ADVERTISEMENT

കൊൽക്കത്ത ∙ ഗോകുലം കേരള എഫ്സിക്ക് അനായാസം കൈക്കലാക്കാമായിരുന്ന ഐ ലീഗ് കിരീടമാണ് കഴിഞ്ഞ ദിവസം രാത്രി ശ്രീനിധി ഡെക്കാൻ എഫ്സി എടുത്തു മാറ്റിവച്ചത്! നിലവിലെ ചാംപ്യന്മാരായ ഗോകുലത്തെ 3–1നു തോൽപിച്ച ശ്രീനിധി അതോടെ ഐ ലീഗ് ഫുട്ബോളിനു സമ്മാനിച്ചത് ഉഗ്രനൊരു ഫോട്ടോഫിനിഷ് പോരാട്ടം. 14നു രാത്രി 8ന് കൊ‍ൽക്കത്ത ഫുട്ബോളിന്റെ തറവാടായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ലീഗിലെ അവസാന മത്സരത്തിൽ നാട്ടുകാരായ മുഹമ്മദൻസും ഗോകുലം കേരള എഫ്സിയും നേർക്കുനേർ. ജയിക്കുകയോ സമനില പിടിക്കുകയോ ചെയ്താൽ കപ്പ് ഗോകുലത്തിനു സ്വന്തം. ഐ ലീഗ് കിരീടം നിലനിർത്തുന്ന ആദ്യ കേരള ക്ലബ് എന്ന ചരിത്രവും കൂടെ വരാൻ കാത്തുനിൽക്കുന്നു. മറുവശത്തു മുഹമ്മദൻസിനു മുന്നിൽ മാർഗമൊന്നേയുള്ളൂ; ജയിക്കുക, അല്ലെങ്കിൽ കീഴടങ്ങുക!

∙ ശ്രീനിധി ഞെട്ടിച്ചു

ശ്രീനിധിയെ നേരിടുന്ന മത്സരത്തിനു മുൻപ് മുഹമ്മദൻസുമായി ഗോകുലത്തിന് 6 പോയിന്റ് വ്യത്യാസമുണ്ടായിരുന്നു. കളി തോൽക്കാതിരുന്നാൽ ചാംപ്യന്മാരാകാം എന്ന അവസ്ഥ. പക്ഷേ, കളി നേരേ തിരിച്ചായിരുന്നു. മുൻ ഗോകുലം കോച്ച് ഫെർണാണ്ടോ വരേലയുടെ ടീമിനു വേണ്ടി 3 ഗോളുകളും നേടിയതും മുൻ ഗോകുലം താരമാണ്– മിസോറമിൽനിന്നുള്ള ലാ‍ൽറോമാവിയ.

തിരിച്ചടിക്കു നേതൃത്വം നൽകിയ ക്യാപ്റ്റൻ ഷരീഫ് അഹമ്മദ് ഒരു ഗോൾ മടക്കിയെങ്കിലും പിന്നാലെ മാർച്ചിങ് ഓർഡർ കിട്ടി പുറത്തായതു ഗോകുലത്തിന്റെ ശക്തി ചോർത്തിക്കളഞ്ഞു. ഗോകുലം സീസണിലെ ആദ്യ തോൽവി വഴങ്ങിയപ്പോൾ മറുപുറത്ത് രാജസ്ഥാൻ എഫ്സിയെ 2–0ന് തോൽപിച്ച് മുഹമ്മദൻസ് ജീവശ്വാസം തിരിച്ചുപിടിച്ചു. നിലവിൽ ഗോകുലം തന്നെയാണു ലീഗിൽ ഒന്നാമതെങ്കിലും മുഹമ്മദൻസുമായി വ്യത്യാസം 3 പോയിന്റ് മാത്രം. ഗോകുലം: 17 കളി, 40 പോയിന്റ്; മുഹമ്മദൻസ്: 17 കളി, 37 പോയിന്റ്.

∙ ഫോട്ടോഫിനിഷ്

അവസാന മത്സരത്തിൽ‌ ഗോകുലത്തിനും മുഹമ്മദൻസിനും മുന്നിലുള്ള വിജയഫോർമുല സിംപിളാണ്. ഗോകുലത്തിന് ജയമോ സമനിലയോ ധാരാളം. മുഹമ്മദൻസിനു മുന്നിൽ ഒരേയൊരു വഴി മാത്രം– ജയിക്കുക. ലീഗിന്റെ ആദ്യറൗണ്ടിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ 1–1 സമനിലയായിരുന്നു. 

English Summary: I League football; Gokulam vs Mohammedan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com