൈനൽ മത്സരത്തിൽ നിന്ന് (ചിത്രം– എഐഎഫ്എഫ്, ട്വിറ്റർ).

∙ രണ്ടാം പകുതിയിലും ഗോളില്ല

നൗഫലിന്റെ ഒരു ഉഗ്രന്‍ അറ്റാക്കിങ്ങോടു കൂടിയാണ് രണ്ടാം പകുതി ആരംഭിച്ചത്. 58 ാം മിനിറ്റില്‍ കേരളത്തിന് ഗോളെന്ന് ഉറപ്പിച്ച അവസരം ലഭിച്ചു. ബംഗാള്‍ പ്രതിരോധ പാസിങ്ങില്‍ വരുത്തിയ പിഴവില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് രണ്ട് ബംഗാള്‍ താരങ്ങളുടെ ഇടയിലൂടെ മുന്നേറി ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. 62 ാം മിനിറ്റില്‍ ബംഗാളിന് ലഭിച്ച ഉഗ്രന്‍ അവസരം കേരളാ ഗോള്‍കീപ്പര്‍ തട്ടിഅകറ്റി. ഇടതു വിങ്ങില്‍ നിന്ന് തുഹിന്‍ ദാസ് എടുത്ത കിക്കാണ് മിഥുന്‍ തട്ടിഅകറ്റിയത്.

64 ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജിജോയുമൊത്ത് വന്‍ടൂ കളിച്ച് മുന്നേറിയ ജെസിന്‍ ഇടത് കാലുകൊണ്ട് ബോക്‌സിന് പുറത്തുനിന്ന് ഷോട്ട് എടുത്തെങ്കിലും പുറത്തേക്ക് പോയി. മത്സരം ആദ്യ പകുതിയുടെ അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് കേരളത്തെ തേടി രണ്ട് സുവര്‍ണാവസരങ്ങള്‍ ലഭിച്ചു. ക്യാപ്റ്റന്‍ ജിജോ ജോസഫ് ബോക്‌സിലേക്ക് നല്‍ക്കിയ പാസ് ഷിഖില്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും പുറത്തേക്ക് പോയി. പിന്നീട് വലത് വിങ്ങിലൂടെ മുന്നേറി നൗഫല്‍ നല്‍കിയ പാസില്‍ നിന്ന് ലഭിച്ച അവസരവും ഷിഖില്‍ പുറത്തേക്ക് അടിച്ചു.

∙ എക്‌സ്ട്രാ ടൈം, ഷൂട്ടൗട്ട് പിന്നെ കിരീടവും

97 ാം മിനിറ്റില്‍ ബംഗാള്‍ ലീഡ് എടുത്തു. കേരളാ പ്രതിരോധ താരം സഹീഫ് വരുത്തിയ പിഴവില്‍ നിന്ന് പകരക്കാരനായി എത്തിയ സുപ്രിയ പണ്ഡിറ്റിനു ലഭിച്ച പന്ത് ബോക്‌സിലേക്ക് ക്രോസ് ചെയ്തു. ബോക്‌സിന് അകത്ത്‌നിന്ന ദിലിപ് ഒര്‍വാന്‍ കേരളാ കീപ്പര്‍ മിഥുനെ കാഴ്ചക്കാരനാക്കി ഹെഡറിലൂടെ ഗോളാക്കി മാറ്റി.

114 ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫിന് അവസരം ലഭിച്ചു. പോസ്റ്റ് ലക്ഷ്യമാക്കി ജിജോ ഒരു വോളി അടിച്ചെങ്കിലും ഗോളായി മാറിയില്ല. 117 ാം മിനിറ്റില്‍ കേരളം സമനില പിടിച്ചു. വലതു വിങ്ങില്‍ നിന്ന് നൗഫല്‍ നല്‍കിയ ക്രോസില്‍ പകരക്കാരനായി എത്തിയ മുഹമ്മദ് സഫ്‌നാദിന്റെ ഉഗ്രന്‍ ഹെഡറിലൂടെയായിരുന്നു ആ ഗോള്‍ പിറന്നത്.

സമനില ഗോൾ പിറന്നതോടെ സ്റ്റേഡിയവും ആവേശത്തിരയിലായി. കാൽലക്ഷത്തോളം കാണികളെത്തിയ സ്റ്റേഡിയത്തെ സാക്ഷിയാക്കിയാണ് കേരളത്തിന്റെ ചുണക്കുട്ടികൾ ഒരു കിക്ക് പോലും പാഴാക്കാതെ ട്രോഫിയുടെ ചരിത്രത്തിൽ കേരളത്തിന്റെ ഏഴാം പെരുന്നാൾ ദിനത്തിലേക്ക് വിജയക്കൊടി പാറിച്ചെത്തിയത്.

ഷൂട്ടൗട്ടില്‍ കേരളത്തിനായി സഞ്ജു, ബിപിന്‍ അജയന്‍, ജിജോ ജോസഫ്, ജെസിന്‍, ഫസ്‌ലുറഹ്‌മാന്‍ എന്നിവര്‍ കിക്ക് വലയിലെത്തിച്ചപ്പോള്‍ ബംഗാള്‍ നിരയില്‍ സജല്‍ ബാഗെടുത്ത 2–ാമത്തെ കിക്ക് പുറത്തേക്കു പോയത് കലാശക്കളിയിലെ വിധിയെഴുത്തായി.

English Summary: Santosh Trophy 2022: Kerala beats Bengal to win title on penalty shootout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com