‘തോറ്റെന്നല്ലേ നിങ്ങൾ കരുതിയത്? വാക്കു പാലിച്ചു; ഇതാണ് കേരളം, ഇതാണ് ആരാധകർ’

bino-george-kerala
സന്തോഷ് ട്രോഫി കിരീട നേട്ടത്തിനുശേഷം കോച്ച് ബിനോ ജോർജിനെ എടുത്തുയർത്തുന്ന കേരള താരങ്ങൾ.
SHARE

ഷൂട്ടൗട്ടിലെ 5–ാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഫസൽ അബ്ദുൽ റഹ്മാൻ കേരളത്തെ സന്തോഷ് ട്രോഫി ചാംപ്യൻമാരാക്കിയപ്പോൾ, ഇളകി മറിഞ്ഞ പയ്യനാട്ടെ സ്റ്റേഡിയം ഗാലറിയോടു ചേർന്ന്, മൈതാനത്തിന്റെ ടച്ച് ലൈനു സമീപം ഒരു അമരക്കാരന്റെ വമ്പോടെയാണ് കോച്ച് ബിനോ ജോർജ് തല ഉയർത്തി നിന്നത്.

ഫൈനലിനു മുൻപുതന്നെ മഞ്ചേരിയിലെ എണ്ണിയാൽ ഒടുങ്ങാത്ത ഫുട്ബോൾ ആരാധർക്ക് നൽകിയ വാക്കു പാലിക്കാനായതിന്റെ ചാരിതാർഥ്യം ആ മുഖത്തു തെളിഞ്ഞു കാണാമായിരുന്നു. പെരുന്നാള്‍ സമ്മാനമായി പയ്യനാട്ടെ കാണികൾക്കു സന്തോഷ് ട്രോഫി കിരീടം സമ്മാനിക്കണമെന്നാണ് തന്റെ ആഗ്രഹം എന്നു ഫൈനലിനു മുൻപു ബിനോ ‘മലയാള മനോരമ’യോടു മനസ്സു തുറന്നിരുന്നു. 

‘കേരളത്തിന്റെ മുന്നേറ്റത്തിൽ വലിയ പങ്കു വഹിച്ചവരാണു പയ്യനാട്ടെ കാണികൾ. പെരുന്നാൾ സമ്മാനമായി അവർക്കു കീരീടം നൽകണം എന്നാണ് ആഗ്രഹം’– സന്തോഷ് ട്രോഫി ഫൈനലിനു മുൻപുള്ള ബിനോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

ആദ്യ പകുതി മുതൽ ഷൂട്ടൗട്ടിലെ കേരളത്തിന്റെ 5–ാം കിക്ക് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിനു ശേഷം ബിനോയുടെ ആദ്യ പ്രതികരണവും കാണികൾക്കു നൽകിയ വാക്കിനെപ്പറ്റിയായിരുന്നു. 

 ‘എന്റെ കുട്ടികൾ നന്നായി കളിച്ചു. എക്സ്ട്രാ ടൈമിൽ ആദ്യ ഗോൾ വീണതോടെ കേരളം തോറ്റുപോകുമെന്നല്ലേ നിങ്ങൾ എല്ലാവരും കരുതിയത്? 

പക്ഷേ ഞങ്ങൾ തിരിച്ചു വന്നു. ഇതാണ് കേരളം, ഇതാണ് കേരളത്തിലെ ആരാധകർ. കയ്യും മെയ്യും മറന്നാണ് അവർ ‍ഞങ്ങളെ പിന്തുണച്ചത്. സെമി ഫൈനൽ കഴിഞ്ഞപ്പോൾ തന്നെ ഞാൻ ഒരു വാക്കു നൽകിയിരുന്നു, ആരാധകർക്കുള്ള സമ്മാനം ഞങ്ങൾ ഉറപ്പായും നൽകുമെന്ന്. 

സ്റ്റേഡിയത്തിലെത്തി കേരളത്തെ പിന്തുണച്ച ആരാധകർക്കുള്ള സന്തോഷ സമ്മാനമാണ് സന്തോഷ് ട്രോഫി കിരീടം. എന്റെ കുട്ടികൾ വളരെ നന്നായി കളിച്ചു. ഒരു ഗോളിനു പിന്നിലായിട്ടും പൊരുതി, തിരിച്ചടിച്ചു, ജയം പിടിച്ചെടുത്തു. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും ജയിച്ചാണു കേരളം കിരീടം ഉയർത്തിയത്. എല്ലാ മത്സരങ്ങളും ഞങ്ങൾ ജയിച്ചു. ആരാധകരുടെ അകമഴിഞ്ഞ പിന്തുണയാണ് ഇതിനുള്ള കാരണം’– കേരളത്തിന്റെ കിരീടനേട്ടത്തിനു ശേഷം ആവേശഭരിതനായി ബിനോ പ്രതികരിച്ചത് ഇങ്ങനെ. 

English Summary: Kerala football team coach Bino George completes promise to Kerala fans by winning Santosh Trophy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA