ADVERTISEMENT

ഐ ലീഗ് ഫുട്ബോളിൽ മുഹമ്മദൻസിനെതിരെ നിർണായക മത്സരത്തിനിറങ്ങുന്ന ഗോകുലം കേരള എഫ്സിയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരാൾ മുഹമ്മദൻസ് നിരയിലുണ്ട്– മുൻ ഗോകുലം താരം കൂടിയായ മാർക്കസ് ജോസഫ്! 15 ഗോളുകളുമായി ലീഗിലെ ടോപ് സ്കോറർ പോരാട്ടത്തിൽ ഒന്നാമനാണ് ഈ ട്രിനിഡാഡ് താരം. എന്നാൽ ഗോകുലം ആരാധകരുടെ ‘പ്രഷർ’ കുറയ്ക്കുന്ന ഒരു വാർത്തയുമുണ്ട്– ടീമിന്റെ കുന്തമുന സ്‌ലൊവേനിയൻ സ്ട്രൈക്കർ ലൂക്ക മെയ്സൻ ഇന്നു കളിക്കും. 13 ഗോളുകളുമായി മാർക്കസിനു തൊട്ടു പിന്നിലുണ്ട് ലൂക്ക. ഗോകുലം ആരാധകർക്ക് ഏറെ പ്രിയപ്പെട്ട 2 സൂപ്പർ താരങ്ങളുടെ ‘ടോപ് സ്കോറർ പോരാട്ടം’ കൂടിയാണ് സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ഇന്നു നടക്കുക.

ഇഷ്ടമാണ്, പക്ഷേ...

മുപ്പത്തിയൊന്നുകാരനായ മാർക്കസിന്റെ ജന്മനാട് കരിബീയൻ ദ്വീപ് രാഷ്ട്രമായ ട്രിനിഡാഡ് ആൻഡ് ടുബാഗോയാണ്. 2018ൽ ഗോകുലം വഴിയാണ് ഇന്ത്യയിലെത്തിയത്. പിറ്റേ വർഷം ഗോകുലം ഡ്യുറാൻഡ് കപ്പ് നേടിയപ്പോൾ ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരവും മാർക്കസിനായിരുന്നു. മാർക്കസിന്റെ ബൂട്ടുകൾ ‘നിശ്ശബ്ദ’മാവണേ എന്ന് ഗോകുലം ആരാധകർ പ്രാർഥിച്ചു തുടങ്ങിയത് കഴിഞ്ഞ വർഷം ജൂലൈ മുതലാണ്– ഗോകുലം വിട്ട് മുഹമ്മദൻസിലേക്കു പോയതോടെ!

സ്ട്രൈക്ക് ഫ്രം സ്‌ലൊവേനിയ

സ്‍ലൊവേനിയ യുഗോസ്‌‍ലാവിയയുടെ ഭാഗമായിരുന്ന കാലത്ത് 1989 ജൂലൈ 25നാണ് ലൂക്ക ജനിച്ചത്. ജുബ്ലിയാനയിൽ നിന്നുള്ള ഇന്റർബ്ലോക്ക് ക്ലബ്ബിലൂടെയാണ് പ്രഫഷനൽ ഫുട്ബോളിലെത്തിയത്. 2020ൽ ചർച്ചിൽ ബ്രദേഴ്സിലൂടെ ഇന്ത്യയിലെത്തി. കഴിഞ്ഞ സീസണിൽ ഐ ലീഗ് ടോപ് സ്കോറർമാരിൽ രണ്ടാമതായിരുന്നു. ഈ വർഷം ജനുവരിയിലാണ് ഗോകുലത്തിലെത്തിയത്. സീസണിൽ ഒരു ഹാട്രിക്കും ലൂക്കയുടെ പേരിലുണ്ട്. കെങ്ക്രെ എഫ്സിക്കെതിരെ ഗോകുലം 6–2നു ജയിച്ച മത്സരത്തിലായിരുന്നു അത്.

ഗോളടിയാണ് മെയ്ൻ...

സീസണിൽ ഗോകുലം ഇതുവരെ നേടിയ 42 ഗോളുകളിൽ പതിമൂന്നും ലൂക്കയുടേതാണ്. 13 ഗോളുകളുമായി പഞ്ചാബ് എഫ്സിയുടെ കർട്ടിസ് ഗുത്രിയും ടോപ് സ്കോറർ മത്സരത്തിൽ ലൂക്കയ്ക്കൊപ്പം രണ്ടാമതുണ്ട്. ഗോകുലത്തിനു വേണ്ടി കൂടുതൽ അസിസ്റ്റുകളും (5) മാൻ ഓഫ് ദ് മാച്ച് പുരസ്കാരങ്ങളും (5) മുപ്പത്തിരണ്ടുകാരൻ ലൂക്കയുടെ പേരിൽത്തന്നെ. ലൂക്കയും ജോർദാൻ ഫ്ലെച്ചറും ചേർന്ന കൂട്ടുകെട്ടായിരുന്നു ഗോകുലത്തിന്റെ കുന്തമുന. ജമൈക്കൻ താരം ഫ്ലെച്ചർ ഇതുവരെ നേടിയത് 9 ഗോളുകൾ. 

മുഹമ്മദൻസ് നിരയിൽ രണ്ടാമതുള്ള മോണ്ടിനെഗ്രോ താരം ആഞ്ചെലോ റുഡോവിച് നേടിയത് 4 ഗോളുകൾ മാത്രം. എന്നാൽ മിഡ്ഫീൽഡിൽ നിന്ന് മാർക്കസിന് നിരന്തരം പന്തെത്തിക്കുന്ന നിക്കോള സ്റ്റോയനോവിച്ചിനെ ഗോകുലം ശരിക്കും പേടിക്കണം. 9 അസിസ്റ്റുകളുമായി ലീഗിൽ ഒന്നാമനാണ് സെർബിയൻ താരം.

English Summary: I League football; Marcus Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com