സൂറിക് ∙ ലോകപ്രശസ്ത ഫുട്ബോൾ വിഡിയോ ഗെയിമായ ‘ഫിഫ’യ്ക്കു പേരുമാറ്റം. ഗെയിമിന്റെ നിർമാതാക്കളായ ഇഎ സ്പോർട്സിന് ലോകഫുട്ബോൾ ഭരണസമിതിയായ ഫിഫയുമായി കരാർ പുതുക്കാൻ കഴിയാതെ വന്നതോടെയാണിത്. ‘ഇഎ സ്പോർട്സ് എഫ്സി’ എന്ന പുതിയ പേരിലാകും ഇനി ഗെയിം വിപണിയിൽ അവതരിപ്പിക്കുക. അതേസമയം ഫിഫയാകട്ടെ, പുതിയ വിഡിയോ ഗെയിം നിർമാതാക്കളുമായി കൈകോർക്കുമെന്നും അറിയിച്ചു. ലോകമെമ്പാടും ‘ഫിഫ’ എന്ന പേരു പ്രശസ്തമാക്കുന്നതിൽ വിഡിയോ ഗെയിം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2015ൽ ഫിഫയിലെ പ്രമുഖരെ അഴിമതിക്കേസിൽ അറസ്റ്റു ചെയ്തപ്പോൾ പോലും രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയുടെ സൽപ്പേരു നിലനിർത്തിയതിൽ ഈ വിഡിയോ ഗെയിം വലിയ പങ്കുവഹിച്ചിരുന്നു.
English Summary: FIFA to Officially Change Its Name