ലണ്ടൻ ∙ ഒന്നു നെഞ്ചിടിച്ചെങ്കിലും ഒടുവിൽ സിറ്റി വിജയവും കിരീടവും കയ്യിലൊതുക്കി. ഇംഗ്ലിഷ് പ്രിമിയർ ലീഗ് സീസണിലെ അവസാന മത്സരത്തിൽ ആസ്റ്റൻ വില്ലയ്ക്കെതിരെ 3–2 ജയത്തോടെയാണ് സിറ്റിയുടെ കിരീടധാരണം. 0–2ന് പിന്നിലായ ശേഷം തിരിച്ചടിച്ചാണ് സിറ്റിയുടെ ജയം. അവസാന 25 മിനിറ്റുകളിലായിരുന്നു സിറ്റിയുടെ 3 ഗോളുകളും. പോയിന്റ് പട്ടികയിൽ തൊട്ടു പിന്നിലുണ്ടായിരുന്നു ലിവർപൂൾ അവസാന മത്സരത്തിൽ വൂൾവ്സിനെ 3–1നു തോൽപിച്ചത് ഇതോടെ വെറുതെയായി. അവസാന പോയിന്റ് നില ഇങ്ങനെ: മാഞ്ചസ്റ്റർ സിറ്റി– 93 പോയിന്റ്, ലിവർപൂൾ–92 പോയിന്റ്!
സിറ്റിയുടെ മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിൽ അവരെ വിറപ്പിച്ചതിനു ശേഷമാണ് മുൻ ലിവർപൂൾ ക്യാപ്റ്റൻ സ്റ്റീവൻ ജെറാർദ് പരിശീലിപ്പിക്കുന്ന ആസ്റ്റൻ വില്ല കീഴടങ്ങിയത്. മാറ്റി ക്യാഷ് (37–ാം മിനിറ്റ്), ഫിലിപ്പെ കുടീഞ്ഞോ (69–ാം മിനിറ്റ്) എന്നിവരുടെ ഗോളിൽ വില്ല മുന്നിലെത്തിയതോടെ സിറ്റി കപ്പിനും ചുണ്ടിനുമിടയിൽ കിരീടം കൈവിടുമോയെന്ന ആശങ്കയിലായി ആരാധകർ. അവസാന 25 മിനിറ്റിലാണ് ഒടുവിൽ കളി മാറിയത്. ഇൽകായ് ഗുണ്ടോവന്റെ ഇരട്ടഗോളും (76,81 മിനിറ്റുകൾ) റോഡ്രിയുടെ ഗോളും (78–ാം മിനിറ്റ്) വന്നതോടെ സിറ്റിക്ക് നാടകീയ ജയം.
ഇതോടെ ലിവർപൂളിന്റെ 3–1 ജയം ആഘോഷമില്ലാതെയായി. 2–ാം മിനിറ്റിൽ പെദ്രോ നെറ്റോയുടെ വൂൾവ്സ് മുന്നിലെത്തിയെങ്കിലും 24–ാം മിനിറ്റിൽ മുഹമ്മദ് സലായുടെ ഗോളിൽ ലിവർപൂൾ തിരിച്ചടിച്ചു. സലാ തന്നെ ലിവർപൂളിന്റെ രണ്ടാം ഗോളും (84–ാം മിനിറ്റ്) ആൻഡി റോബർട്സൻ മൂന്നാം ഗോളും (89–ാം മിനിറ്റ്) നേടി.
English Summary: English Premier League: Manchester City defend title, stage comeback from two goals behind