ADVERTISEMENT

ഇറ്റാലിയൻ ക്ലബ്ബായ വെനീസ്യയ്ക്കു വേണ്ടി സീരി എ ലീഗിൽ കളിച്ചിട്ടുണ്ട് വിഞ്ചെൻസോ ആൽബർട്ടോ അനിസെ. സീരി എ ഫുട്ബോൾ വിടാതെ കാണാറുമുണ്ട്. കഴിഞ്ഞ ദിവസം വമ്പൻ ക്ലബ്ബായ എഎസ് റോമയെ സമനിലയിൽ പിടിച്ചെങ്കിലും വെനീസ്യ ഇത്തവണ സീരി എയിൽ നിന്നു തരംതാഴ്ത്തപ്പെടുമെന്ന നിരാശയിലാണ് ഈ മുൻതാരം. എങ്കിലും അതെല്ലാം മറികടക്കുന്ന ആഹ്ലാദത്തിലാണ് ഇപ്പോൾ കളിക്കാരെപ്പോലെ ചുള്ളനായ ഈ മുപ്പത്തേഴുകാരൻ കോച്ച്– ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്കൊപ്പം കിരീടം! 

ആഘോഷങ്ങൾക്കും സ്വീകരണങ്ങൾക്കുമായി കേരളത്തിലേക്കു വരും മുൻപ് ഒരു ദൗത്യം കൂടി അനിസെയുടെ ഗോകുലം ടീമിന് കൊൽക്കത്തയിൽ പൂർത്തിയാക്കാനുണ്ട്. ഏഷ്യൻ വൻകര ക്ലബ് ചാംപ്യൻഷിപ്പായ എഎഫ്സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടം. ആദ്യ മത്സരത്തിൽ നാളെ ഐഎസ്എൽ ക്ലബ്ബായ എടികെ മോഹൻ ബഗാനെ നേരിടുകയാണ് ഗോകുലം. അനിസെ സംസാരിക്കുന്നു. 

ഐ ലീഗ്–ഐഎസ്എൽ കിടമത്സരമാകുമോ ഗോകുലം–ബഗാൻ പോരാട്ടം? 

ഐ ലീഗ്–ഐഎസ്എൽ മത്സരമായിട്ടല്ല, ഏഷ്യൻ മത്സരമായിട്ടാണ് ഇതിനെ കാണുന്നത്. ഗ്രൂപ്പിലെ മറ്റു ടീമുകളായ ബംഗ്ലദേശ് ക്ലബ് ബഷുന്ധര കിങ്സ്, മാലദ്വീപ് ക്ലബ് മാസിയ എന്നിവരെപ്പോലെത്തന്നെ ബഗാനെയും കാണുന്നു. 

ഐ ലീഗ് സീസണിൽ മലയാളി താരങ്ങളുടെ പ്രകടനം? 

13 മലയാളി താരങ്ങളാണ് സീസണിൽ ഗോകുലത്തിനു വേണ്ടി കളിച്ചത്. ഒരു പക്ഷേ ഒരു സീസണിൽ ഏറ്റവും കൂടുതൽ. ഏറ്റവും മികച്ച കളിക്കാരെയാണ് ഞാൻ ആദ്യ ഇലവനിലും റിസർവ് നിരയിലുമായി ഇറക്കാറുള്ളത്. അതിലേക്കു സ്ഥിരമായി തിരഞ്ഞെടുക്കപ്പെടുന്നു എന്നതു തന്നെ അവരുടെ മികവിനു തെളിവാണ്.  

അടിച്ചത് 44 ഗോളുകൾ; വഴങ്ങിയത് 15 ഗോളുകളും. ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച ശൈലിയായിരുന്നു ഇത്തവണ ഗോകുലത്തിന്റേത്..

ഇറ്റാലിയൻ പരിശീലകനായതു കൊണ്ടു തന്നെ പ്രതിരോധം എന്റെ രക്തത്തിലുണ്ട്. പക്ഷേ ഇറ്റാലിയൻ ഫുട്ബോൾ മാറിയതു പോലെ ആക്രമണ ഫുട്ബോൾ എനിക്കിഷ്ടമാണ്. സ്പെയിനിലെയും ഇംഗ്ലണ്ടിലെയും ലീഗുകളിലെപ്പോലെ സ്കോറിങ് ഇപ്പോൾ ഇറ്റാലിയൻ സീരി എയിലുമുണ്ടല്ലോ..

ഇന്ത്യൻ ഫുട്ബോൾ മെച്ചപ്പെടുന്നുണ്ടോ? ഇനി എന്താണ് ചെയ്യേണ്ടത്?

ലോക ഫുട്ബോളിൽ തന്നെ അറിയപ്പെട്ട ഏതെങ്കിലും ‘വിഷനറി’ ആയ ഒരു കോച്ച് ആണ് ഇന്ത്യയ്ക്കു വേണ്ടത് എന്നാണ് എനിക്കു തോന്നുന്നത്. അദ്ദേഹത്തിനു കുറച്ചു സമയവും സമ്പൂർണ സ്വാതന്ത്ര്യവും നൽകണം. 

ഭാവി പദ്ധതികൾ‍? 

ഇറ്റലി എപ്പോഴും എന്നെ ഉള്ളിൽ നിന്നു തിരിച്ചു വിളിക്കുന്നുണ്ട്. സീരി എയിൽ ഒരു ക്ലബ്ബിന്റെ പരിശീലകനാവണം എന്നതാണ് വലിയ ആഗ്രഹം.

English Summary: Interview with Gokulam Kerala FC Coach Vincenzo Alberto Annese

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com