കൊല്‍ക്കത്ത∙ ഐ ലീഗ് വിജയത്തിന്റെ ആവേശത്തിനിടെ വീണ്ടും വിജയക്കുതിപ്പുമായി ഗോകുലം കേരള എഫ്സി. എഎഫ്സി കപ്പ് ചാംപ്യന്‍ഷിപ്പില്‍ ഐഎസ്‌എല്‍ ക്ലബ്ബായ എടികെ മോഹന്‍ ബഗാനെ പരാജയപ്പെടുത്തിയാണ് ഗോകുലം കേരള ചരിത്രമെഴുതിയത്. എഎഫ്‌സി ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തില്‍ 4-2 എന്ന സ്‌കോറിനാണ് ഗോകുലത്തിന്റെ ജയം.
ലൂക്ക മെയ്‌സന്‍, മലയാളി താരങ്ങളായ റിഷാദ്, ജിതിന്‍ എന്നിവരാണ് ഗോകുലത്തിന് വേണ്ടി ഗോളുകള്‍ സ്വന്തമാക്കിയത്. ജയത്തോടെ ആദ്യമായി ഒരു കേരള ക്ലബ് എഎഫ്സി മത്സരം വിജയിക്കുക എന്ന നേട്ടം സ്വന്തമാക്കാനും ഗോകുലം കേരളയ്ക്ക് സാധിച്ചു.
അഞ്ച് മലയാളി താരങ്ങളുമായി ഇറങ്ങിയ ഗോകുലത്തിനു വേണ്ടി രണ്ടു മലയാളി താരങ്ങളും ഗോൾ നേടി. ഗോൾരഹിത ആദ്യ പകുതിക്കു ശേഷം 50ാം മിനിറ്റില്‍ സ്ലോവേനിയന്‍ താരം ലൂക്ക മെജ്‌സനാണ് ആദ്യ ഗോള്‍ നേടിയത.് മൂന്നു മിനിറ്റിനു ശേഷം 53ാം മിനിറ്റില്‍ പ്രീതം കോട്ടാലിന്റെ ഗോളില്‍ എടികെ സമനില പിടിച്ചു.
57ാം മിനിറ്റില്‍ റിഷാദിന്റെ ഉഗ്രൻ ഫിനിഷിലൂടെ ഗോകുലം വീണ്ടും മുന്നിലെത്തി. ഫ്ലച്ചറിന്റെ മികച്ച ഒരു പാസിൽ മലപ്പുറത്തുകാരൻ റിഷാദ് ലീഡ് നേടുകയായിരുന്നു. സമനില ഗോളിനായി എടികെ പൊരുതുന്നതിനിടെ ഗോകുലത്തിന്റെ മൂന്നാം ഗോളും പിറന്നു. ഫ്ലച്ചറിന്റെ പാസില്‍നിന്ന് ലൂക്ക തന്നെയായിരുന്നു ഗോകുലത്തിന് മൂന്നാം ഗോള്‍ സമ്മാനിച്ചത്.
സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ജയം കൊതിച്ച എടികെ ഗോളിനായി കഠിനശ്രമം നടത്തികൊണ്ടിരുന്നു. പക്ഷേ ഗോള്‍ ശ്രമങ്ങളെല്ലാം ഗോകുലം പ്രതിരോധം പരാജയപ്പെടുത്തി. ഒടുവില്‍ 80ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് ലിസ്റ്റന്‍ കൊളാസോയുടെ ഗോള്‍ വന്നു. ഇതോടെ സ്‌കോര്‍ 3-2 എന്ന നിലയിലായി.
സമനില ഗോളിനായി എടികെ താരങ്ങള്‍ മുഴുവന്‍ ഗോകുലത്തിന്റെ ഗോള്‍ മുഖം അക്രമിച്ചുകൊണ്ടിരുന്നു. ഈ സമയത്ത് വീണുകിട്ടിയ അവസരം ഗോകുലം മുതലെടുത്ത് സ്‌കോര്‍ 4-2 എന്നാക്കി മാറ്റി. 89ാം മിനിറ്റില്‍ ലൂക്കയുടെ പാസില്‍ നിന്ന് ജിതിനാണ് നാലാം ഗോള്‍ നേടിയത്.
ഗ്രൂപ്പില്‍ ഗോകുലത്തിന് ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. 21ന് മാലദ്വീപ് ക്ലബ് മസിയക്കെതിരെയും 24ന് ബംഗ്ലദേശ് ക്ലബ് ബഷുന്ധര കിങ്‌സിനെതിരെയുമാണ് ഗോകുലത്തിന്റെ അടുത്ത രണ്ട് മത്സരങ്ങള്‍. ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ മൂന്നു പോയിന്റുമായി ഗോകുലം കേരളയാണ് ഇപ്പോള്‍ ഒന്നാമത്.
English Summary: AFC Cup: Gokulam Kerala stun ATK Mohun Bagan 4-2