ADVERTISEMENT

മഡ്രിഡ് ∙ ടീമിന്റെ ജയമുറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ആരാധകർ മനസ്സിൽ ചുവരെഴുത്തു തുടങ്ങിയതാണ്; ദാ വരുന്നു, റയലിന്റെ 3 ഗോളുകൾ! അവസാനനിമിഷം ചിത്രം മാറിമറിഞ്ഞ ചാംപ്യൻസ് ലീഗ് സെമിഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ അവിശ്വസനീയമായി മറികടന്ന് റയൽ മഡ്രിഡ് പാരിസിലെ ഫൈനലിനുള്ള സീറ്റുറപ്പിച്ചു. 90, 90+1, 95 മിനിറ്റുകളിൽ നേടിയ ഗോളുകളിൽ രണ്ടാം പാദത്തിൽ റയലിന്റെ ജയം 3–1ന്. ഇരുപാദങ്ങളിലുമായി സിറ്റിയെ മറികടന്നത് 6–5ന്. 28ന് ഇന്ത്യൻ സമയം അർധരാത്രി പാരിസിൽ നടക്കുന്ന ഫൈനലിൽ റയൽ ലിവർപൂളിനെ നേരിടും. 2018ൽ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടന്ന ഫൈനലിന്റെ തനിയാവർത്തനമാണിത്. അന്ന് റയലിന്റെ ജയം 3–1നായിരുന്നു.

 മുത്താണ് റോഡ്രിഗോ

ആദ്യപാദത്തിലെ 4–3 ജയത്തിന്റെ ആനുകൂല്യവുമായി റയലിന്റെ മൈതാനമായ സാന്തിയാഗോ ബെർണബ്യൂവിൽ കളിക്കാനെത്തിയ സിറ്റി 73–ാം മിനിറ്റിൽ റിയാദ് മഹ്റെസിന്റെ ഗോളിൽ വീണ്ടും ലീഡുയർത്തി. കളി 90 മിനിറ്റായപ്പോൾ സിറ്റി ഇരുപാദങ്ങളിലുമായി 5–3നു മുന്നിൽ. എന്നാൽ പകരക്കാരനായി കളത്തിലിറങ്ങിയ റയലിന്റെ ബ്രസീലിയൻ താരം റോഡ്രിഗോ കളി മാറ്റി. ആദ്യം ക്ലോസ്റേഞ്ച് ഫിനിഷ്, പിന്നാലെ ഒരു ഹെഡർ. 2 മിനിറ്റിനുളളിൽ റയൽ 2–1നു മുന്നിൽ. ആകെ സ്കോർ 5–5നു തുല്യം. എവേ ഗോൾ നിയമം ഇത്തവണ ഇല്ലാത്തതിനാൽ കളി എക്സ്ട്രാ ടൈമിലേക്ക്. വർധിതവീര്യത്തോടെ കളിച്ച റയലിന് 95–ാം മിനിറ്റിൽ പെനൽറ്റി. കരിം ബെൻസേമയുടെ നിലംപറ്റെയുള്ള കിക്കിന്റെ ദിശ മനസ്സിലാക്കാൻ പോലും സിറ്റി ഗോൾകീപ്പർ എഡേഴ്സനു കഴിഞ്ഞില്ല. റയലിനു 3–1 ജയം. ഫൈനൽ ടിക്കറ്റ്!

English Summary: Real Madrid stun Man City in extra time to reach Champions League Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com