ADVERTISEMENT

കൊച്ചി ∙ പൊരുതിക്കളിച്ചു നേടിയ സന്തോഷ് ട്രോഫിയിലൂടെ കായിക കേരളത്തിന്റെ സന്തോഷക്കോപ്പ നിറച്ച കേരള ഫുട്ബോൾ ടീമിനു മലയാള മനോരമയുടെ സ്നേഹാദരം. മനോരമ കൊച്ചി ഓഫിസിൽ ഒരുക്കിയ ചടങ്ങിൽ എഡിറ്റർ ഫിലിപ് മാത്യു ടീമംഗങ്ങൾക്കു സ്വർണപ്പതക്കം സമ്മാനിച്ചു. ടീം ക്യാപ്റ്റൻ ജിജോ ജോസഫ്, കോച്ച് ബിനോ ജോർജ്, സഹപരിശീലകൻ ടി.ജി.പുരുഷോത്തമൻ, ഗോൾകീപ്പിങ് കോച്ച് സജി ജോയ്, മാനേജർ എം.മുഹമ്മദ് സലിം, ഫിസിയോതെറപ്പിസ്റ്റ് മുഹമ്മദ് പട്‌ല, കളിക്കാർ എന്നിവർക്കാണു സ്വർണപ്പതക്കം സമ്മാനിച്ചത്. 

ബിനോ ജോർജും അദ്ദേഹത്തിന്റെ ടീമും ചേർന്നു കേരളത്തിനു നൽകിയതു സന്തോഷ് ട്രോഫി മാത്രമല്ല, കോവിഡും മറ്റനേകം കഷ്ടപ്പാടുകളും തളർത്തിയ ജനതയ്ക്കു ജീവിതത്തിൽ മുന്നേറാനുള്ള ഉത്തേജകമരുന്നു കൂടിയാണെന്നു ഫിലിപ് മാത്യു പറഞ്ഞു. 

‘ഈ വിജയം ഇവിടെ അനേകായിരം കുഞ്ഞു ഫുട്ബോളർമാരെ വളർത്തും. അവർ കേരളത്തിന് അഭിമാനമാകുമെന്നു വിശ്വസിക്കുന്നു. മനോരമയുടെ സ്വർണമുദ്ര ഈ ചുണക്കുട്ടികൾക്കും കോച്ചിനും സമ്മാനിക്കുമ്പോൾ അതു കേരള ഫുട്ബോളിന് മൊത്തത്തിലുള്ള ഉപഹാരമായി മാറുകയാണ്’ – ഫിലിപ് മാത്യു പറഞ്ഞു. 

പൂർണ മനസ്സോടെ ഫുട്ബോൾ കളിക്കണമെന്നായിരുന്നു അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് കെ. എം.ഐ.മേത്തറുടെ ഉപദേശം. സന്തോഷ് ട്രോഫി നേടുക എന്നതിനപ്പുറം കൂടുതൽ നന്നായി കളിച്ച് വലിയ നിലവാരത്തിലേക്കു വളരുകയാണു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ബിനോ ജോർജ്, ജിജോ ജോസഫ്, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, ചീഫ് ഓഫ് ബ്യൂറോ ആന്റണി ജോൺ എന്നിവർ പ്രസംഗിച്ചു. 

20 അംഗ ടീമിലെ 17 കളിക്കാരും ആദരം സ്വീകരിക്കാനെത്തിയിരുന്നു. 3 കളിക്കാർക്ക് അസൗകര്യം മൂലം എത്തിച്ചേരാനായില്ല. കെഎഫ്എ പ്രസിഡന്റ് ടോം ജോസ്, ജനറൽ സെക്രട്ടറി പി. അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര സമർപ്പണം. 

ആദ്യമായി കേരളത്തിനു സന്തോഷ് ട്രോഫി സമ്മാനിച്ച 1973 ലെ ടീം അംഗങ്ങളും കേരളത്തിന്റെ യുവ താരനിരയ്ക്ക് ആശംസകളുമായി എത്തിയിരുന്നു. 

വേണ്ടതു ഫുട്ബോൾ അറിയുന്നൊരു പങ്കാളി: ബിനോ ജോർജ്  

കൊച്ചി ∙ ‘‘കല്യാണം കഴിക്കാൻ മറന്നുപോയോ എന്ന ചോദ്യത്തിന് എന്റെ ജീവിതത്തിൽ പുതുമയൊന്നുമില്ല. ഇനി കല്യാണം കഴിച്ചേക്കാമെന്ന തീരുമാനത്തിനു കാരണം എന്തെന്നു ചോദിക്കൂ...’’ – സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ മുഖ്യപരിശീലകൻ ബിനോ ജോർജിന്റ വാക്കുകൾ.  

santoshtro
ബിനോ ജോർജ്

കപ്പുയർത്തിയ ടീമിനെ ആദരിക്കാൻ മലയാള മനോരമ സംഘടിപ്പിച്ച ചടങ്ങിനുശേഷം കളിയാരാധകരുമായി സംസാരിക്കുകയായിരുന്നു ബിനോ. ‘‘കല്യാണത്തെക്കുറിച്ചു മുൻപും ആലോചിച്ചിട്ടുണ്ട്. തീരെ മറന്നിട്ടല്ല. പക്ഷേ ഫുട്ബോളിനായുള്ള ഓട്ടത്തിൽ സമയം കിട്ടിയില്ലെന്നുമാത്രം. ഇപ്പോൾ കല്യാണത്തെക്കുറിച്ചു ഗൗരവമായി ആലോചിക്കുന്നതിന് ഒറ്റക്കാരണമേയുള്ളൂ. ഫുട്ബോൾ ജീവിതത്തിലെ ടെൻഷനുകൾ പങ്കുവയ്ക്കാൻ ഒരാളുവേണം. ബിരുദം, എംഫിൽ, പിഎച്ച്ഡി, കോച്ചിങ് ലൈസൻസിനുള്ള അധ്വാനം, കൊറിയയിൽ താമസിച്ചുള്ള പഠനം, പല നാടുകളിലേക്കു തുടർച്ചയായുള്ള ഫുട്ബോൾ യാത്ര എന്നിങ്ങനെ തിരക്കേറിയ ജീവിതമായിരുന്നു. അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണ.     ’’– ബിനോ പറഞ്ഞു.

മുഹമ്മദ് റാഷിദിന് വീടും സ്ഥലവും

കൽപറ്റ ∙ സന്തോഷ് ട്രോഫി ഫുട്ബോളിൽ ജേതാക്കളായ കേരള ടീമംഗം മുഹമ്മദ് റാഷിദിനു വീടും സ്ഥലവും നൽകുമെന്ന് ടി. സിദ്ദീഖ് എംഎൽഎ അറിയിച്ചു. മുഹമ്മദ് റാഷിദിന്റെ വയനാട്ടിലെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ച ശേഷമാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയത്. റാഷിദിനെ കാണാൻ എത്തിയപ്പോഴാണ് സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്നറിഞ്ഞത്.

 

Content Highlights: Santosh trophy Kerala team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com