ADVERTISEMENT

കേരളത്തിനും ബംഗാളിനും വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുള്ള, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ സന്തോഷ് ട്രോഫി ഫൈനൽ മത്സരം കാണാൻ മഞ്ചേരിയിലുണ്ടായിരുന്നു. കേരളത്തിന്റെ ഏഴാം കിരീടവിജയം ‘മനോരമ’യ്ക്കായി ഐ.എം. വിജയൻ വിശകലനം ചെയ്യുന്നു....

ഇത്ര നല്ലൊരു കളി കാണാൻ കിട്ടുന്നതു തന്നെയൊരു ഭാഗ്യമാണ്. തൃശൂർ പൂരത്തിനെന്ന പോലെ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം. ഇന്ത്യൻ ഫുട്ബോളിലെ കരുത്തരായ കേരളവും ബംഗാളും നേർക്കുനേർ. ഫുൾടൈമും എക്സ്ട്രാ ടൈമും കടന്ന് പെനൽറ്റിയിലേക്കു കടന്ന മത്സരം. ഒടുവിൽ രാജകീയമായി കേരളത്തിന്റെ കിരീടധാരണം. മഞ്ചേരിയിലെ ‘എൽ ക്ലാസിക്കോ’ കലക്കി.

2018 ഫൈനലിൽ അവരുടെ നാട്ടിൽവച്ചു തോൽപിച്ചതിന്റെയും ഇപ്പോൾ ഇവിടെ ഗ്രൂപ്പ് റൗണ്ടിൽ രണ്ടു ഗോളിനു തോൽപിച്ചതിന്റെയും പകരം വീട്ടാനുറച്ചായിരുന്നു ബംഗാളിന്റെ വരവ്. കൊൽക്കത്തയിലും മറ്റും ഒട്ടേറെ മികച്ച ലീഗുകൾ കളിച്ചു പയറ്റിത്തെളിഞ്ഞവരായിരുന്നു അവരുടെ താരങ്ങൾ. അതേസമയം, പാൽപ്പാട പോലെ നേർത്ത ഒരവസരം മതി കേരളത്തിന്റെ ചുണക്കുട്ടികൾ ഗോളടിക്കുമെന്നും അവർക്കറിയാമായിരുന്നു.

im-vijayan-santosh-trophy
ഐ.എം. വിജയനെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്ന കേരളത്തിന്റെ സഹപരിശീലകർ.

പ്രതിരോധം ശക്തം

ശക്തമായ പ്രതിരോധമതിൽ സൃഷ്ടിക്കുകയും കൗണ്ടർ അറ്റാക്കിലൂടെ ഗോളടിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ബംഗാൾ പരീക്ഷിച്ചത്. കൃത്യമായ മാർക്കിങ്ങിലൂടെ ഏറെക്കുറെ അവരതു സാധിച്ചെടുക്കുകയും ചെയ്തു. 

ആദ്യ പകുതിയിൽ കേരളത്തെക്കാളേറെ ചാൻസുകൾ ലഭിച്ചത് ബംഗാളിനായിരുന്നു. ഗോൾകീപ്പർ മിഥുന്റെ മികവ് അപ്പോഴൊക്കെ കേരളത്തിനു രക്ഷയായി. രണ്ടാം പകുതിയിൽ കേരളത്തിന്റെ ഓപ്പൺ ചാൻസുകൾ പുറത്തേക്കു പാഴായിപ്പോയതും കണ്ടു. 

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ബംഗാളിന്റെ ഗോൾ വന്നത് നമ്മുടെ പ്രതിരോധത്തിലെ പിഴവുകൊണ്ടായിരുന്നു. ഇത്ര സമ്മർദമേറിയ മത്സരത്തിൽ അതൊക്കെ സംഭവിക്കും. മനുഷ്യരല്ലേ കളിക്കുന്നത്, യന്ത്രങ്ങളല്ലല്ലോ. ഗോൾ വീണ സമയത്ത് ഗാലറി സ്വിച്ചിട്ടപോലെ നിശ്ശബ്ദമായി. അതുവരെ ആർപ്പുവിളിച്ചിരുന്ന ജനമായിരുന്നു. ഒരു കണക്കിനു നോക്കിയാൽ എക്സ്ട്രാ ടൈമിലെ ആദ്യ പകുതിയിൽത്തന്നെ ഗോൾ വന്നതു നന്നായി. നമുക്കു തിരിച്ചടിക്കാൻ കൂടുതൽ സമയം കിട്ടി.

santosh-trophy-q
കേരളത്തിനായി അഞ്ചാമത്തെ കിക്കെടുത്ത ഫസലുറഹ്മാൻ ലക്ഷ്യം കണ്ടനിമിഷം കേരളടീമംഗങ്ങളുടെ ആഹ്ലാദപ്രകടനം. നിരാശയോടെ ബംഗാൾ താരങ്ങൾ സമീപം.

മനോഹര ഗോൾ

എക്സ്ട്രാ ടൈം അവസാനിക്കാനിരിക്കെ കേരളത്തിന്റെ ആ ഹെഡർ ഗോൾ. എനിക്കു ശ്വാസം വീണത് അപ്പോഴാണ്. തോറ്റെന്ന് ഉറപ്പിച്ചിരിക്കുന്ന സമയത്ത് രക്ഷകനായി മുഹമ്മദ് സഫ്നാദ് അവതരിക്കുകയായിരുന്നു. 

ഹെഡറിനൊപ്പം തന്നെ അതിമനോഹരമാണ് പി.എൻ.നൗഫൽ നൽകിയ ആ ക്രോസും. സഫ്നാദിനെ പകരക്കാരനായി കളത്തിലിറക്കിയ കോച്ച് ബിനോ ജോർജിന്റെ നീക്കത്തിനും കയ്യടിക്കാതെ വയ്യ.

collage1

കൂൾ പെനൽറ്റി

ഈ ഫൈനലിൽ എന്നെ ഏറ്റവും ആകർഷിച്ചത് കേരളത്തിന്റെ മിഡ്ഫീൽഡ് മികവോ ആക്രമണ ശൈലിയോ അല്ല. മറിച്ച് കേരളമെടുത്ത പെനൽറ്റികളാണ്. നിങ്ങൾ ആ ഓരോ പെനൽറ്റിയും ഒന്നു റീപ്ലേ ചെയ്തു നോക്കിയാലറിയാം അതിന്റെ മികവ്. എല്ലാം വേൾഡ് ക്ലാസ് നിലവാരത്തിലുള്ളവ. ഇത്രയും സമ്മർദമുള്ള ഘട്ടത്തിൽ ഇത്ര കൂളായി പെനൽറ്റിയുമെടുത്ത് കപ്പും വാങ്ങി അവർ വന്നില്ലേ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെത്തിയ കാണികൾക്കും കൊടുക്കണം ഓരോ കപ്പുവീതം. 

collage2

അത്ര സുന്ദരമായാണ് അവർ ഫുട്ബോൾ ആസ്വദിക്കുന്നത്. ഗാലറി മാത്രമല്ല, സ്റ്റേഡിയത്തിനു പുറത്തും അവിടേക്കുള്ള വഴികളും ഉൾപ്പെടെ ഫൗസ് ഫുള്ളായിരുന്നല്ലോ!

38–ാം മിനിറ്റിൽ നിജോ ഗിൽബെർട്ടിനു പകരം പി.എൻ.നൗഫൽ കളത്തിൽ...

ബംഗാൾ പ്രതിരോധമൊരുക്കിയ പത്മവ്യൂഹം ഭേദിക്കാൻ വഴി കാണാതെ കേരളം കിതയ്ക്കുന്ന സമയം. അപ്പോഴാണ്, നൗഫൽ കളത്തിലിറങ്ങിയത്.  116–ാം മിനിറ്റിൽ കേരളത്തിന്റെ മറുപടി ഗോളിനു വഴിയൊരുക്കിയതും നൗഫൽ തന്നെ.. കേരള പ്രതിരോധത്തിൽ നിന്നെത്തിയ ഫൗൾ കിക്ക് അടിച്ചകറ്റാനുള്ള ബംഗാൾ പ്രതിരോധത്തിന്റെ ശ്രമം എത്തിയതു ക്യാപ്റ്റൻ ജിജോയുടെ കാലുകളിൽ. വൺ ടച്ച് പാസിലൂടെ ജിജോ പന്ത് വലതു വിങ്ങിൽ നൗഫലിനു നൽകി. 

collage3

രണ്ടു ചുവടു മുന്നോട്ടാഞ്ഞ്, അളവും തൂക്കവും ഒപ്പിച്ചു ബംഗാൾ പെനൽറ്റി ബോക്സിലേക്കു നൗഫലിന്റെ ക്രോസ്. രണ്ടു ബംഗാൾ പ്രതിരോധക്കാർക്കു നടുവിലായിരുന്ന മുഹമ്മദ് സഫ്നാദ് വായുവിലുയർന്ന് അൽപം പിന്നിലേക്കു ചെരിഞ്ഞു തല കൊണ്ടു പന്ത് വലയിലേക്കു ചെത്തിയിട്ടു.   

ഗോളിയെ മാറ്റിയതെന്തിന്? 

ആദ്യ മൂന്നു പെനൽറ്റികൾക്ക് വി.മിഥുനും. അവസാന രണ്ടെണ്ണത്തിന് എസ്. ഹജ്മലും ആയിരുന്നു കേരളത്തിന്റെ ഗോൾകീപ്പർമാർ? എന്തുകൊണ്ട് ഷൂട്ടൗട്ടിനിടെ കേരളം ഗോളിയെ മാറ്റി? ആരാധകരുടെ സംശയത്തിന് കോച്ച് ബിനോ ജോർജ് തന്നെ മറുപടി പറയുന്നു. 

collage4

2018ലെ ഫൈനലിൽ കേരളവും ബംഗാളും തമ്മിൽ പെനൽറ്റി വന്നപ്പോൾ  വന്നപ്പോൾ  മിഥുനായിരുന്നു ഗോളി. അന്നു ഭാഗ്യം മിഥുനൊപ്പമായിരുന്നു. 2 പെനൽറ്റി തടുത്ത മിഥുൻ ഹീറോയായി. അത്തവണ മിഥുനു കിട്ടിയ ഭാഗ്യം ഇത്തവണ നിർഭാഗ്യമായി മാറേണ്ട എന്നു തോന്നി.  പുതിയൊരാളുടെ ഭാഗ്യം പരീക്ഷിക്കുകയും ചെയ്യാമല്ലോ. അതുകൊണ്ട് സഹപരിശീലകരുമായി കൂടിയാലോചിച്ചാണ് ഹജ്മലിനെ കളത്തിലിറക്കിയത്.

പെനൽറ്റി ഷൂട്ടൗട്ട് ഇങ്ങനെ

ബംഗാൾ                                    കേരളം

ദിലീപ് ഓറോൺ                       ജി. സഞ്ജു 

സജൽ ബാഗ്                          ബിബിൻ അജയൻ 

ബബ്‌ലു ഒറാൻ                         ജിജോ ജോസഫ് 

തൻമയ് ഘോഷ്                       ടി.കെ. ജെസിൻ 

പ്രിയന്ത് കുമാർ സിങ്              എം. ഫസലുറഹ്മാൻ 

അവാർഡ്

ടൂർണമെന്റിലെ താരം : ജിജോ ജോസഫ് (കേരള ക്യാപ്റ്റൻ)

ടോപ് സ്കോറർ :            ടി.കെ. ജെസിൻ  (കേരളം, യോഗ്യതാ റൗണ്ടിലുൾപ്പെടെ 9 ഗോൾ)

മികച്ച ഗോൾ കീപ്പർ :    പ്രിയന്ത് കുമാർ സിങ് (ബംഗാൾ)

കേരള ടീമിന് ഒരു കോടി 

മലപ്പുറം∙ സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന് പ്രവാസി വ്യവസായി ഡോ. ഷംഷീർ വയലിൽ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഫൈനലിൽ നിർണായക ഗോൾ നേടിയ മുഹമ്മദ് സഫ്നാദിനു പ്രത്യേക പാരിതോഷികവും നൽകും. ഫൈനലിനു മണിക്കൂറുകൾക്കു മുൻപാണ്, കപ്പടിച്ചാൽ കേരള ടീമിന് ഒരു കോടി നൽകുമെന്നു ഷംഷീർ പ്രഖ്യാപിച്ചത്. സമ്മാനദാനച്ചടങ്ങിൽ മന്ത്രി വി. അബ്ദുറഹിമാൻ വഴിയാണു സഫ്നാദിനു  സമ്മാനം പ്രഖ്യാപിച്ചത്.

collage5

ജെസിന് ഒരു ലക്ഷം

ടൂർണമെന്റിലെ ടോപ് സ്കോറർ ടി.കെ.ജെസിന് എംഇഎസ് ഒരു ലക്ഷം രൂപ സമ്മാനമായി നൽകുമെന്ന്സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ അറിയിച്ചു. മമ്പാട് എംഇഎസ് കോളജ് വിദ്യാർഥിയാണു ജെസിൻ.

English Summary: IM Vijayan on Santosh Trophy Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com