കൊൽക്കത്ത ∙ ടെൻഷനടിക്കാതെ കിരീടം നേടാം എന്ന പ്രതീക്ഷയോടെ കളിച്ച ഗോകുലം കേരള എഫ്സിയെ ശ്രീനിധി ഡെക്കാൻ എഫ്സി ‘ഹൈ ടെൻഷൻ’ ഷോക്കടിപ്പിച്ചു. ഗോകുലത്തിനു ശ്രീനിധിക്കെതിരെ അപ്രതീക്ഷിത തോൽവി (1–3). ഐ ലീഗ് ഫുട്ബോളിൽ ഏറെക്കാലത്തിനു ശേഷം തോൽവിയറിഞ്ഞ ഗോകുലത്തിന് ഇനി കിരീടമുറപ്പിക്കാൻ അവസാന മത്സരം തന്നെ ആശ്രയം. കിരീടത്തിലേക്ക് സമനില മതിയാകുമായിരുന്ന കളിയാണ് ഗോകുലം കൈവിട്ടു കളഞ്ഞത്. ആദ്യ പകുതിയിൽ തന്നെ മിസോറം താരം ലാൽറോമാവിയയുടെ ഹാട്രിക്കിൽ ശ്രീനിധി 3–0നു മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്യാപ്റ്റൻ ഷരീഫ് അഹമ്മദിലൂടെ ഗോകുലം ഒരു ഗോൾ മടക്കിയെങ്കിലും പിന്നാലെ ചുവപ്പുകാർഡ് കണ്ട് ക്യാപ്റ്റൻ പുറത്തായതോടെ ഗോകുലത്തിനു ‘റെഡ് സിഗ്‌നൽ’.
കൂടുതൽ ഗോൾ വഴങ്ങാതെ കളി പൂർത്തിയാക്കിയെങ്കിലും രണ്ടാം സ്ഥാനക്കാരായ മുഹമ്മദൻസ് എഫ്സിയുമായുള്ള അവസാന മത്സരം ഗോകുലത്തിന് അതീവ നിർണായകമായി. ഗോകുലത്തിന് 17 കളികളിൽ 40 പോയിന്റുണ്ട്. മുഹമ്മദൻസിന് 37 പോയിന്റ്. 14നു രാത്രി എട്ടിനു നടക്കുന്ന മത്സരത്തിൽ തോൽക്കാതിരുന്നാൽ ഗോകുലത്തിനു കിരീടമുപ്പിക്കാം. എന്നാൽ, മുഹമ്മദൻസ് ജയിച്ചാൽ അവർക്കും 40 പോയിന്റാകും. നേർക്കുനേർ പോരാട്ടത്തിലെ മുൻതൂക്കത്തിൽ കിരീടം കൊൽക്കത്ത ക്ലബ് കൊണ്ടു പോകും. ഇരുടീമുകളും തമ്മിൽ ലീഗിൽ നടന്ന ആദ്യപാദ മത്സരം 1–1 സമനിലയായിരുന്നു.
ഐ ലീഗിൽ 21 മത്സരങ്ങൾ നീണ്ട ഗോകുലത്തിന്റെ അപരാജിത കുതിപ്പിനു കൂടിയാണ് ഇന്നലെ അവസാനമായത്. സീസണിലെ
16 മത്സരങ്ങളിൽ 11 ഗോളുകൾ മാത്രം വഴങ്ങിയ പ്രതിരോധനിര പരാജയമായതോടെ മുൻ ഗോകുലം കോച്ച് ഫെർണാണ്ടോ വലേര പരിശീലിപ്പിക്കുന്ന ശ്രീനിധി ടീം ഗോകുലം ബോക്സിൽ തുടർ മുന്നേറ്റങ്ങളുമായെത്തി. ആദ്യപാദത്തിൽ ഗോകുലത്തിൽ നിന്നേറ്റ
1–2 തോൽവിക്കും അവർ പകരം വീട്ടി. പരുക്കേറ്റ സ്‌ലൊവേനിയൻ സ്ട്രൈക്കർ ലൂക്ക മെയ്സന് കളിക്കാനാവാത്തത് ഗോകുലത്തിന്റെ മുന്നേറ്റങ്ങളുടെ മൂർച്ച കുറച്ചു.
∙21 മത്സരങ്ങൾക്കു ശേഷം ഐ ലീഗിൽ തോൽവിയറിഞ്ഞ് ഗോകുലം
∙ശ്രീനിധിയുടെ മിസോറം താരം ലാൽറോമാവിയയ്ക്കു ഹാട്രിക്
∙ഗോകുലത്തിന് 17 കളികളിൽ 40 പോയിന്റ്, രണ്ടാമതുള്ള മുഹമ്മദൻസിന് 37 പോയിന്റ്
∙ഗോകുലം–മുഹമ്മദൻസ് മത്സരം 14ന്; സമനില നേടിയാൽ ഗോകുലത്തിനു കിരീടം
English Summary: I League; Gokulam defeated by Sreenidi